X

ചലച്ചിത്രമേളയിലും രാഷ്ട്രീയം കലർത്തി റിസർവേഷനെച്ചൊല്ലി പരാതിമേള

കെ.പി ജലീൽ

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ കമ്യൂണിസ്റ്റ് രാഷ്ട്രീയം കലർത്തുന്നതായി പരാതി. ചൈന , വിയറ്റ്നാം , ഉത്തര കൊറിയ ,ക്യൂബ തുടങ്ങിയ രാജ്യങ്ങളിലെ സിനിമകൾ തിരഞ്ഞെടുത്തതിൽ അവിടുത്തെ ഭരണകൂടങ്ങളെ പ്രകീർത്തിക്കുന്ന സിനിമ കൾ മാത്രമാണെന്നാണ് പരാതി. ഭരണകൂടവിമർശനമാണ് ചലച്ചിത്രങ്ങളുടെ പ്രധാന ദൗത്യങ്ങളിലൊന്ന് എന്നത് മറന്നാണിത്. അന്താരാഷ്ട്ര തലത്തിലെ നൂറോളം സിനിമകളിൽ ഒറ്റയെണ്ണവും കമ്യൂണിസ്റ്റ് സർക്കാരുകളെ വിമർശിക്കുന്നില്ല.

അതേ സമയം ലൈലാസ് ബ്രദേഴ്സ് പോലുള്ള ഇറാൻ സിനിമകൾക്ക് വൻ പ്രചാരം നൽകുകയും ചെയ്തു .
ഇറാൻ ഭരണകൂടത്തെ വിമർശിക്കുന്നതും അവിടുത്തെ പ്രക്ഷോഭത്തെ പിന്തുണക്കുന്നതുമായ മഹ് നാസ് മുഹമ്മദിയുടെ ചിത്രമാണ് ‘ലൈലാസ് ബ്രദേഴ്സ്’. ഇറാനിൽ നിരോധിച്ച ഈ ചിത്രത്തിൻ്റെ സംവിധായികയ്ക്കാണ് മേളയിലെ സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് നൽകിയിരിക്കുന്നത്. വലിയ ജനാധിപത്യം പറയുന്നവരാണ് ഇത് ചെയ്യുന്നതെന്നതാണ് കൗതുകകരം.

അതിനിടെ റിസർവേഷൻ കിട്ടാതെ പ്രതിനിധികളിൽ പലർക്കും ചിത്രങ്ങൾ കാണാൻ കഴിയാത്ത സ്ഥിതിയുമുണ്ടായി. കഴിഞ്ഞ വർഷങ്ങളിലില്ലാത്ത വിധം മൂന്ന് സിനിമകൾക്ക് മാത്രമേ ഒരാൾക്ക് ഇത്തവണ അനുവാദമുള്ളൂ. 13500 പേർക്ക് പാസ് നൽകിയതാണ് കാരണമെങ്കിലും 6000 പേർക്ക് മാത്രമേ ഒരു സമയം സിനിമക്ക് അവസരമുള്ളൂ. ബാക്കിയുള്ളവർ പുറത്തിരിക്കേണ്ട അവസ്ഥയിലാണ്. റിസർവേഷൻ ലഭിക്കാൻ മൊബൈലിൽ ആപ് ഉപയോഗിക്കാൻ കഴിയാത്തവരാണ് നിരാശരായത്. മുതിർന്നവർക്ക് അവസാനം റിസർവ് ചെയ്യാൻ കഴിയാതെ നിലത്തിരുന്ന് സിനിമ കാണേണ്ട അവസ്ഥയും .അതേസമയം റിസർവേഷൻ കിട്ടാത്തവരെ കാണാൻ അനുവദിക്കുന്നുണ്ട് എന്ന ന്യായമാണ് സംഘാടകർക്ക് നിരത്താനുള്ളത്.

web desk 3: