X

‘ ഞാന്‍ ആരുടെയും നിയന്ത്രണത്തിലല്ല, പഠിച്ച ശേഷം മാത്രം ഒപ്പിടും’ ; നിലപാട് കടുപ്പിച്ച് ഗവര്‍ണര്‍

ന്യൂഡല്‍ഹി: ഓര്‍ഡിനന്‍സ് ഒപ്പുവെക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ നിലപാട് കടുപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. താന്‍ ആരുടെയും നിയന്ത്രണത്തിലല്ലെന്നും ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടുന്ന കാര്യത്തില്‍ ആരുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. വിശദമായി പഠിച്ച ശേഷം മാത്രമേ ഓര്‍ഡിനന്‍സ് ഒപ്പിടുകയുള്ളൂവെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

വിമര്‍ശനത്തിന് എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍ അതിന് മറുപടി പറയാന്‍ താല്‍പര്യപ്പെടുന്നില്ല. തന്റെ ബോധ്യത്തിന് അനുസരിച്ചാണ് കാര്യങ്ങള്‍ ചെയ്യുന്നത്. നിയമസഭ ചേരാത്ത സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സ് ഇറക്കുന്നത്. കഴിഞ്ഞ തവണ നിയമസഭ ചേര്‍ന്നപ്പോള്‍ എന്തുകൊണ്ട് അത് സഭയില്‍ വെച്ചില്ല? ഇതിനെക്കുറിച്ചൊക്കെ വിശദമായി പഠിച്ച ശേഷം മാത്രമേ ഓര്‍ഡിനന്‍സില്‍ ഒപ്പിടുന്ന കാര്യം ആലോചിക്കൂവെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

സര്‍വകലാശാലകളില്‍ ഗവര്‍ണറുടെ അധികാരം വെട്ടിചുരുക്കണമെന്നും മുഖ്യമന്ത്രിയെ സര്‍വകലാശാലയുടെ വിസിറ്ററായി നിയമിക്കണമെന്നുമുള്ള ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷന്റെ ശുപാര്‍ശയെക്കുറിച്ചുള്ള ചോദ്യത്തിന് താന്‍ പ്രതികരണത്തിനില്ലെന്ന മറുപടിയാണ് ഗവര്‍ണര്‍ നല്‍കിയത്. കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയത് മന്ത്രിക്കാണെന്നും റിപ്പോര്‍ട്ട് താന്‍ കണ്ടിട്ടില്ലെന്നും ആ സാഹചര്യത്തില്‍ താന്‍ എന്തിന് പ്രതികരണമെന്നും ഗവര്‍ണര്‍ ചോദിച്ചു.

 

Chandrika Web: