X

ഐ ലീഗില്‍ പന്ത് തട്ടാന്‍ കേരളവും; 18ന് അന്തിമ തീരുമാനം

കൊല്‍ക്കത്ത: കേരള ബ്ലാസ്‌റ്റേഴ്‌സിലൂടെ ഫുട്‌ബോള്‍ വിപ്ലവത്തിന് തുടക്കമിട്ട മലയാളക്കരക്ക് വീണ്ടുമൊരു സന്തോഷ വാര്‍ത്ത. വിവ കേരളക്കു ശേഷം മലയാളനാട്ടില്‍ നിന്ന് പുതിയൊരു ക്ലബ് കൂടി ഐലീഗ് ഫുട്‌ബോളില്‍ പന്തുതട്ടാനൊരുങ്ങുന്നു. മലപ്പുറം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗോകുലം എഫ്‌സിയാണ് ഐലീഗില്‍ അടുത്ത സീസണില്‍ പന്തുതട്ടാനൊരുങ്ങുന്നത്. ഐ ലീഗിലേക്ക് പുതിയ രണ്ട് ടീമുകള്‍ക്കുവേണ്ടി അധികൃതര്‍ അപേക്ഷ ക്ഷണിച്ചിരുന്നു. നാല് ക്ലബ്ബുകളാണ് ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ പരിഗണനയിലുള്ളത്. കേരളത്തില്‍ നിന്നുള്ള ഗോകുലം എഫ്.സിയും ബംഗളൂരുവില്‍ നിന്നുള്ള ഓസോണ്‍ എഫ്.സിയും താല്‍പര്യം പ്രകടിപ്പിച്ച് എ.ഐ.എഫ്.എഫിന്റെ ലേല കമ്മിറ്റി്ക്കു മുമ്പാകെ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ടീമുകളുടെ കാര്യത്തില്‍ ഈ മാസം 18നായിരിക്കും അന്തിമ തീരുമാനമുണ്ടാവുകയെന്ന് ഐ ലീഗ് അധികൃതര്‍ അറിയിച്ചു. ഐ ലീഗ് രണ്ടാം ഡിവിഷനില്‍ കളിക്കുന്ന ടീമായ ഓസോണ്‍ നേരിട്ട് ഫസ്റ്റ് ഡിവിഷനിലെത്താനാണ് ശ്രമിക്കുന്നത്. കോര്‍പറേറ്റ് എന്‍ട്രി വഴിയാണ് ഈ രണ്ടു ടീമുകളും ലീഗിലെത്തുക. അതെ സമയം ഐ ലീഗില്‍ കളിക്കുമെന്ന് പ്രതീക്ഷിച്ച കേരള എവര്‍ഗ്രീന്‍ എഫ്‌സി ഇത്തവണ ഐ ലീഗിനു ഉണ്ടാവില്ല. ഐ ലീഗിന് അപേക്ഷ സമര്‍പ്പിക്കാനുള്ള ഫോം എവര്‍ഗ്രീന്‍ കൈപറ്റിയിരുന്നുവെങ്കിലും ഐലീഗിനായുള്ള ബിഡ് എവര്‍ഗ്രീന്‍ എഫ്‌സി ഇതുവരെ സമര്‍പ്പിച്ചിട്ടില്ല. ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ക്ലബ്ബുകളാണ് ഐ ലീഗിലേക്ക് താല്‍പര്യം പ്രകടിപ്പിച്ചിട്ടുള്ള മറ്റു രണ്ട് ക്ലബ്ബുകള്‍. കേരളത്തില്‍ നിന്ന് അവസാനം ഐ ലീഗ് കളിച്ച ടീം വിവ കേരളയാണ് (ചിരാഗ് യുണൈറ്റഡ്) 2011-2012 സീസണില്‍ അവര്‍ തരം താഴ്ത്തപെട്ടു. പിന്നീട് ക്ലബ് തന്നെ ഇല്ലാതാവുകയും ചെയ്തു. മലപ്പുറമാകും ഗോകുലം എഫ്‌സിയുടെ ഹോംഗ്രൗണ്ട്. ഗോകുലം എഫ്.സിയെ ഐ ലീഗില്‍ ഉള്‍പ്പെടുത്തിയാല്‍ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ ഗോകുലം എഫ്.സിയുടെ ഹോം മത്സരങ്ങള്‍ക്ക് അവസരം ലഭിച്ചേക്കും.

chandrika: