X

ഒഡീഷ മുന്‍ മുഖ്യമന്ത്രി ഗിരിഥര്‍ ഗമാംഗ് കോണ്‍ഗ്രസിലേക്ക്; കൂടെ മുന്‍ എംപിയും

മുന്‍ ഒഡീഷ മുഖ്യമന്ത്രി ഗിരിഥര്‍ ഗമാംഗും മുന്‍ എം.പി ജയ്‌റാം പംഗിയും കോണ്‍ഗ്രസില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്. 2024 ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ് ഇരുനേതാക്കളും പാര്‍ട്ടിയിലെത്തുമെന്ന് കോണ്‍ഗ്രസ് എം.എല്‍.എ താരാപ്രസാദ് ബാഹിനിപതി പറഞ്ഞു. ഗമാംഗ് സംസ്ഥാനത്തെ ഗോത്ര വിഭാഗത്തില്‍ നിന്നുള്ള പ്രധാനപ്പെട്ട നേതാവാണെന്നും ഒമ്പത് തവണ പാര്‍ലമെന്റിലേക്ക് വിജയിച്ചിട്ടുള്ളയാളുമാണെന്നും ബാഗിനിപതി പറഞ്ഞു.

ഗമാംഗ് മുന്‍ മുഖ്യമന്ത്രിയും സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷനുമായിരുന്നു. കോണ്‍ഗ്രസില്‍ നിന്ന് അദ്ദേഹം രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു. എന്നാല്‍ ഇത്രയും കാലത്തിനിടക്ക് സോണിയാ ഗാന്ധിക്കെതിരെയോ ഹൈക്കമാന്‍ഡിനെതിരെയോ ഒരു വാക്ക് പോലും മോശമായി പറഞ്ഞിട്ടില്ല. അതിനാല്‍ അദ്ദേഹത്തിന് കോണ്‍ഗ്രസിലേക്ക് മടങ്ങിവരാമെന്നും ബാഹിനിപതി പറഞ്ഞു.

ഗമാംഗും മകന്‍ ശിശിറും അടുത്തിടെ സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ ചുമതലയുള്ള എ.ഐ.സി.സി നേതാവ് എ ചെല്ലകുമാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ സാറത് പട്ടനായകിന്റെയും കോരാപുട്ട് എം.പി സപ്തഗിരി ഉലകയുടെയും സാന്നിദ്ധ്യത്തിലായിരുന്നു കൂടിക്കാഴ്ച. കോണ്‍ഗ്രസില്‍ ചേരാനുള്ള തങ്ങളുടെ താല്‍പര്യം നേരത്തെ തന്നെ പ്രകടിപ്പിച്ചിരുന്നുവെന്ന് ശിശിര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജയ്‌റാം പംഗി 2009ല്‍ ബിജെഡി എം.പിയായി വിജയിക്കുകയും പിന്നീട് ബി.ജെ.പിയില്‍ ചേരുകയുമായിരുന്നു. നാല് തവണ എംഎല്‍എയുമായിരുന്നു.

webdesk13: