X

നാലുപതിറ്റാണ്ടോളം നുകര്‍ന്ന സ്നേഹാദരം ; സലാം മുസ്‌ലിയാര്‍ സലാം പറയുകയാണ് കൊച്ചിയങ്ങാടിയോട്

നൗഷാദ് അണിയാരം
പാനൂർ

വിശുദ്ധ റമസാൻ വിടപറയാൻ ഒരുങ്ങവെ പെരുന്നാൾ തിരക്കിലലിഞ്ഞുചേരുകയാണ് നാടും നഗരവും. പവിത്രമാസം സലാം പറഞ്ഞ് മടങ്ങുമ്പോള്‍ ഹൃദയവേദനയോടെയാണ് വിശ്വാസി സമൂഹം യാത്രചൊല്ലുന്നത്. വ്രതാനുഷ്ടാനത്താലും രാത്രി നമസ്കാരങ്ങള്‍ കൊണ്ടും ഹൃദയ വിശുദ്ധി തീര്‍ത്ത മാസം. പുണ്യമാസം വിടപറയുമ്പോള്‍ തറാവീഹിന് നേതൃസ്ഥാനത്ത് നിന്ന് നാല് പതിറ്റാണ്ട് പിന്നിടുന്ന ഒരാളുണ്ട് ഇവിടെ, പുല്ലൂക്കര കൊച്ചിയങ്ങാടി മസ്ജിദുല്‍ ഖുറെെഷിയില്‍. മതപഠനം നല്‍കുകുക വഴി ഒരു ദേശത്തെ നേരിലേക്ക് നയിച്ച സലാം മുസ്‌ലിയാര്‍. ശ്രുതിമധുരമായി ഖുർആൻ പാരായണത്തിന്റെ തനിമ നഷ്ടപ്പെടാതെ തറാവീഹ് നമസ്കാരത്തിലേക്ക് ആരെയും ആകര്‍ഷിക്കുന്നതാണ് ശബ്ദ സൗകുമാര്യം.

കോഴിക്കോട് കൊടുവള്ളി സ്വദേശിയായ ഇദ്ദേഹം 42 വർഷമായി പുല്ലൂക്കര കൊച്ചിയങ്ങാടിയിലെ മസ്ജിദുൽ ഖുറൈഷിയിലുണ്ട്. നമസ്കാര നേതൃത്വത്തോടൊപ്പം സമീപത്തെ നൂറുൽ ഇസ്‌ലാം ഹയർസെക്കന്ററി മദ്രസയിൽ പ്രധാനാധ്യാപകനുമാണിദ്ദേഹം. തലമുറകളെ മതപoനത്തിൻ്റെ ഉന്നത മൂല്യങ്ങളിലേക്ക് നയിച്ച ധന്യ ജീവിതം തീര്‍ക്കും നാടിന്റെ പ്രിയപ്പെട്ട ഗുരുനാഥന്‍. കൊടുവള്ളി തലപ്പൽ മണ്ണപള്ളിയിൽ നിന്ന് എട്ട് വർഷത്തെ ദറസ് പഠനം പൂർത്തിയാക്കി 22-ാമത്തെ വയസിലാണ് കൂട്ടുകാരനൊപ്പം കൊച്ചിയങ്ങാടിയിൽ എത്തിയത്. പിന്നീട് നീണ്ട നാലുപതിറ്റാണ്ടിലേറെ സ്നേഹതണലിലായി സലാം മുസ്‌ലിയാര്‍.
കടവത്തൂരിൽ നിന്ന് പെരിങ്ങത്തൂരിലേക്ക് ബസ് സൗകര്യമില്ലാത്ത കാലത്ത് നാട്ടിലേക്ക് പോകുമ്പോൾ പെരിങ്ങത്തൂരിലേക്ക് നടന്നാണ് പോകാറ്. തിരിച്ചും അങ്ങിനെ തന്നെയായിരുന്നു യാത്ര.

ആദ്യകാലത്ത് കൊച്ചിയങ്ങാടി ചെറിയ ഒരു ബസാറായിരുന്നു. ചാത്തു വൈദ്യരുടെ വലിയ തറിമരുന്ന് കട, അണിയാരക്കാരൻ ബാവാച്ചിക്കയുടെ അനാദി കട, അപ്പക്കൂട്, ജോളി വാടക കട, എലിത്തോട് പാലത്തിന് സമീപം പുഴക്ക് അഭിമുഖമായി പാറ്റക്കുനി സ്രാമ്പി, പാലം കഴിഞ്ഞ ഉടനെ കടവത്തൂർ ഭാഗത്ത് മുസ്‌ലിം ലീഗ് നേതാവ് എ.സി കുഞ്ഞമ്മദ് ഹാജിയുടെ വലിയ പലഞ്ചരക്ക് കട അങ്ങിനെ എല്ലാംകൊണ്ടും ആളും ബഹളവും നിറഞ്ഞതായിരുന്നു കൊച്ചിയങ്ങാടി. കാലത്തിൻ്റെ കുത്തൊഴുക്കിൽ കൊച്ചിയങ്ങാടിയുടെ പഴയ പ്രതാപത്തിനും മങ്ങലേറ്റു. സലാം മുസ്‌ല്യാരുടെ ഓര്‍മയില്‍ തെളിഞ്ഞുനില്‍പ്പാണിന്നും സമ്പന്നമായൊരു കൊച്ചിയങ്ങാടിയുടെ ഭൂതകാലം. വലിപ്പചെറുപ്പമോ ജാതി-മത ഭേദമില്ലാതെ പ്രദേശത്തെ എല്ലാ വിഭാഗക്കാരില്‍ നിന്നും കലര്‍പ്പില്ലാത്ത സ്നേഹവും വലിയ ബഹുമാനവുമാണ് തനിക്ക് ലഭിച്ച് വരുന്ന തെന്ന് സലാം മുസല്യാർ നന്ദിയോടെ സ്മരിക്കുന്നു. ചെറിയ ആരോഗ്യ പ്രശ്നത്താല്‍ ഈ വർഷത്തോടെ കൊച്ചിയങ്ങാടിയോട് സലാം പറഞ്ഞ് നാട്ടിലേക്ക് തിരിക്കാനുള്ള ഒരുക്കത്തിലാണ് സലാം മുസല്യാരും.

webdesk13: