X

ഗുരുവിന് ബദലല്ല ഗൂഗിള്‍

പി. ഇസ്മായില്‍ വയനാട്

ഇന്ന് ദേശീയ അധ്യാപക ദിനം

വിദ്യാര്‍ത്ഥികളുടെ മനസില്‍ അഗ്‌നി സ്ഫുലിംഗങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്നവരാണ് അധ്യാപകര്‍. മാനവരാശിക്ക് സാമൂഹ്യ ജീവിതം പകരുന്നതും അധ്യാപകരാണ്. മാതാ പിതാ ഗുരു ദൈവം എന്ന മഹത്വം കല്‍പിക്കലില്‍ അധ്യാപനത്തിന്റെ പ്രധാന്യമാണ് വിളംബരം ചെയ്യുന്നത്. ലോക തലത്തില്‍ അറിയപ്പെടുന്ന മഹാന്‍മാരെല്ലാം തന്നെ അധ്യാപകരുടെ സ്‌നേഹ ലാളനയേറ്റു വളര്‍ന്നവരാണ്. രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന എ.പി .ജെ അബ്ദുള്‍ കലാം രാമേശ്വരത്തെ സ്‌കൂളില്‍ അഞ്ചാം തരത്തില്‍ പഠിക്കുമ്പോള്‍ ശിവസുബ്രഹമണ്യ അയ്യര്‍ എന്ന അധ്യാപകന്‍ പക്ഷികള്‍ പറക്കുന്നത് സംബന്ധിച്ച് നടത്തിയ ഭാഷണമാണ് തന്റെ ജീവിതത്തില്‍ ലക്ഷ്യവും ദൗത്യവും പ്രദാനം ചെയ്തതെന്ന് പറഞ്ഞിട്ടുണ്ട്.

പക്ഷിയുടെ ചിറക്, വാല്, തല, ശരീര ഘടന, എന്നിവയെല്ലാം വിശദമാക്കുന്ന ചിത്രം അധ്യാപകന്‍ ബോര്‍ഡില്‍ വരച്ചു. ചിറകടിച്ചു പക്ഷികള്‍ മേലോട്ടുയരുന്നതും പറക്കുമ്പോള്‍ വാലിന്റെ സഹായത്തോടെ ദിശ മാറുന്നതും വിശദീകരിച്ചു. ഉയര്‍ച്ച, മുന്നോട്ടു പോകല്‍, പറക്കുന്ന രീതി മുതലായ കാര്യങ്ങളെ കുറിച്ച് 25 മിനുട്ടാണ് അധ്യാപകന്‍ ക്ലാസെടുത്തത്. മനസിലായോ എന്ന ചോദ്യത്തിന് കലാം ഉള്‍പ്പെടെ ഒരു കൂട്ടം കുട്ടികള്‍ ഇല്ലാ എന്ന് ഉത്തരം നല്‍കിയപ്പോള്‍ അധ്യാപകന്‍ ഒട്ടും ക്ഷുഭിതനായില്ല. വൈകുന്നേരം കുട്ടികളെ കടല്‍ തീരത്തു കൊണ്ടുപോയി കടല്‍ പക്ഷികള്‍ കൂട്ടമായി പറക്കുന്നത് ചൂണ്ടികാട്ടി. പറക്കുമ്പോള്‍ പക്ഷികള്‍ക്കുണ്ടാകുന്ന മാറ്റങ്ങളും ചിറകടിക്കുന്നതും ഉദ്ദേശിക്കുന്ന ദിക്കിലേക്ക് പറക്കാന്‍ വാല് സഹായിക്കുന്നതും കൃത്യമായി മനസിലാക്കി കൊടുക്കുന്നതില്‍ അധ്യാപകന്‍ വിജയിച്ചു. എഞ്ചിനീയര്‍ , എയറോസ്‌പേസ് എഞ്ചിനീയര്‍, ടെക്‌നോളജിസ്റ്റ് എന്നീ നിലകളിലേക്കുള്ള കലാമിന്റെ വളര്‍ച്ചയില്‍ വഴിത്തിരിവായത് അയ്യരുടെ ക്ലാസും കടല്‍ തീര സന്ദര്‍ശനവുമായിരുന്നു.

ഡോക്ടര്‍ക്കും ഡ്രൈവര്‍ക്കും എഞ്ചിനീയര്‍ക്കും അഭിഭാഷകര്‍ക്കും പറ്റുന്ന തെറ്റിന് ബന്ധപ്പെട്ടവര്‍ മാത്രമാണ് ഇരകളാവുന്നതെങ്കില്‍ അധ്യാപനത്തിലെ പിഴവിന് എത്രയോ തലമുറകളാണ് ദുരിതം പേറേണ്ടി വരുന്നത്. അധ്യാപകരുടെ തെറ്റായ വീക്ഷണത്തിന് ഇരകളാവുകയും പില്‍ക്കാലത്ത് ലോക ജനതയെ പിടിച്ചു കുലുക്കുകയും ചെയ്ത മൂന്ന് കുട്ടികളെ കുറിച്ചുള്ള സാമൂഹ്യ വിലയിരുത്തല്‍ നന്നാവും. ഒന്നാമന്‍ ചെയ്ത തെറ്റ് അധ്യാപകന്‍ പഠിപ്പിക്കുമ്പോള്‍ ചിത്രം വരച്ചതാണ്. രണ്ടാമന്‍ ചെയ്തത് സഹപാഠികളുമായി വഴക്കടിച്ചതാണ്. മുന്നാമന്‍ ചെയ്തതാവട്ടെ വിപ്ലാവംശങ്ങള്‍ നിറഞ്ഞ പുസ്തകങ്ങള്‍ വായിച്ചതാണ്. ഇതില്‍ ഒന്നാമത്തെ വിദ്യാര്‍ത്ഥി ഹിറ്റ്‌ലറും രണ്ടാമന്‍ മുസോളിനിയും മൂന്നാമന്‍ സ്റ്റാലിനുമായിരുന്നു. അവരുടെ സിദ്ധികള്‍ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുന്നതിനും തിരുത്തുന്നതിനും പകരം അധ്യാപകര്‍ കര്‍ക്കശമായി പെരുമാറിയതിന്റെ ദുരന്തം സമൂഹമാണ് അനുഭവിച്ചത്.

താന്‍ പഠിപ്പിക്കുന്ന കുട്ടികളുടെ ഗുണങ്ങളെ കുറിച്ച് സ്വന്തം കൈപ്പടിയില്‍ കത്തെഴുതിയ അമേരിക്കയിലെ ബ്രിട്ട്‌നി ഡാറസ് എന്ന അധ്യാപികയുടെ പ്രവര്‍ത്തനം മാധ്യമങ്ങള്‍ വലിയ പ്രാധ്യാന്യത്തോടെയാണ് കൊണ്ടാടിയത്. തന്റെ ക്ലാസിലെ ഒരു കുട്ടി ആത്മഹത്യക്ക് ശ്രമിച്ചുവെന്ന രക്ഷിതാവിന്റെ വെളിപെടുത്തലിന് തുടര്‍ന്നാണ് അധ്യാപികയുടെ മനസില്‍ കത്തെഴുത്ത് എന്ന ആശയം ഉദിച്ചത്. ഓരോ കുട്ടിക്കും അവരുടെ ജീവിതത്തില്‍ എത്രത്തോളം പ്രാധാന്യമുണ്ടെന്നും അവരുടെ നല്ല ഗുണങ്ങളെ എണ്ണി പറഞ്ഞുമാണ് ടീച്ചര്‍ കത്തെഴുതിയത്. ഇത്രയും നല്ല അഭിപ്രായം ഇതുവരെ ഞങ്ങളെ കുറിച്ച് ആരും പറഞ്ഞിട്ടില്ലന്ന് പറഞ്ഞ് കത്ത് കിട്ടിയ നിമിഷം അവരെല്ലാം സന്തോഷത്തോടെ തുള്ളിച്ചാടുകയും കരയുകയുമായിരുന്നു. ഈ കത്ത് നേരത്തെ കിട്ടിയിരുന്നുവെങ്കില്‍ ഞാന്‍ മരണത്തെ കുറിച്ച് ആലോചിക്കുക പോലുമില്ലന്നായിരുന്നു ആത്മഹത്യാശ്രമം നടത്തിയ വിദ്യാര്‍ത്ഥിനി അഭിപ്രായപ്പെട്ടത്.

അഞ്ചു വയസ് മുതല്‍ 17 വയസു വരെയുള്ള പ്രായത്തില്‍ 25,000 മണിക്കൂര്‍ സമയമാണ് ഓരോ വിദ്യാര്‍ത്ഥിയും വിദ്യാലയത്തില്‍ ചിലവഴിക്കുന്നത്. അച്ഛന്‍, അമ്മ, സഹോദരങ്ങള്‍, ന്യായാധിപന്‍, നിയമപാലകന്‍ , വിധി കര്‍ത്താവ്, മധ്യസ്ഥന്‍, പരിശീലകന്‍, തുടങ്ങി വിവിധ റോളുകളാണ് ഓരോ അധ്യാപകനും നിര്‍വഹിക്കാനുള്ളത്. അറിവുകള്‍ അധ്യാപകരില്‍ നിന്നു മാത്രമല്ല ഗൂഗിള്‍ വഴിയും ലഭിക്കും. പക്ഷേ ജീവിത മൂല്യങ്ങള്‍ പകരാന്‍ കഴിയാത്തതിനാല്‍ അധ്യാപകനു ബദലായി മാറാന്‍ ഗൂഗിളിന് കഴിയില്ല. വിദ്യാര്‍ത്ഥികളെ പ്രചോദിപ്പിക്കാനും കാരുണ്യത്തിന്റെ ജീവിത പാഠങ്ങള്‍ പഠിപ്പിക്കാനും അധ്യാപകനു കഴിയുന്നില്ലങ്കില്‍ അവരും യന്ത്ര ഭാഷ മാത്രം പകരുന്ന ഗൂഗിളും തുല്യരായി മാറും.

web desk 3: