X

കോണ്‍ഗ്രസ്സിന് പിന്തുണ: ബി.ജെ.പി നിരീക്ഷണത്തില്‍ ജിഗ്നേഷ് മേവ്‌നാനി

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് പിന്തുണ പ്രഖ്യാപിച്ചതിന് ശേഷം ദളിത് നേതാവ് ജിഗ്നേഷ് മേവ്‌നാനിക്ക് ചുറ്റും സര്‍ക്കാര്‍ നിരീക്ഷണം. ആവശ്യപ്പെടാതെ തന്നെ മേവ്‌നാനിക്ക് സര്‍ക്കാര്‍ സംരക്ഷണവുമായെത്തി. മേവ്‌നാനിയുടെ നീക്കങ്ങളറിയാന്‍ കമാന്‍ഡോകളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

ഞായറാഴ്ച്ച മുതലാണ് ജിഗ്നേഷ് മേവ്‌നാനിക്ക് തോക്കേന്തിയ കമാന്‍ഡോകളെ സര്‍ക്കാര്‍ സുരക്ഷക്കായി നിയോഗിച്ചത്. ആക്ടവിസ്റ്റുകളെ വരുതിയിലാക്കാനുള്ള സര്‍ക്കാര്‍ ശ്രമമാണ് ഇതിനുപിന്നില്‍. യങ് തിങ്കേഴ്‌സ് മീറ്റില്‍ പങ്കെടുക്കുേേമ്പാഴാണ് തനിക്കേര്‍പ്പെടുത്തിയ സുരക്ഷയില്‍ പ്രതികരണവുമായി മേവ്‌നാനി രംഗത്തെത്തിയത്. ‘ഞാന്‍ ചോദിക്കാതെ തന്നെ ഇന്ന് ഞാന്‍ കമാന്‍ഡോകളെ കണ്ടു. എന്നെ നിരീക്ഷിക്കാന്‍ വേണ്ടിയാണോ സുരക്ഷയെന്ന് ചോദിച്ചപ്പോള്‍ അതെ എന്നായിരുന്നു പോലീസ് ഉദ്യോഗസ്ഥന്റെ മറുപടി. ഇതാണ് സംസ്ഥാനത്തെ സാഹചര്യം’; -അദ്ദേഹം പറഞ്ഞു. ബി.ജെ.പി എന്ന പിശാച് പാര്‍ട്ടിയെ പരാജയപ്പെടുത്തുകയാണ് തന്റെ ലക്ഷ്യം. അല്‍പേഷ് താക്കൂറുമായും പട്ടേല്‍ നേതാവ് ഹാര്‍ദ്ദിക് പട്ടേലുമായും താന്‍ സഹകരിക്കുമെന്നും ജിഗ്നേഷ് കൂട്ടിച്ചേര്‍ത്തു. ഹാര്‍ദ്ദിക് പട്ടേലിനെപ്പോലെയുള്ള യുവനേതാക്കള്‍ക്ക് സംരക്ഷണം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിലാണ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നു. നേരത്തെ ഹര്‍ദിക് പട്ടേലും മേവാനിയും കൂടിക്കാഴ്ച നടത്തിയ ഹോട്ടലില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഹര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹ്‌ലോട്ടുമായി ചര്‍ച്ച നടത്തിയപ്പോള്‍ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

കോണ്‍ഗ്രസ്സിനൊപ്പം നില്‍ക്കുമെന്ന് നേരത്തെ ഹാര്‍ദ്ദിക് പട്ടേലും വ്യക്തമാക്കിയിരുന്നു. സംവരണ വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും തന്റെ അനുയായികളോട് കോണ്‍ഗ്രസ്സിന് വോട്ട് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയതായി ഹര്‍ദ്ദിക് പറഞ്ഞു.

chandrika: