X

വനിതാ മതില്‍; മഞ്ജു വാര്യരുടെ കണ്ണാടിയുടെ കുഴപ്പമാണെന്ന് മന്ത്രി ജി.സുധാകരന്‍

ആലപ്പുഴ: സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ നിന്നും പിന്മാറിയ നടി മഞ്ജുവാര്യരെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി ജി. സുധാകരന്‍ രംഗത്ത്. വനിതാ മതിലിനെ നോക്കിക്കണ്ട സാമൂഹിക ബോധത്തിന്റെ കണ്ണാടി നടി മഞ്ജു വാരിയര്‍ മാറ്റണമെന്നു മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. അഭിനേത്രി എന്ന നിലയില്‍ ബഹുമാനക്കുറവില്ല. വനിതാ മതിലിനു രാഷ്ട്രീയമില്ലെന്നും മഞ്ജു വാരിയരുടെ കണ്ണാടിയുടെ കുഴപ്പമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമൂഹിക വിപ്ലവങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മന്നത്ത് പത്മനാഭന്‍ സ്ഥാപിച്ച പ്രസ്ഥാനമാണ് ഇപ്പോള്‍ നവോത്ഥാന പ്രവര്‍ത്തനത്തെ എതിര്‍ക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മഞ്ജുവിനെതിരെ മന്ത്രിമാരായ എം.എം മണിയും ജെ മേഴ്‌സിക്കുട്ടിയമ്മയും രംഗത്തെത്തിയിരുന്നു. മഞ്ജു വാര്യരെ കണ്ടുകൊണ്ടല്ല വനിതാമതില്‍ സംഘടിപ്പിക്കുന്നതെന്ന് മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. വനിതാ മതിലിന് എന്ത് രാഷ്ട്രീയമാണുള്ളതെന്ന് മഞ്ജു വ്യക്തമാക്കണമെന്നും അവര്‍ പറഞ്ഞു. മഞ്ജു വാര്യരുടെ പിന്മാറ്റം വനിതാ മതിലിനെ ബാധിക്കില്ലെന്ന് എം.എം മണിയും പറഞ്ഞിരുന്നു. നേരത്തെ വനിതാമതിലിനൊപ്പമാണെന്നും നവോത്ഥാനമൂല്യം സംരക്ഷിക്കണമെന്നും സ്ത്രീ പുരുഷ സമത്വം അനിവാര്യമാണെന്നുമായിരുന്നു മഞ്ജു പറഞ്ഞിരുന്നത്.

എന്നാല്‍ പിന്നീട് വനിതാ മതിലില്‍ നിന്നും മഞ്ജു പിന്‍മാറുകയായിരുന്നു. വനിതാ മതിലിന് രാഷ്ട്രീയ നിറം വന്നു ചേര്‍ന്നത് അറിഞ്ഞിരുന്നില്ലെന്നും പാര്‍ട്ടികളുടെ കൊടികളുടെ നിറത്താല്‍ വ്യാഖ്യാനിക്കപ്പെടുന്ന തരത്തിലുള്ള രാഷ്ട്രീയം തനിക്കില്ലെന്നുമായിരുന്നു മഞ്ജു പറഞ്ഞത്. ഇതിനെ തുടര്‍ന്നാണ് മന്ത്രിമാരുടെ പ്രതികരണമുണ്ടായത്.

chandrika: