X

എസ്.എഫ്.ഐ നേതാക്കളുടെ വ്യാജ സര്‍ട്ടിഫിക്കറ്റ്, ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണം; എം.എസ്.എഫ്

കേരളത്തിലെ വിദ്യാലയങ്ങളെ മലിനപ്പെടുത്തുന്ന എസ്.എഫ്.ഐ നേതാക്കളുടെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ പിടിക്കപ്പെടുന്നതില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് എം.എസ്.എഫ് സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. ദിവസങ്ങള്‍ വ്യത്യാസത്തില്‍ എസ്.എഫ്.ഐ നേതാക്കളുടെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ പിടിക്കപ്പെടുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് പി.എച്ച്.ഡിക്ക് അടക്കം എസ്. എഫ്.ഐ നേതാക്കള്‍ പ്രവേശനം നേടുന്നു. എസ്.എഫ്.ഐ നേതാവ് വിദ്യയെ വ്യാജ സര്‍ട്ടിഫിക്കെറ്റിന്റെ പേരില്‍ പിടിക്കപ്പെട്ടിട്ട് ദിവസങ്ങള്‍ മാത്രം പിന്നിടവെയാണ് കായംകുളം എം.എസ്.എം കോളേജിലെ രണ്ടാം വര്‍ഷ എം.കോം വിദ്യാര്‍ഥി നിഖില്‍ തോമസ് എം.കോം പ്രവേശനത്തിനായി വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചതായി പുറത്ത് വരുന്നത്.

പ്രവേശനം ലഭിക്കാനായി 2019-21 കാലത്തെ കലിംഗ യൂണിവേഴ്‌സിറ്റിയുടെ ബി.കോം സര്‍ട്ടിഫിക്കറ്റ് നിഖില്‍ ഹാജരാക്കിയിട്ടുണ്ട്. എന്നാല്‍ കായംകുളത്തും കലിംഗ യൂണിവേഴ്‌സിറ്റിയിലും ഒരേ കാലത്ത് നിഖില്‍ തോമസ് എങ്ങനെ പഠിച്ചു എന്നതാണ് ദുരൂഹത. പുറത്ത് വന്ന കേസുകളിലെല്ലാം എസ്.എഫ്.ഐ നേതാക്കള്‍ ഉള്‍പ്പെടുന്നത് സംഘടനയുടെ സഹായം കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ട്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരില്‍ എസ്.എഫ്.ഐ നേതാക്കള്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കുന്നതില്‍ പാര്‍ട്ടിയുടെ പങ്കും പിന്തുണയും അന്വേഷണം നടത്തണം. എസ്.എഫ്.ഐയുടെ സംസ്ഥാന സെക്രട്ടറി അടക്കം ഗുരുതരമായ ആരോപണങ്ങള്‍ക്ക് മറുപടിയില്ലാതെ നില്‍ക്കുകയാണ്. ഒന്നാം സെമസ്റ്ററില്‍ നൂറില്‍ നൂറ് വാങ്ങിയ ആര്‍ഷോ രണ്ടാം സെമസ്റ്ററില്‍ ‘സംപൂജ്യ’നായ മഹാരാജാസിലെ പരീക്ഷ വിചിത്രതയും അന്വേഷണം നടത്തണം. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യതയെ തന്നെ തകര്‍ക്കുന്ന വ്യാജന്മാര്‍ക്കെതിരെ നടപടി എടുക്കണമെന്നും എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്, ജന:സെക്രട്ടറി സി കെ നജാഫ്, അഷ്ഹര്‍ പെരുമുക്ക് എന്നിവര്‍ പറഞ്ഞു.

webdesk11: