X

താലിബാന്‍ തടവിലെ ഭീകരത തുറന്ന് പറഞ്ഞ് ജോഷ്വ ബോയ്ല്‍

ടൊറന്റോ: താലിബാന്‍ ബന്ദികളാക്കിയ യുഎസ്-കനേഡിയന്‍ ദമ്പതികള്‍ നേരിട്ടത് കൊടും ക്രൂരത. അഞ്ച് വര്‍ഷത്തെ തടവു ജീവിതത്തിന് ശേഷം തീവ്രവാദികളുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട് കനഡയില്‍ തിരിച്ചെത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് തടവില്‍ നേരിട്ട ക്രൂരതകള്‍ ജോഷ്വാ തുറന്നു പറഞ്ഞത്.

അമേരിക്കക്കാരിയായ ഭാര്യ കെയ്റ്റ്‌ലന്‍ കോള്‍മാനെ ഭീകരര്‍ ബലാത്സംഗത്തിനിരയാക്കിയതായും തങ്ങളുടെ നാലാമത്തെ കുഞ്ഞിനെ ഭീകരര്‍ കൊന്നു കളഞ്ഞതായും ബോയ്ല്‍ പറഞ്ഞു. 2012 ലാണ് ജോഷ്വയേയും കെയ്റ്റ്‌ലനേയും മൂന്ന് മക്കളേയും താലിബാനുമായി ബന്ധമുള്ള ഹഖാനി തീവ്രവാദികള്‍ ബന്ദികളാക്കുന്നത്. തട്ടിക്കൊണ്ടുപോകുമ്പോള്‍ കെയ്റ്റ്‌ലന്‍ ഗര്‍ഭിണിയായിരുന്നു.

ജനിച്ച കുഞ്ഞിനെ അവര്‍ പുറംലോകം പോലും കാണിക്കാതെ കൊന്നു കളയുകയായിരുന്നുവെന്നും ജോഷ്വ പറഞ്ഞു. ഭീകരര്‍ക്കിടയിലെ ഗാര്‍ഡാണ് ഭാര്യയെ ബലാത്സംഗം ചെയ്തതെന്നും ജോഷ്വ കൂട്ടിച്ചേര്‍ത്തു. ഏവരാലും അവഗണിക്കപ്പെട്ട് കഴിയുന്ന ലോകത്തെ തന്നെ ഏറ്റവും ചെറു ന്യൂനപക്ഷമായ ഗ്രാമവാസികളെ സഹായിക്കുന്നതിനാണ് തങ്ങള്‍ അഫ്ഗാനിസ്ഥാനിലെത്തിയതെന്ന് ജോഷ്വ പറയുന്നത്. താലിബാന്റെ നിയന്ത്രണത്തിലുള്ള മേഖലയായിരുന്നു അത്.

ഭീകരരുടെ പിടിയിലായ ശേഷം എന്‍ജിഒകളിലെ പ്രവര്‍ത്തകര്‍ക്കോ സര്‍ക്കാറിനോ പോലും തങ്ങളെ രക്ഷിക്കാന്‍ സാധിച്ചില്ല. ഹഖാനി തീവ്രവാദികള്‍ തന്റെ മുന്നില്‍ വെച്ച ഉപാധി അംഗീകരിക്കാത്തതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് തന്റെ പിഞ്ചു കുഞ്ഞിനെ കൊന്നതെന്നും അദ്ദേഹം പറയുന്നു.

തന്റെ ഭാര്യയെ ബലാത്സംഗം ചെയ്ത സുരക്ഷാ ഗാര്‍ഡിന് തീവ്രവാദികളിലെ ഉന്നതരുടെ സഹായമുണ്ടായിരുന്നു. ഇവരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരാന്‍ അഫ്ഗാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുന്നതായും ജോഷ്വ കൂട്ടിച്ചേര്‍ത്തു. സമാന്തരങ്ങളില്ലാത്ത ഉറച്ച പിന്തുണയുള്ളതാണ് തന്റെ കുടുംബമെന്നു പറഞ്ഞ ജോഷ്വ അമേരിക്കയുടെ വിദേശ നയത്തിലുള്ള തന്റെ അസംപ്തൃപ്തിയും പ്രകടിപ്പിച്ചു.

ലോകത്ത് ഇപ്പോഴും സംഘടിതമായ അനീതി നടപ്പിലാകുന്നുണ്ടെന്നും ഇത് താന്‍ വിശ്വസിച്ചവരുടെ കൂടി വഞ്ചനയുടെ ഫലമാണെന്നും ജോഷ്വ പറയുന്നു. കുട്ടികളിലൊരാളുടെ ആരോഗ്യം ഏറെ മോശമാണ്. അവര്‍ക്ക് മികച്ച ഭക്ഷണം ലഭ്യമാക്കണം. കുടുംബം കെട്ടിപ്പടുക്കുകയാണ് ഇനിയുള്ള ലക്ഷ്യമെന്നും ജോഷ്വ പറയുന്നു. ബുധനാഴ്ചയാണ് ജോഷ്വയേയും കുടുംബത്തേയും പാക് സൈന്യം രക്ഷപ്പെടുത്തിയത്. അഫ്ഗാനിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന പാകിസ്താന്റെ വടക്കു പടിഞ്ഞാറന്‍ മേഖലയിലാണ് ബന്ദികളെ മോചിപ്പിക്കാന്‍ സൈന്യം ആക്രമണം നടത്തിയത്. ഭീകരര്‍ സഞ്ചരിച്ച വാഹനത്തിന്റെ ടയര്‍ സൈന്യം വെടിവെച്ച് തകര്‍ത്ത ശേഷമാണ് ഇവരെ രക്ഷപ്പെടുത്തിയത്. ജോഷ്വായുടെ കുടുംബത്തിനുള്ള പിന്തുണ തുടരുമെന്ന് കനേഡിയന്‍ സര്‍ക്കാര്‍ അറിയിച്ചു.

ഏറെക്കാലമായി ബോയ്ല്‍ കുടുംബം കാത്തിരുന്ന സന്തോഷത്തിന്റെ ദിനങ്ങളോടൊപ്പം കനേഡിയന്‍ സര്‍ക്കാറും ചേരുന്നതായി സര്‍ക്കാര്‍ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. പാകിസ്താന്‍ പൊതു ശത്രുക്കള്‍ക്കെതിരെ യോജിച്ച് പ്രവര്‍ത്തിക്കുന്നുവെന്നതിന്റെ തെളിവാണ് അമേരിക്ക നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തീവ്രവാദികളില്‍ നിന്നും ജോഷ്വായുടെ കുടുംബത്തെ മോചിപ്പിച്ചതെന്ന് പാകിസ്താന്‍ വിദേശകാര്യ വക്താവ് നഫീസ് സക്കരിയ്യ പറഞ്ഞു.

chandrika: