X

ഗൂഗിളിന് 1337 കോടി പിഴ; നടപടി ശരിവെച്ച് ട്രൈബ്യൂണല്‍

ന്യൂഡല്‍ഹി: ഗൂഗിളിന് മേല്‍ മത്സരകമ്മീഷന്‍ ചുമത്തിയ 1337.76 കോടി രൂപ പിഴ ശരിവെച്ച് നാഷണല്‍ കമ്പനി ലോ അപ്പല്ലറ്റ് ട്രൈബ്യൂണല്‍ (എന്‍.സി.എല്‍.എ.ടി). ട്രിബ്യൂണലിന്റെ രണ്ടംഗ ബെഞ്ച് 30 ദിവസത്തിനുള്ളില്‍ മുഴുവന്‍ പിഴത്തുകയും നല്‍കാന്‍ നിര്‍ദേശം നല്‍കി. അതേസമയം ജസ്റ്റിസ് അശോക് ഭൂഷന്‍, ട്രിബ്യൂണല്‍ അംഗം അശോക് ശ്രീവാസ്തവ എന്നിവര്‍ അടങ്ങുന്ന ബെഞ്ച് മത്സര കമ്മീഷന്റെ ഉത്തരവില്‍ ചില മാറ്റങ്ങളും വരുത്തി. വിപണികളില്‍ മേധാവിത്വം ഉറപ്പാക്കാന്‍ ആന്‍ഡ്രോയിഡ് അധിഷ്ഠിത മൊബൈല്‍ ഫോണുകളെ ദുരുപയോഗം ചെയ്തുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ മത്സര കമ്മീഷന് ഗൂഗിളിന് പിഴയിട്ടത്.

ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഗൂഗിളിന്റെ ഹര്‍ജി കോടതി തള്ളി. പിഴശിക്ഷ സ്‌റ്റെ ചെയ്യില്ലെന്ന് ജനുവരിയില്‍ തന്നെ എന്‍.സി.എല്‍.എ.ടി അറിയിച്ചിരുന്നു. പിഴത്തുകയുടെ പത്ത് ശതമാനം ഉടന്‍ നല്‍കാനും അന്ന് നിര്‍ദേശിച്ചിരുന്നു. ഹര്‍ജിയില്‍ മത്സര കമ്മീഷന് ട്രൈബ്യൂണല്‍ നോട്ടീസ് അയക്കുകയും ചെയ്തു. ഈ നടപടികള്‍ക്കൊടുവിലാണ് ട്രൈബ്യൂണലിന്റെ അന്തിമതീരുമാനം.

webdesk11: