X

ഫ്രാന്‍സില്‍ പ്രതിഷേധം അക്രമാസക്തമായി; മക്രോണിന്റെ രാജിക്കായി ആവശ്യം

പാരിസ്:പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിനെതിരെ ഫ്രാന്‍സില്‍ പ്രതിഷേധം തുടരുന്നു. പുതിയ ഇന്ധന നികുതി പിന്‍വലിച്ച് സമരക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചിട്ടും പ്രതിഷേധക്കാര്‍ തെരുവില്‍നിന്ന് പിന്മാറാന്‍ തയാറായിട്ടില്ല. ശനിയാഴ്ച പാരിസില്‍ പ്രതിഷേധക്കാര്‍ക്കുനേരെ പൊലീസ് കണ്ണീര്‍വാതകവും കുരുമുളക് സ്‌പ്രേയും പ്രയോഗിച്ചു. കഴിഞ്ഞയാഴ്ചകളില്‍ അക്രമാസക്ത പ്രതിഷേധങ്ങള്‍ അരങ്ങേറിയ ചാംപ്‌സ് എലിസീസില്‍ 1500ഓളം സമരക്കാരാണ് ഇന്നലെ എത്തിയതെന്ന് പൊലീസ് അറിയിച്ചു. 211 പേരെ അറസ്റ്റ് ചെയ്തു. പ്രതിഷേധക്കാരില്‍നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു. സംഘര്‍ഷം കണക്കിലെടുത്ത് രാജ്യ വ്യാപകമായി 89,000 പൊലീസുകാരെ വിന്യസിച്ചു.

പാരിസില്‍ 8000ത്തോളം സൈനികരെ നിയോഗിച്ചിട്ടുണ്ട്. ഈഫല്‍ ടവറും മറ്റു പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചു. ദിവസങ്ങള്‍ക്കുമുമ്പ് ചാംപ്‌സ് എലിസീസില്‍ അക്രമസാക്തരായ പ്രതിഷേധക്കാര്‍ കാറുകള്‍ക്ക് തീവെക്കുകയും കടകള്‍ കൊള്ളയടിക്കുകയും ചെയ്തിരുന്നു. കലാപകാരികള്‍ പ്രതിഷേധങ്ങളെ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും കൂടുതല്‍ അപകടകാരികളായി മാറിയിരിക്കുകയാണെന്നും മക്രോണ്‍ ആരോപിച്ചു. പ്രക്ഷോഭകരുടെ ആവശ്യം കണക്കിലെടുത്ത് വര്‍ധിപ്പിച്ച ഇന്ധന നികുതി സര്‍ക്കാര്‍ കുറച്ചിട്ടുണ്ടെങ്കിലും മക്രോണിന്റെ രാജി ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് സമരക്കാര്‍ വീണ്ടും രംഗത്തിറങ്ങിയിരിക്കുന്നത്.

chandrika: