X
    Categories: indiaNews

ബുര്‍ഖ ധരിച്ച് ജ്വല്ലറിയിലെത്തി ആഭരണങ്ങള്‍ മോഷ്ടിക്കും; നാല് സ്ത്രീകള്‍ അറസ്റ്റില്‍

മുംബൈ: മുംബൈയില്‍ ബുര്‍ഖ ധരിച്ച് ജ്വല്ലറിയിലെത്തി നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കുന്ന സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. മലേഗാവ് സ്വദേശികളായ നാലുപേരും സ്ത്രീകളാണ്. ഇവര്‍ സഞ്ചരിച്ച കാറില്‍ നിന്ന് ആഭരണങ്ങളും കണ്ടെടുത്തു. അറസ്റ്റിലായവരില്‍ മുംബൈയിലെ ബൈക്കുള്ള നഗരത്തിലാണ് സംഭവം.

മുപ്പതുകാരിയായ സജാദ, മുപ്പത്തിയഞ്ചുകാരി യാസ്മിന്‍ ഖാന്‍, അമ്പതുകാരികളായ നാസിയ, നസ്രിന്‍ എന്നിവരാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ നേരത്തെയും സമാനമായ നിരവധി മോഷണം നടത്തിയതായും പൊലീസ് പറഞ്ഞു.

സെപ്റ്റംബര്‍ അഞ്ചിന് ശിവം ജ്വല്ലറിയില്‍ നിന്നാണ് ഈ സംഘം 2.5 ലക്ഷം രൂപ വിലയുള്ള നാല് വളകള്‍ മോഷ്ടിച്ചത്. മോഷണസമയത്ത് ഒരാള്‍ ജ്വല്ലറിക്ക് പുറത്ത് നില്‍ക്കും. മറ്റ് മൂന്ന് പേര്‍ അകത്ത് കയറി വാങ്ങാനെന്ന വ്യാജേന ആഭരണങ്ങള്‍ പരിശോധിക്കും. അതിനിടെ സ്റ്റാഫിന്റെ ശ്രദ്ധമാറുമ്പോള്‍ ബൂര്‍ഖയ്ക്കുള്ളിലും മറ്റുമായി ഒളിപ്പിച്ചാണ് ഇവര്‍ ആഭരണങ്ങള്‍ കവര്‍ച്ചനടത്തിയതെന്ന് പൊലീസ് പറഞ്ഞു.

സ്ത്രീകള്‍ ജ്വല്ലറിയില്‍ നിന്ന് ഇറങ്ങിയ ശേഷം രണ്ട് വളകള്‍ കാണാതായതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സിസി ടിവി ദൃശ്യങ്ങളില്‍ ഇവരുടെ കാര്‍ നമ്പര്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. കഴിഞ്ഞയാഴ്ച ഈ നമ്പറിലുള്ള കാര്‍ നഗരപരിധിയില്‍ കണ്ടെത്തി. തുടര്‍ന്ന് പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെ ജ്വല്ലറി ഉടമ തിരിച്ചറിയുകയും ചെയ്തു.

 

chandrika: