X

നയം വിട്ട് ഗവര്‍ണര്‍

നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ വായിക്കാതെ ഗവര്‍ണര്‍ പി സദാശിവം. സംഘ്പരിവാറിനെ പരോക്ഷമായി വിമര്‍ശിക്കുന്ന ഭാഗങ്ങളും ഗവര്‍ണര്‍ വായിക്കാതെ വിട്ടു കളഞ്ഞത് വിവാദമായി. പതിനാലാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനത്തിന് തുടക്കം കുറിച്ച ഇന്നലെ, ബജറ്റിന് മുന്നോടിയായി അവതരിപ്പിച്ച നയപ്രഖ്യാപന പ്രസംഗമാണ് വിവാദത്തിന് വഴിമരുന്നിട്ടത്.
സംസ്ഥാന സര്‍ക്കാരിനെ മറികടന്ന് ജില്ലാ ഭരണാധികളുമായും തദ്ദേശ സ്ഥാപനങ്ങളുമായും നേരിട്ട് ഇടപെടാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമങ്ങളെ വിമര്‍ശിക്കുന്ന ഭാഗമാണ് ഗവര്‍ണര്‍ വായിക്കാതെ വിട്ടത്. കേന്ദ്ര സര്‍ക്കാര്‍ നടപടി നമ്മെ അസ്വസ്ഥമാക്കുന്നു എന്നാണ് നയപ്രഖ്യാപന പ്രസംഗത്തിലുണ്ടായിരുന്നത്. അപ്രസക്തമെന്ന് തോന്നുന്ന ഭാഗങ്ങള്‍ നയപ്രഖ്യാപന പ്രസംഗങ്ങളില്‍ ഗവര്‍ണര്‍മാര്‍ വായിക്കാതെ വിടാറുണ്ട്. ഇത് ഗവര്‍ണറുടെ വിവേചനാധികാരത്തില്‍ വരുന്നതാണ്. എന്നാല്‍ കേന്ദ്രത്തെ വിമര്‍ശിക്കുന്ന ഭാഗം തന്നെ തെരഞ്ഞുപിടിച്ച് വിട്ടു കളഞ്ഞതാണ് വിവാദമായത്.
സംസ്ഥാന സര്‍ക്കാറുകളുടെ നയങ്ങളാണ് നയപ്രഖ്യാപന പ്രസംഗമായി ഗവര്‍ണര്‍മാര്‍ സഭയില്‍ അവതരിപ്പിക്കാറ്. അതുകൊണ്ടുതന്നെ സംസ്ഥാന സര്‍ക്കാറുകള്‍ തയ്യാറാക്കി നല്‍കുന്ന പ്രസംഗങ്ങളിലെ നയപരമായ കാര്യങ്ങളില്‍ ഗവര്‍ണമാര്‍ മാറ്റം വരുത്താറില്ല. ഇന്നലെ ഗവര്‍ണര്‍ സദാശിവം നടത്തിയ പ്രസംഗത്തിലും നയപ്രഖ്യാപന പ്രസംഗത്തില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. അതേസമയം കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിക്കുന്ന ചില ഭാഗങ്ങള്‍ വായിക്കാതെ വിടുകയായിരുന്നു. ഇതു സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്, തന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.
നയപ്രഖ്യാപന പ്രസംഗത്തിലൂടെ ഗവര്‍ണറെ ഉപയോഗിച്ച് കേന്ദ്രത്തെ വിമര്‍ശിക്കാനുള്ള സംസ്ഥാനത്തിന്റെ ശ്രമം ഇതോടെ പാളി. ജി.എസ്.ടിയിലും നോട്ടു പ്രതിസന്ധിയിലും കേന്ദ്രത്തെ കുറ്റപ്പെടുത്തുന്ന നയപ്രഖ്യാപന പ്രസംഗത്തിലെ ഭാഗങ്ങള്‍ ഗവര്‍ണര്‍ സഭയില്‍ വായിച്ചെങ്കിലും മറ്റൊരു കേന്ദ്രവിരുദ്ധ പരാമര്‍ശം വായിക്കാതെ വിടുകയായിരുന്നു.
ചില വര്‍ഗീയ സംഘടനകള്‍ ആസൂത്രണം ചെയ്‌തെങ്കിലും സംസ്ഥാനത്ത് യാതൊരു രീതിയിലുമുള്ള വര്‍ഗീയ ലഹളയും ഉണ്ടായില്ല എന്ന ഭാഗവും ഗവര്‍ണര്‍ വായിക്കാതെ വിട്ടു. സംഘ്പരിവാറിനെ പേരെടുത്ത് പറയാതെ വിമര്‍ശിക്കുന്ന ഈ ഭാഗത്ത്, സംസ്ഥാനത്ത് വര്‍ഗീയ ലഹളയുണ്ടായില്ല എന്ന് മാത്രമാണ് ഗവര്‍ണര്‍ പറഞ്ഞത്. മാധ്യമങ്ങള്‍ക്കും നിയമസഭാംഗങ്ങള്‍ക്കും നല്‍കിയ നയപ്രഖ്യാപന പ്രസംഗത്തിന്റെ അച്ചടിച്ച കോപ്പിയില്‍ ഈ ഭാഗങ്ങള്‍ ഉണ്ട്.
മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസംഗത്തിന്റെ കോപ്പിയില്‍ പറയുന്നത് ഇപ്രകാരമാണ്. ”കഴിഞ്ഞ ഒരു വര്‍ഷം വിവിധ കേന്ദ്രങ്ങളില്‍ നിന്ന് നമ്മുടെ സംസ്ഥാനത്തിന്റെ മതേതര പാരമ്പര്യങ്ങള്‍ക്കെതിരായി അപകീര്‍ത്തികരമായ ആക്രമണങ്ങള്‍ ഉണ്ടാവുകയും നമ്മുടെ സാമൂഹിക മേഖലയിലെ നേട്ടങ്ങള്‍ക്കെതിരെ സംശയങ്ങള്‍ ഉയര്‍ത്തുകയും ഉണ്ടായി. ദേശീയ തലത്തില്‍ സംസ്ഥാനത്തിനെതിരെ ചില കുപ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് സംസ്ഥാനത്ത് യാതൊരു ഭീഷണികളുമില്ല. ഇത്തരം പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണ്”- ഈ ഭാഗങ്ങളെല്ലാം സഭയില്‍ വായിച്ച ഗവര്‍ണര്‍, സംഘ് പരിവാറിനെ പരോക്ഷമായി പരാമര്‍ശിക്കുന്ന ഭാഗം വിട്ടുകളഞ്ഞതാണ് വിവാദത്തിന് ഊര്‍ജ്ജം പകര്‍ന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ ജി.എസ്.ടിയും നോട്ട് നിരോധനവും രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചുവെന്ന് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. ജി.എസ്.ടി സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക അധികാരങ്ങള്‍ ഗൗരവതരമായി പരിമിതപ്പെടുത്തി. നോട്ട് അസാധുവാക്കലും അനുചിതമായ രീതിയിലും സമയത്തും ജി.എസ്ട.ി നടപ്പാക്കിയതും സമ്പദ് വ്യവസ്ഥയെ ഗുരുതരമായി മന്ദീഭവിപ്പിക്കുകയും തൊഴിലില്ലായ്മ വര്‍ധിപ്പിക്കുകയും ചെയ്തതായി ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

chandrika: