X
    Categories: gulfNews

ഖത്തർ ഉപരോധം അവസാനിച്ചേക്കും; 41 മത് ജിസിസി ഉച്ചകോടി റിയാദിലേക്ക് മാറ്റും

അഷ്‌റഫ് വേങ്ങാട്ട്

റിയാദ്: കോവിഡിന് ശേഷമുള്ള ആദ്യ ജിസിസി ഉച്ചകോടിക്ക് സഊദി തന്നെ ആദിത്യം വഹിക്കുമെന്ന് അറബ് മാധ്യമങ്ങൾ. 41മത് ഉച്ചകോടി നടത്താൻ നിശ്ചയിച്ച ബഹ്‌റൈനിൽ നിന്ന് സഊദിയിലേക്ക് മാറ്റിയതായി കുവൈറ്റ്, യുഎഇ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കോവിഡ് കാലത്ത് നടത്തി വന്ന വിർച്വൽ കോൺഫെറൻസിന് പകരം ഗൾഫ് രാജ്യങ്ങളുടെ തലവന്മാർ നേരിട്ട് റിയാദിലെത്തി ഉച്ചക്കോടിയിൽ പങ്കെടുക്കും. ഗൾഫ് സംഗമത്തിലെ മുഖ്യ അജണ്ട ഗൾഫ് പ്രതിസന്ധിയുടെ പരിഹാരമായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

2017 ജൂണിൽ ആരംഭിച്ച ഖത്തർ ഉപരോധം അവസാനിപ്പിക്കുന്ന ചർച്ചകളാണ് പ്രധാന വിഷയമാവുക. ഗള്‍ഫ് പ്രതിസന്ധി ഉടന്‍ അവസാനിക്കുമെന്നും ഇതിനായി അമേരിക്കയും കുവൈത്തും നടത്തുന്ന ശ്രമങ്ങള്‍ വിജയം കണ്ടുവെന്നും അടുത്തിടെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇരു രാജ്യങ്ങളുടെയും മധ്യസ്ഥ ശ്രമങ്ങളെ ഉപരോധത്തിന് നേതൃത്വം നല്‍കുന്ന സഊദിയും സഖ്യരാജ്യങ്ങളും പ്രകീര്‍ത്തിക്കുകയും ചെയ്തിരുന്നു.

അതിനിടെയാണ് നേരത്തെ ബഹ്‌റൈനിൽ നിശ്ചയിച്ച ഉച്ചകോടി ജിസിസി ആസ്ഥാന മന്ദിരം നിലകൊള്ളുന്ന സഊദിയുടെ തലസ്ഥാന നഗരിയിലേക്ക് മാറ്റുന്നത്. പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് വേദി മാറ്റത്തിന് പിന്നിലെന്നാണ് സൂചന . ഗള്‍ഫ് സഹകരണ കൗണ്‍സിലില്‍ അംഗ രാജ്യങ്ങളായ കുവൈറ്റ്, യു എ ഇ , ഒമാൻ , ബഹ്‌റൈൻ തടുങ്ങിയ രാജ്യങ്ങളുടെ ഭരണാധികാരികൾക്കൊപ്പം , ഖത്തർ ഭരണാധികാരിയും റിയാദിലെത്തുമെന്നാണ് കരുതുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: