X

ഗ്രീന്‍ ഫീല്‍ഡ് ഹൈവേ: ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണം- സ്വതന്ത്രകര്‍ഷകസംഘം

പാലക്കാട്, മലപ്പുറം കോഴിക്കോട് ജില്ലകളിലൂടെ കടന്നുപോകുന്ന ഗ്രീന്‍ഫീല്‍ഡ് ഹൈവേപദ്ധതി പ്രദേശങ്ങളില്‍ വീടുകളും കൃഷിസ്ഥലങ്ങളും മറ്റും നഷ്ടപ്പെടുന്നവര്‍ക്ക് 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരമുള്ള നഷ്ടപരിഹാരം നല്‍കണമെന്ന് സ്വതന്ത്ര കര്‍ഷകസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി കളത്തില്‍ അബ്ദുള്ള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പാലക്കാട് നിന്നാരംഭിച്ച് കോഴിക്കോട് പന്തീരാംകാവില്‍ അവസാനിക്കുന്ന നിര്‍ദിഷ്ടപാതയ്ക്ക് 121 കിലോമീറ്റര്‍ ദൈര്‍ഘ്യമാണുള്ളത്. ഇതില്‍ 45 മീറ്ററില്‍ ആറുവരി പാതയാണ് നിര്‍മിക്കുന്നത്. മൂന്നു ജില്ലകളിലായി 39 വില്ലേജുകളിലൂടെയാണ് പാത കടന്നുപോകുന്നത്.

പാലക്കാട് ജില്ലയിലെ 13 വില്ലേജുകളിലും പാലക്കാട് താലൂക്കിലെ ഒമ്പത് വില്ലേജുകളിലൂടെയുമാണ് ദേശീയപാത കടന്നുപോകുന്നത്.പാലക്കാട് താലൂക്കിലെ മരുതറോഡ് ഗ്രാമപഞ്ചായത്ത് മുതല്‍ മണ്ണാര്‍ക്കാട് താലൂക്കിലെ അലനല്ലൂര്‍, എടത്തനാട്ടുകര വരെയാണിത്. മണ്ണാര്‍ക്കാട് താലൂക്കിലെ പഞ്ചായത്തുകളായ കരിമ്പ,തച്ചമ്പാറ,കാഞ്ഞിരപ്പുഴ, തെങ്കര,കുമരംപുത്തൂര്‍,കോട്ടോപ്പാടം,അലനല്ലൂര്‍, എടത്തനാട്ടുകര വരെ,എടപ്പറ്റയിലൂടെയും മലപ്പുറം ജില്ലയില്‍ നിലമ്പൂര്‍, ഏറനാട്, കൊണ്ടോട്ടി, പെരിന്തല്‍മണ്ണ എന്നിങ്ങനെ നാലു താലൂക്കുകളിലായി 15 വില്ലേജുകളിലൂടെയാണ് പാത കടന്നു പോവുക. എടപ്പറ്റ, കരുവാരക്കുണ്ട്,തുവ്വൂര്‍, ചെമ്പ്രശ്ശേരി, വെട്ടിക്കാട്ടിരി, പോരൂര്‍, എളംകൂര്‍, കാരക്കുന്ന്, പെരകമണ്ണ, കാവന്നൂര്‍, അരീക്കോട്, മുതുവല്ലൂര്‍, ചീക്കോട്, വാഴക്കാട്, വാഴയൂര്‍ വില്ലേജുകളിലായി 304.593 ഹെക്ടര്‍ ഭൂമിയാണ് ദേശീയപാതയ്ക്കായി ഏറ്റെടുക്കുന്നത്.

കോഴിക്കോട് ജില്ലയില്‍ പെരുമണ്ണയിലടക്കം മൂന്ന് ജില്ലകളിലായി നിരവധി കൃഷിയിടങ്ങളും മറ്റുമാണ് കര്‍ഷകര്‍ക്ക് നഷ്ടമാകുന്നത്. അര്‍ഹമായ നഷ്ടപരിഹാരം ഉടനെലഭ്യമാകണമെന്നും അല്ലാത്ത പക്ഷം പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങുമെന്നും കളത്തില്‍ അബ്ദുള്ള അറിയിച്ചു.

 

Chandrika Web: