X

ഹരിത പെരുമാറ്റച്ചട്ടം വൈകരുത്-എഡിറ്റോറിയല്‍

സ്‌കോട്ട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോയില്‍ ഇരുനൂറോളം രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ ആഗോള താപനം തടയാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് തല പുണ്ണാക്കി ആലോചനയിലാണ്. കാലാവസ്ഥാവ്യതിയാനം ദുരന്തങ്ങളും ദുരിതങ്ങളുമായി മനുഷ്യരാശിയെ വേട്ടയാടുമ്പോള്‍ ഭാവി തലമുറയ്ക്കായി ഭൂമിയെ ബാക്കിവെക്കണമെന്ന ഗൗരവ ചിന്തയാണ് ഗ്ലാസ്‌ഗോ ഒത്തുചേരലിന് പ്രേരകം. 2015ല്‍ പാരിസില്‍ അംഗീകരിച്ച കാലാവസ്ഥാ ഉടമ്പടിയിലെ ഉറപ്പുകള്‍ പ്രാവര്‍ത്തികമാക്കുന്നതിനെക്കുറിച്ചാണ് സമ്മേളനത്തിന്റെ പ്രധാന ചര്‍ച്ച. അതായത് ആറ് വര്‍ഷം മുമ്പ് കോടികള്‍ ചെലവിട്ട് രാഷ്ട്രത്തലവന്മാരുടെ ആശീര്‍വാദത്തോടെ എഴുതിപ്പിടിപ്പിച്ച പ്രഖ്യാപനങ്ങള്‍ ഇപ്പോഴും കടലാസില്‍ ഒതുങ്ങുന്നുവെന്ന് അര്‍ത്ഥം. ഭൂമിയെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്ന പരിസ്ഥിതി മലിനീകരണം മഹാദുരന്തത്തിലേക്കാണ് നമ്മെ വലിച്ചുകൊണ്ടുപോകുന്നതെന്ന വിലാപത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. സമീപ കാലത്ത് അതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് അല്‍പം ചൂടിപിടിച്ചെന്ന് മാത്രം. ഉച്ചകോടികളിലൂടെ പരിഹരിക്കാവുന്ന പ്രശ്‌നങ്ങളല്ല ഭൂമി അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നതെന്ന് യു.എന്‍ കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസ് (സി.ഒ.പി) സമ്മേളനം 26-ാമതില്‍ എത്തിനില്‍ക്കുമ്പോള്‍ നാം അറിയേണ്ടതുണ്ട്.

വ്യക്തിയില്‍നിന്ന് തുടങ്ങി അന്താരാഷ്ട്ര തലം വരെ വളര്‍ന്നിരിക്കുന്ന സ്വാര്‍ത്ഥതയാണ് ഭൂമിയെ മാലിന്യത്തൊട്ടിയാക്കി മാറ്റിയതെന്ന വസ്തുത സൗകര്യപൂര്‍വ്വം മറക്കാനാണ് എല്ലാവര്‍ക്കും താല്‍പര്യം. 2050 ഓടെ കാര്‍ബണ്‍ പുറന്തള്ളല്‍ അവസാനിപ്പിക്കുമെന്ന് പാരിസില്‍ അമ്പതിലേറെ രാജ്യങ്ങള്‍ പ്രതിജ്ഞ ചെയ്തിരുന്നു. പക്ഷേ, ലക്ഷ്യത്തിലേക്ക് ചുവടുവെക്കാന്‍ ആരുമുണ്ടായില്ല. അന്തരീക്ഷത്തെ ചൂടുപിടിപ്പിക്കുന്ന ഹരിതഗൃഹ വാതകങ്ങളെ ഉപേക്ഷിച്ച് പുതിയൊരു ഊര്‍ജ രൂപത്തെക്കുറിച്ച് ചിന്തിക്കാനാവാത്ത അവസ്ഥയിലാണിപ്പോള്‍ മനുഷ്യന്‍. ദരിദ്ര രാജ്യങ്ങള്‍ പ്രത്യേകിച്ചും അക്കാര്യത്തില്‍ കൈ മലര്‍ത്തുകയാണ്. ക്ലീന്‍ എനര്‍ജിയിലേക്ക് മാറാന്‍ സമ്പന്ന രാഷ്ട്രങ്ങള്‍ തങ്ങളെ സഹായിക്കണമെന്നാണ് ദരിദ്ര രാജ്യങ്ങളുടെ ആവശ്യം. അക്കാര്യത്തില്‍ പ്രായോഗിക പ്രശ്‌നങ്ങളുണ്ടെന്ന് സമ്പന്ന രാജ്യങ്ങളും പറയുന്നു. ആ തര്‍ക്കം എന്ന് അവസാനിക്കുമെന്ന് തീര്‍ച്ചയില്ല. വ്യാവസായിക മുന്നേറ്റത്തില്‍ മത്സരിച്ചുകൊണ്ടിരിക്കുമ്പോള്‍ പുകക്കുഴലുകള്‍ വിഷം തുപ്പിക്കൊണ്ടേയിരിക്കും. തല്‍ക്കാലം വലിയ പ്രഖ്യാപനങ്ങളുടെ പിന്നാലെ പോകാതെ പ്രായോഗിക പരിഹാരങ്ങളെക്കുറിച്ച് ചിന്തിക്കുന്നതാണ് ഇനി നല്ലത്. വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുന്ന കൊച്ചു ചുവടുവെപ്പുകള്‍ക്ക് അറച്ചുനില്‍ക്കേണ്ടതില്ല.

പരിസ്ഥിതി മലിനീകരണത്തിന്റെ പ്രധാന വില്ലനാണ് പ്ലാസ്റ്റിക് ബാഗുകള്‍. പുനരുപയോഗം സാധ്യമല്ലാത്ത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തുടങ്ങിയിട്ട് കാലങ്ങളായി. അത് പക്ഷേ, ഇതുവരെയും യാഥാര്‍ത്ഥ്യമായിട്ടില്ല. 2020 ജനുവരിയില്‍ കേരളത്തില്‍ പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തില്‍ വന്നെങ്കിലും കോവിഡ് വ്യാപനത്തോടെ അതെല്ലാം കാറ്റില്‍ പറത്തുകയായിരുന്നു. പരിശോധനകള്‍ നിലച്ചു. പ്ലാസ്റ്റിക് കാരിബാഗുകള്‍ ഒളിസങ്കേതങ്ങളില്‍നിന്ന് പുറത്തുവരുകയും ചെയ്തു. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് തടയിടാന്‍ നിരോധന പ്രഖ്യാപനങ്ങള്‍കൊണ്ട് മാത്രമായില്ല. അതിനപ്പുറം വിട്ടുവീഴ്ചയില്ലാത്ത നടപടികളിലേക്ക് നീങ്ങേണ്ടതുണ്ട്. ഹരിത പെരുമാറ്റച്ചട്ടം ശീലിക്കാന്‍ സമൂഹത്തെ പരിശീലിപ്പിക്കുകയും വേണം.

75 മൈക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക് കാരിബാഗുകള്‍ക്കും 60 ജി.എസ്.എമ്മില്‍ കുറഞ്ഞ നോണ്‍-വൂവണ്‍ ബാഗുകള്‍ക്കും കേരളം നേരത്തെ നിരോധിച്ചതാണ്. അത് പ്രഖ്യാപനത്തില്‍ മാത്രമായി ഒതുങ്ങി. ഇപ്പോള്‍ കാലവര്‍ഷത്തോടൊപ്പം വെള്ളപ്പൊക്കം മാത്രമല്ല, പ്ലാസ്റ്റിക് പ്രളയവും നേരിടേണ്ടിവരുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പുറംതള്ളാനുള്ള അവസരമായാണ് പലരും മഴക്കാലത്തെ കാണുന്നത്. വീട്ടിലും കടകളിലും അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ ഒഴുക്കിവിടാന്‍ അല്‍പവും ലജ്ജയില്ല. കാലവര്‍ഷം അവസാനിക്കുന്നതോടെ തോടുകളിലും നദികളിലും കുമിഞ്ഞുകൂടുന്ന പ്രാസ്റ്റിക് മാലിന്യങ്ങളുണ്ടാക്കുന്ന ആരോഗ്യ, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ചില്ലറയല്ല. വൈകാതെ സമുദ്രത്തില്‍ മത്സ്യങ്ങളേക്കാള്‍ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഉണ്ടാകുമെന്നാണ് പരിസ്ഥിതി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്.
പ്ലാസ്റ്റികിന്റെ ഉപയോഗം കുറയ്ക്കാനും പുനരുപയോഗം സാധിക്കാത്തത് കര്‍ശനമായി നിരോധിക്കാനും ഇനിയും വൈകിക്കൂടാ. ഒരുപക്ഷേ, കോവിഡിന് ശേഷം മനുഷ്യരാശി നേരിടേണ്ടിവരുന്ന വലിയ വെല്ലുവിളി അലക്ഷ്യമായി വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് സഞ്ചികളും കുപ്പികളും കൊണ്ടുവരുന്ന ദുരന്തങ്ങളായിരിക്കും.

പ്രകൃതി സംരക്ഷണത്തിനുള്ള പ്രോട്ടോകോള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കിയേ തീരൂ. ദൈനംദിന ജീവിതത്തെ പ്ലാസ്റ്റിക് രഹിതമാക്കാന്‍ ഓരോരുത്തരും പ്രതിജ്ഞയെടുക്കണം. വരും തലമുറയെ ഓര്‍ത്ത് കടുകും പഞ്ചസാരയും കടലാസില്‍ പൊതിഞ്ഞുവാങ്ങിയിരുന്ന പഴയ കാലത്തേക്ക് അല്‍പമെങ്കിലും മടങ്ങേണ്ടതുണ്ട്.

 

web desk 3: