X
    Categories: businessNews

സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു; ഇനി സംഭവിക്കാനിരിക്കുന്നത് മഹാത്ഭുതമെന്ന് വിദഗ്ധര്‍

കൊച്ചി: സ്വര്‍ണവിലയില്‍ തുടര്‍ച്ചയായുണ്ടാവുന്ന വിലക്കുറവ് ഭാവിയില്‍ സ്വര്‍ണവിപണിയില്‍ വന്‍ വിലക്കുറവിന് കാരണമായേക്കാമെന്ന് വിദഗ്ധരുടെ വിലയിരുത്തല്‍. ഒറ്റക്കുതിപ്പിന് 42000 രൂപയിലെത്തിയ സ്വര്‍ണം അതുപോലെ വലിയ വിലക്കുറവിനും കാരണമായേക്കാം എന്നാണ് വിലയിരുത്തപ്പെടുന്നത്. കോവിഡ് പ്രതിസന്ധി, യുഎസ്-ചൈന വാക്‌പോര്, ഓഹരി വിപണിയിലെ ഇടിവ് തുടങ്ങിയവയാണ് സ്വര്‍ണവിലയിലെ കുതിപ്പിന് കാരണമായത്.

കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിക്ക് മുന്നില്‍ ലോക വിപണി സ്തംഭിച്ചുപോയത് നിക്ഷേപകര്‍ കൂട്ടത്തോടെ സ്വര്‍ണം വാങ്ങിക്കൂട്ടാന്‍ കാരണമായി. ഇതാണ് സ്വര്‍ണവില ഉയരാന്‍ കാരണമായത്. എന്നാല്‍ കണക്കുകൂട്ടലുകള്‍ തകര്‍ത്തുകൊണ്ട് ലോകവിപണി വലിയ തിരിച്ചുവരവ് നടത്തുന്നതാണ് കാണാന്‍ കഴിയുന്നത്. ഇത് സ്വര്‍ണവിലയില്‍ വലിയ കുറവിന് കാരണമാവുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നുണ്ടെങ്കിലും ലോകരാജ്യങ്ങള്‍ അതിജീവിച്ച് കഴിഞ്ഞതായാണ് പൊതുവെയുള്ള വിലയിരുത്തല്‍. വാക്സിന്‍ വികസിപ്പിച്ചതായി റഷ്യ പ്രഖ്യാപിച്ചതോടെ മറ്റ് രാജ്യങ്ങള്‍ വാക്സിന്‍ വികസിപ്പിക്കാനുള്ള കഠിനശ്രമത്തിലാണ്. ഗള്‍ഫ് രാജ്യങ്ങളടക്കം സ്‌കൂളുകള്‍ തുറക്കാനും സന്ദര്‍ശകരെ അനുവദിക്കാനുമുള്ള തീരുമാനത്തിലെത്തിക്കഴിഞ്ഞു. വിപണി ഉണര്‍ന്നു തുടങ്ങിയതിന്റെ സൂചനകളാണ് വിവിധ രാജ്യങ്ങളില്‍ നിന്ന് വരുന്നത്. ഇത് സ്വര്‍ണവിലയില്‍ കുറവിന് കാരണമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ലോകസാമ്പത്തിക മേഖല സാധാരണനിലയിലേക്ക് മടങ്ങുന്നതോടെ സ്വര്‍ണവിപണിയും സ്ഥിരത കൈവരിക്കുമെന്നും വിലയിരുത്തപ്പെടുന്നു

കോവിഡ് പ്രതിസന്ധിയില്‍ അടച്ചിട്ടതിന്റെയും മാന്ദ്യത്തിന്റെയും പ്രതിസന്ധി മറികടക്കാന്‍ വലിയ മുന്നേറ്റം നടത്താനുള്ള ഒരുക്കത്തിലാണ് ഗള്‍ഫ് മേഖലയില്‍ അടക്കമുള്ള വികസിത രാജ്യങ്ങള്‍. ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കുമെന്നുറപ്പാണ്. അങ്ങനെ വരികയാണെങ്കില്‍ കോവിഡിന് മുമ്പുള്ളതിനെക്കാള്‍ കുറഞ്ഞ വിലയില്‍ സ്വര്‍ണം എത്തുമെന്നും വിലയിരുത്തപ്പെടുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: