X

സ്വപ്നാ സുരേഷും മന്ത്രി ഇ.പി ജയരാജന്റെ മകനും തമ്മിലുള്ള ബന്ധം അന്വേഷിക്കുന്നു; ചോദ്യം ചെയ്യാനും സാധ്യത

തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷും മന്ത്രി ഇ.പി ജയരാജന്റെ മകന്‍ ജയ്‌സണുമായുള്ള ബന്ധം പുറത്ത് വന്നതിന് പിന്നാലെ കേന്ദ്ര അന്വേഷണ സംഘങ്ങളുടെ ചോദ്യം ചെയ്യല്‍ നടക്കാന്‍ സാധ്യത. സ്വര്‍ണ്ണക്കടത്ത് കേസില്‍ ഇതോടെ സിപിഎമ്മിന്റെ മന്ത്രിയുടെ മകന്‍ കൂടി കുരുക്കിലായിരിക്കുകയാണ്. തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ നടത്തിയ വിരുന്നിനിടെ മന്ത്രി പുത്രനും സ്വപ്ന സുരേഷും ഒരുമിച്ചുള്ള ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഈ ദൃശ്യങ്ങളുടെ കൂടുതല്‍ വിവരങ്ങളും സ്വര്‍ണക്കള്ളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായുള്ള ബന്ധവും പരിശോധിക്കാനാണ് അന്വേഷണ ഏജന്‍സി ഒരുങ്ങുന്നത്.

സംഭവത്തില്‍ മന്ത്രി പുത്രനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വരും ദിവസങ്ങളില്‍ ചോദ്യം ചെയ്തേക്കും. കേസിലെ മുഖ്യപ്രതിയായ സ്വപ്നയ്ക്ക് മന്ത്രിപുത്രന്‍ തലസ്ഥാനത്ത് വിരുന്നൊരുക്കിയതിന്റെ വിവരങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് ലഭിച്ചു. സ്വപ്നയുമൊത്തുള്ള മന്ത്രിയുടെ മകന്റെ ചിത്രങ്ങളാണ് ലഭിച്ചത്. അതിന് പിന്നാലെയാണ് കേന്ദ്ര ഏജന്‍സികള്‍ വിശദാംശങ്ങള്‍ തേടിയത്. അതേസമയം ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് ആവശ്യപ്പെട്ടുള്ള നോട്ടീസ് മന്ത്രിയുടെ മകന് ഇതുവരെ നല്‍കിയിട്ടില്ല.

ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് യൂണിടാക് നല്‍കിയ നാല് കോടിയിലധികം രൂപ കമ്മീഷനില്‍ നിന്നും ഒരു പങ്ക് മന്ത്രിയുടെ മകനും ലഭിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ചില സൂചനകള്‍ ലഭിച്ചിരുന്നു. ഇത് അന്വേഷണ ഏജന്‍സി പരിശോധിക്കും. ഇതുകൂടാതെ സ്വപ്നയ്ക്ക് കമ്മീഷന്‍ നല്‍കിയ കമ്പനികളുടെ പ്രതിനിധികളേയും ചോദ്യം ചെയ്യുമെന്നാണ് സൂചന.

2018 ല്‍ തലസ്ഥാനത്തെ ഹോട്ടലില്‍ വച്ചാണ് മന്ത്രിപുത്രന്‍ സ്വപ്നയ്ക്ക് വിരുന്ന് ഒരുക്കിയത്. മന്ത്രിയുടെ മകന്റെ യുഎഇയിലെ വീസാ കുരുക്ക് പരിഹരിച്ചത് അന്ന് കോണ്‍സുലേറ്റിലായിരുന്ന സ്വപ്ന സുരേഷ് ഇടപെട്ടായിരുന്നു. ഇതിന് നന്ദി പ്രകടിപ്പിച്ചാണ് വിരുന്നൊരുക്കിയതെന്നാണ് പുറത്ത് വരുന്ന വിവരം. വിരുന്നില്‍ തലസ്ഥാനത്തെ മറ്റൊരു സിപിഎം പ്രമുഖന്റെ ദുബൈയിലുള്ള മകനടക്കം പങ്കെടുത്തിരുന്നു. ഇദ്ദേഹമാണ് മന്ത്രിപുത്രനെ സ്വപ്ന സുരേഷിന് പരിചയപ്പെടുത്തിയത്.

ഈ വിരുന്നിന് പിന്നാലെയാണ് 2019 ല്‍ ലൈഫ് മിഷന്‍ കരാറില്‍ മന്ത്രിയുടെ മകന്‍ ഇടനിലക്കാരനായതെന്നാണ് സൂചന. സ്വപ്നയുമായുള്ള ബന്ധമുണ്ടെന്നതിന് തെളിവുകള്‍ ലഭിച്ചതോടെ കേന്ദ്ര ഏജന്‍സികള്‍ മന്ത്രിയുടെ മകനെയും ചോദ്യം ചെയ്യും. വിരുന്നിലെ ചിത്രങ്ങള്‍ കേന്ദ്ര ഏജന്‍സിക്ക് ലഭിച്ചതിന് പിന്നാലെ ഇതിന്റെ് വീഡിയോ ദൃശ്യങ്ങള്‍ക്കായി അന്വേഷണം തുടങ്ങിയിട്ടുണ്ട്.

chandrika: