X

രക്ഷിക്കാന്‍ ശ്രമിച്ച തോണിക്കാരെ വിലക്കി; പോലീസിനെ ഭയന്ന് പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം: പോലീസിനെ ഭയന്ന് പുഴയില്‍ ചാടി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആനാപ്പടി തൃപ്പങ്ങോട്ട് ഇസ്മയിലന്റെ മകന്‍ അന്‍വര്‍ (37)ന്റെ മൃതദേഹമാണ് പുഴയില്‍ നിന്ന് കണ്ടെടുത്തത്. അന്‍വര്‍ കൂട്ടുകാരനുമൊത്ത് പുഴയുടെ പരിസരത്ത് ഇരിക്കുമ്പോഴാണ് പോലീസ് വാഹനം എത്തിയത്. പോലീസിനെ കണ്ടതോടെ രണ്ട് യുവാക്കളും ഭയന്ന് പുഴയിലേക്ക് എടുത്തു ചാടുകയായിരുന്നു. ഒരാളെ നാട്ടുകാര്‍ അപ്പോള്‍ തന്നെ രക്ഷപ്പെടുത്തി. തിരൂരില്‍ ഇന്നലെ ഉച്ചയോടെയാണ് സംഭവം.

അന്‍വറിനായി പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ഇന്നലെ മുഴുവന്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ഇന്ന് വീണ്ടും നാട്ടുകാരും മത്സ്യതൊഴിലാളികളും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് അന്‍വറിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം തിരൂര്‍ ജില്ല ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം കൊവിഡ് പരിശോധനക്ക് വിധേയമാക്കിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും.

യുവാക്കള്‍ പുഴയില്‍ ചാടിയപ്പോള്‍ രക്ഷിക്കാനെത്തിയ തോണിക്കാരെ പോലീസ് വിലക്കിയത് വിവാദമായിരുന്നു. അവര്‍ വേണമെങ്കില്‍ രക്ഷപെടട്ടെ എന്ന് പോലീസുകാര്‍ തോണിക്കാരോട് പറഞ്ഞതായും ആരോപണം ഉയര്‍ന്നിരുന്നു. സംഭവത്തില്‍ തുടരന്വേഷണം വേണമെന്നും ഇല്ലെങ്കില്‍ ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും പ്രദേശവാസികള്‍ പറഞ്ഞിരുന്നു. യുവാക്കള്‍ മണല്‍കടത്തുകാരാണെന്ന് തെറ്റിദ്ധരിച്ചാണ് പോലീസുകാര്‍ അവരുടെ അടുത്തെത്തിയതെന്നും ദൃക്‌സാക്ഷി പറഞ്ഞു.

 

chandrika: