X

ഗോവ,ഉത്തരാഖണ്ഡ്,യു.പി:രണ്ടാം ഘട്ടം;നാളെ ബൂത്തിലേക്ക്

ന്യൂഡല്‍ഹി: ഗോവ, ഉത്തരാഖണ്ഡ് നിയമസഭകളിലേക്കും ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിനുമുള്ള പരസ്യ പ്രചാരണത്തിന് കൊടിയിറങ്ങി. യു.പിയിലെ 55 മണ്ഡലങ്ങളിലേക്കും ഗോവയിലെ 40 സീറ്റുകളിലേക്കും ഉത്തരാഖണ്ഡിലെ 70 മണ്ഡലങ്ങളിലേക്കും 14നാണ് വോട്ടെടുപ്പ്.

യു.പിയില്‍ കര്‍ഷക പ്രതിഷേധം നിലനില്‍ക്കുന്ന പടിഞ്ഞാറന്‍ യുപിയിലെ വോട്ടെടുപ്പിന് ശേഷം രണ്ടാംഘട്ടത്തിലേക്ക് എത്തുമ്പോള്‍ എസ്പിക്കും ബിജെപിക്കും ചങ്കിടിപ്പ് ഏറുകയാണ്. 9 ജില്ലകളിലെ 55 സീറ്റുകളിലേക്കായി 586 സ്ഥാനാര്‍ത്ഥികളാണ് രണ്ടാം ഘട്ടത്തില്‍ മത്സര രംഗത്തുള്ളത്. രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണായകമാണ്. രണ്ടാഘട്ടവും യാദവ ശക്തികേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്ന മൂന്നാം ഘട്ടത്തിലും പരമാവധി സീറ്റ് പിടിച്ചെടുക്കുകയാണ് അഖിലേഷ് യാദവിന്റെ എസ്.പി ലക്ഷ്യമിടുന്നത്. ഭരണം തിരിച്ചു പിടിക്കാന്‍ ആദ്യ മൂന്ന് ഘട്ടങ്ങള്‍ അതീവ നിര്‍ണായകമാണ് എസ്.പിക്ക്. ബി.ജെ.പി തൂത്തു വാരിയ 2017 ല്‍ ഭരണവിരുദ്ധ വികാരത്തിനിയിലും 15 സീറ്റ് നേടാന്‍ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന മേഖലകളില്‍ സമാജ്‌വാദി പാര്‍ട്ടിക്ക് കഴിഞ്ഞിരുന്നു. ദളിത,് ഒബിസി വിഭാഗങ്ങളിലെയും ന്യൂനപക്ഷ വിഭാഗങ്ങളിലെ പിന്തുണ സമാജ്‌വാദി പാര്‍ട്ടിക്ക് ഉറപ്പിക്കാനായോയെന്ന് രണ്ട്, മൂന്ന് ഘട്ട വോട്ടെടുപ്പോടെ വ്യക്തമാവും.

40 അംഗ ഗോവ നിയമസഭയിലേക്ക് ഒറ്റഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പില്‍ 301 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയില്‍ ഭരണം നഷ്ടമായ കോണ്‍ഗ്രസിന് ഇത്തവണ ഗോവയില്‍ അഭിമാന പോരാട്ടമാണ്. ഭരണ കക്ഷിയായ ബി.ജെ.പിക്ക് പാളയത്തിലെ പടയാണ് വലിയ ഭീഷണി ഉയര്‍ത്തുന്നത്. പുതുതായി സംസ്ഥാനത്തേക്ക് ചുവടുറപ്പിക്കാനെത്തിയ ആംആദ്മി പാര്‍ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസും എത്ര കണ്ട് വിജയിക്കുമെന്നതും ഈ തിരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാക്കും. 70 അംഗ ഉത്തരാഖണ്ഡ് നിയമസഭയിലേക്ക് 14ന് നടക്കുന്ന വോട്ടെടുപ്പില്‍ 632 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ഒന്നില്‍ കൂടുതല്‍ തവണ സംസ്ഥാനത്ത് തുടര്‍ച്ചയായി ഒരു കക്ഷിക്കും ഭരണം ലഭിച്ചിട്ടില്ലെന്നതും പാര്‍ട്ടിയ്ക്കകത്തെ ഗ്രൂപ്പിസവും സംസ്ഥാനത്ത് ഭരണ കക്ഷിയായ ബി.ജെ.പിയെ കുഴക്കുന്നുണ്ട്.

അതേ സമയം കഴിഞ്ഞ തവണ തങ്ങളില്‍ നിന്നും വിട്ടുപോയ പലരും തിരഞ്ഞെടുപ്പിന് മുമ്പേ തിരിച്ചെത്തിയതോടെ വര്‍ധിത ആത്മി വിശ്വാസത്തോടെയാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ് മത്സരിക്കുന്നത്. മിക്ക തിരഞ്ഞെടുപ്പ് സര്‍വേകളും കോണ്‍ഗ്രസും ബി. ജെ.പിയും ഒപ്പത്തിനൊപ്പമാണ് സംസ്ഥാനത്തെന്ന പ്രവചനമാണ് നടത്തുന്നത്. കോണ്‍ഗ്രസ് പ്രചാരണത്തിന് രാഹുലും പ്രിയങ്കയുമാണ് മൂന്നിടങ്ങളിലും ചുക്കാന്‍ പിടിച്ചതെങ്കില്‍ ബി.ജെ.പിക്കായി പ്രധാനമന്ത്രി മോദി, അമിത് ഷാ എന്നിവര്‍ക്കു പുറമെ കേന്ദ്ര മന്ത്രിമാരുടെ വന്‍പട തന്നെ സംസ്ഥാനങ്ങളില്‍ പ്രചാരണത്തിനെത്തിയിരുന്നു.

web desk 3: