X

ഗൗതം ഗംഭീര്‍ ബി.ജെ.പി വിടുന്നു

ബി.ജെ.പി എം.പിയും മുന്‍ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍ രാഷ്ട്രീയം വിടുന്നു. രാഷ്ട്രീയ ചുമതലകളില്‍ നിന്നും ഒഴിവാക്കാന്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയോടെ അഭ്യര്‍ഥിച്ചതായി ഗൗതം എക്‌സിലൂടെ അറിയിച്ചു. ജനങ്ങളെ സേവിക്കാന്‍ അവസരം നല്‍കിയതിന് ഈസ്റ്റ് ഡല്‍ഹിയില്‍ നിന്നുള്ള ലോക്‌സഭാംഗമായ ഗൗതം പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആഭ്യന്തര മന്ത്രി അമിത് ഷായോടും നന്ദി പറഞ്ഞു.

ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗൗതം ഗംഭീര്‍ മത്സരിച്ചേക്കില്ല. 2019ലാണ് ഗൗതം ബി.ജെ.പിയില്‍ ചേരുന്നത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ 6,95,109 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മത്സരിച്ച് വിജയിച്ചത്.

ഡല്‍ഹിയിലെ എം.പിമാരുടെ പ്രകടനം വിലയിരുത്തിയ ബി.ജെ.പി ഇത്തവണ സിറ്റിങ് എംപിമാരെ മാറ്റുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. കോണ്‍ഗ്രസ് എഎപിയുമായി സഖ്യത്തില്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ മത്സരം കടുക്കുമെന്ന വിലയിരുത്തലിലാണ് ബി.ജെ.പി. അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പി ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറങ്ങാനിരിക്കെയാണ് ഗംഭീറിന്റെ പ്രഖ്യാപനം.

 

webdesk13: