X

ഗജ ഇന്ന് ചുഴലിക്കാറ്റ് ആകില്ല; ലക്ഷദ്വീപ് ഭീഷണി ഒഴിഞ്ഞു. കേരളത്തില്‍ ഇന്ന് ചാറ്റല്‍ മഴക്ക് സാധ്യത

തിരുവനന്തപുരം: ഗജ തീവ്ര ന്യൂനമര്‍ദമായി തുടരുന്നുണ്ടെങ്കിലും അടുത്ത 12 മണിക്കൂറില്‍ ശക്തിപ്പെട്ട് ചുഴലിക്കാറ്റാകാന്‍ ഇടയില്ല. അതിനാല്‍ ഇപ്പോള്‍ ലക്ഷദ്വീപിനു സമീപത്തുള്ള ഗജ ചുഴലിക്കാറ്റായി ലക്ഷദ്വീപിനു നാശമുണ്ടാക്കുമെന്ന ഭീതി ഒഴിഞ്ഞു. ഇന്ന് രാവിലെ 6 മണി വരെയുള്ള ഉപഗ്രഹ നിരീക്ഷണം അനുസരിച്ചാണിത്. ഇതോടെ ലക്ഷദ്വീപില്‍ റെഡ് അലര്‍ട്ട് പിന്‍വലിച്ചു. എന്നാല്‍ ലക്ഷദ്വീപ് തീരത്ത് ഇന്നലെ പ്രവചിച്ച ശക്തമായ കാറ്റിനുള്ള സാഹചര്യം നിലനില്‍ക്കുന്നു. മത്സ്യ ബന്ധന വിലക്കും രണ്ടു ദിവസത്തേക്ക് തുടരും.

കേരള തീരത്ത് ഇന്നും മല്‍സ്യബന്ധത്തിന് വിലക്കുണ്ട്. ലക്ഷദ്വീപ് മേഖലയില്‍ മത്സ ബന്ധനത്തിന് പോകുന്നതിനും 48 മണിക്കൂര്‍ നേരത്തെ വിലക്ക് ഏര്‍പ്പെടുത്തി. കേരള തീരത്ത് ഇന്നും ശക്തമായ കാറ്റ് പ്രതീക്ഷിക്കാം. 5560 കി.മി വേഗതയില്‍ കാറ്റ് വീശാം.

കേരളത്തില്‍ ചില ജില്ലകളില്‍ ഇന്ന് ചാറ്റല്‍ മഴ പ്രതീക്ഷിക്കുന്നു. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ തീരദേശ മേഖല ഇന്നു കൂടി വരണ്ട കാലാവസ്ഥയായിരിക്കും. നാളെ മുതല്‍ ഈ ജില്ലകളില്‍ മഴക്ക് സാധ്യതയുണ്ട്. തെക്കന്‍ കേരളത്തില്‍ എതാണ്ട് മിക്ക ജില്ലകളിലും ചാറ്റല്‍ മഴയോ ഇടത്തരം മഴയോ പ്രതീക്ഷിക്കാം. ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് പുതിയ ന്യൂനമര്‍ദ്ദം രൂപപെടാനിരിക്കുന്നു. ഇതാണ് മഴക്ക് കാരണം. തമിഴ്‌നാട്ടിലും വ്യാപകമായ മഴക്ക് സാധ്യതയുണ്ട്. കര്‍ണാടകയിലും ഒറ്റപ്പെട്ട മഴ പ്രതീക്ഷിക്കാം.

chandrika: