X

ജി.എസ്.ടിക്കും പെട്രോള്‍, ഡീസല്‍ വിലയെ രക്ഷിക്കാനാവില്ല

ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില കുറയ്ക്കുന്നതിനുള്ള ഒരു മാര്‍ഗമായി സാധാരണക്കാര്‍ മുതല്‍ വിദഗ്ധര്‍ വരെ ചൂണ്ടി കാണിക്കുന്നത് ഇവയെ ജി.എസ്.ടിയ്ക്കു കീഴിലാക്കുക എന്നതാണ്. പരമാവധി ജി.എസ്.ടി ഏര്‍പ്പെടുത്തിയാലും 28 ശതമാനമായിരിക്കും നികുതി. ഇപ്പോള്‍ കേന്ദ്ര, സംസ്ഥാന നികുതികള്‍ ചേര്‍ത്താല്‍ നികുതി ഭാരം 50 ശതമാനത്തോളമാണെന്നതാണ് ഈ വാദത്തിന് ഇവര്‍ ഉപോല്‍പലകമാക്കുന്നത്. എന്നാല്‍ ഈ വാദങ്ങള്‍ അസ്ഥാനത്താണെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വരാന്‍ ഉദ്ദേശിക്കുന്ന ജി.എസ്.ടി കൊണ്ട് പെട്രോള്‍ -ഡീസല്‍ വിലയില്‍ യാതൊരു മാറ്റവും വരാന്‍ പോകുന്നില്ല. 28 ശതമാനം ജി.എസ്.ടിയും ഇതിനു പുറമെ സംസ്ഥാന നികുതിയും ചുമത്താനാണ് കേന്ദ്രം ആലോചിക്കുന്നത്. അങ്ങനെ വരുമ്പോള്‍ നിലവിലെ നികുതി തന്നെ ഉപഭോക്താവ് നല്‍കേണ്ടി വരുമെന്ന് ചുരുക്കം. പെട്രോളിനും ഡീസലിനും ജി.എസ്.ടി മാത്രം ചുമത്തുന്ന ഒരു രാജ്യവുമില്ലെന്നും അതിനാല്‍ ജി.എസ്.ടിയും വാറ്റും ചേര്‍ത്തുള്ള നികുതിയാവും കൊണ്ടുവരികയെന്നുമാണ് കേന്ദ്ര ധനകാര്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ പറയുന്നത്.

വാറ്റ് ഒഴിവാക്കിയാല്‍ സംസ്ഥാനങ്ങളുടെ നികുതി വരുമാനം ഗണ്യമായി കുറയും. ഇത് പരിഹരിക്കുവാന്‍ നിലവിലെ സാഹചര്യത്തില്‍ കേന്ദ്രത്തിനു കഴിയില്ല, അതുകൊണ്ട് ജി.എസ്.ടിയും വാറ്റും ചേര്‍ത്തുള്ള നികുതി സമ്പ്രദായമാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നാണ് വിവരം. ഇപ്പോള്‍ പെട്രോള്‍ വിലയുടെ 45-50 ശതമാനവും ഡീസലിന്റെ 35-40 ശതമാനവും നികുതിയാണ്.

സര്‍ക്കാറിന്റെ നിര്‍ദ്ദിഷ്ട പെട്രോളിയം നികുതി ഘടന അനുസരിച്ച് ജി. എസ്.ടി വന്നാലും ഇക്കാര്യത്തില്‍ നയാ പൈസയുടെ കുറവ് ലഭിക്കില്ല. നിലവില്‍ പെട്രോള്‍ ലിറ്ററിന് 19.48 രൂപയും ഡീസല്‍ ലിറ്ററിന് 15.33 രൂപയുമാണ് കേന്ദ്രം എക്‌സൈസ് നികുതി ഇനത്തില്‍ ഈടാക്കുന്നത്. ഇതിനു പുറമെ സംസ്ഥാന വാറ്റും ഈടാക്കുന്നുണ്ട്. ആന്‍ഡമാന്‍ ആന്റ് നിക്കോബാറാണ് വാറ്റ് ഏറ്റവും കുറച്ച് ഈടാക്കുന്നത്. ആറു ശതമാനം. മുംബൈയാണ് പെട്രോളിന് ഏറ്റവും കൂടിയ വാറ്റ് നികുതി ഈടാക്കുന്നത്. 39.12 ശതമാനം. അതേ സമയം ഡീസലിന് തെലുങ്കാനയാണ് കൂടിയ വാറ്റ് ഈടാക്കുന്നത്. 26 ശതമാനം.

chandrika: