X

പണിമുടക്ക് പൂര്‍ണം; കേരളം നിശ്ചലമായി

തിരുവനന്തപുരം: സ്ഥിരംതൊഴില്‍ ഇല്ലാതാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളി സംഘടനകള്‍ സംയുക്തമായി ആഹ്വാനം ചെയ്ത സംസ്ഥാന പണിമുടക്ക് പൂര്‍ണം. സമസ്ത മേഖകളെയും സ്തംഭിപ്പിച്ച് സംസ്ഥാനം നിശ്ചലമായി. ഞായറാഴ്ച രാത്രി 12 മണിക്ക് ആരംഭിച്ച പണിമുടക്ക് അവസാനിക്കുന്നതുവരെ വാഹനങ്ങള്‍ ഓടിയില്ല. കടകമ്പോളങ്ങള്‍ പൂര്‍ണമായി അടഞ്ഞുകിടന്നു. കെ.എസ്.ആര്‍.ടി.സി ഉള്‍പെടെ സര്‍വീസ് നടത്തിയില്ല. റെയില്‍വേ സ്റ്റേഷനുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. മോട്ടോര്‍ വാഹന തൊഴിലാളികള്‍, ബാങ്ക്, ഇന്‍ഷുറന്‍സ്, കേന്ദ്ര–സംസ്ഥാന ജീവനക്കാര്‍, അധ്യാപകര്‍ തുടങ്ങിയവരും പണിമുടക്കി.

ഓട്ടോ, ടാക്‌സി, ട്രാന്‍സ്‌പോര്‍ട്ട് മേഖലകളും പണിമുടക്കില്‍ സജീവമായിരുന്നു. കടകമ്പോളങ്ങള്‍ അടച്ചു വ്യാപാരികള്‍ സമരത്തിന്റെ ഭാഗമായതോടെ നഗരകേന്ദ്രങ്ങള്‍ പോലും നിശ്ചലമായി. പാല്‍, പത്രം, ആസ്പത്രി, വിവാഹം, വിമാനത്താവളം എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിരുന്നു. സി.ഐ.ടി.യു, ഐ.എന്‍.ടി.യു. സി, എസ്.ടി.യു, എ.ഐ.ടി.യു.സി, എച്ച്.എം.എസ്, യു.ടി.യു.സി, എച്ച്.എം.കെ.പി, കെ.ടി.യു.സി, കെ.ടി.യു.സി.എം, കെ.ടി.യു.സിജെ, ഐ.എന്‍.എല്‍. സി, സേവ, ടി.യു.സി.ഐ, എ.ഐ.സി.ടി.യു, എന്‍.എല്‍.ഒ, ഐ.ടി.യു.സി സംഘടനകള്‍ ഒരുമിച്ചാണു പണിമുടക്കിയത്.

പണിമുടക്കിയ തൊഴിലാളികള്‍ തിരുവനന്തപുരത്ത് രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനം ചെയ്തു. ജി. മാഹീന്‍ അബൂബക്കര്‍, ആര്‍. ചന്ദ്രശേഖരന്‍, കെ.പി രാജേന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

chandrika: