X

ജി.എസ്.ടി; ഏപ്രില്‍ ഒന്നിന് നടപ്പാകില്ല

ന്യൂഡല്‍ഹി: കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹൃതമാകാത്ത സാഹചര്യത്തില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ ആരംഭത്തില്‍ ചരക്കു സേവന നികുതി (ജി.എസ്.ടി) നടപ്പായേക്കില്ല. വിഷയത്തില്‍ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ അധ്യക്ഷതയില്‍ ന്യൂഡല്‍ഹിയില്‍ രണ്ടു ദിവസങ്ങളിലായി നടന്ന കേന്ദ്ര-സംസ്ഥാന സംയുക്ത യോഗം തീരുമാനമാകാതെ പിരിഞ്ഞു. നികുതി വരുമാനം പങ്കുവെക്കല്‍, നഷ്ടപരിഹാരം എന്നീ വിഷയങ്ങളിലാണ് ജി.എസ്.ടി കൗണ്‍സിലില്‍ കേന്ദ്രവും സംസ്ഥാനങ്ങളും ഉടക്കിയത്.

ജി.എസ്.ടിക്കായി സെപ്്തംബര്‍ വരെ കാത്തിരിക്കേണ്ടി വരുമെന്നും ഏപ്രില്‍ ഒന്ന്് ഇപ്പോള്‍ ചിത്രത്തിലേ ഇല്ലെന്നും കൗണ്‍സില്‍ യോഗ ശേഷം കേരള ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. നേരത്തെ, ഡല്‍ഹി ധനമന്ത്രി മനീഷ് സിസോദിയയും സമാന അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. ചരക്ക് സേവ നികുതിവരുമാനം പങ്കിടാമെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് യോഗത്തില്‍ കേരളം നിരാകരിച്ചു. വരുമാനത്തിന്റെ 60 ശതമാനം വിഹിതം സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നാണ്് തോമസ് ഐസക് കൗണ്‍സിലില്‍ ആവശ്യപ്പെട്ടത്.

നികുതി വരുമാനത്തില്‍ 50 ശതമാനം കേന്ദ്രത്തിനും 50 ശതമാനം സംസ്ഥാനത്തിനും എന്ന കേന്ദ്ര നിലപാടിനെതിരെ കേരളം പുതിയ നിര്‍ദ്ദേശം മുന്നോട്ടുവച്ചു. സംസ്ഥാനങ്ങള്‍ക്ക് 60 ശതമാനവും കേന്ദ്രത്തിന് 40 ശതമാനവുമെന്ന കേരള നിര്‍ദ്ദേശത്തെ ഡല്‍ഹി, പശ്ചിമബംഗാള്‍, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ പിന്തുണച്ചു. നോട്ടു നിരോധനം സംസ്ഥാനങ്ങളുടെ സാമ്പത്തിക പുരോഗതിയെ കാര്യമായി ബാധിച്ചെന്നും 55000 കോടിയുടെ നഷ്ടപരിഹാരം പര്യാപ്തമല്ലെന്നും ഒരു ലക്ഷം കോടിയെങ്കിലും ലഭിക്കണമെന്നും കേരളം ആവശ്യപ്പെട്ടു.
ഇതോടെ, കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഈ മാസം 16ലെ ഒമ്പതാം ജിഎസ്ടി കൗണ്‍സിലിലേക്ക് മാറ്റി.

 

ഒന്നരക്കോടിക്ക് താഴെ വാര്‍ഷിക വിറ്റുവരവുള്ള സ്ഥാപനങ്ങളുടെ നികുതി പരിക്കാനുള്ള അവകാശം പങ്കിടാമെന്ന കേന്ദ്ര നിലപാട് സ്ംസ്ഥാനങ്ങള്‍ നിരാകരിക്കുകയും ചെയ്തു. ഇതിന്റെ അധികാരം സംസ്ഥാനങ്ങള്‍ക്ക് മാത്രമാകണം എന്നായിരുന്നു പഞ്ചിമബംഗാള്‍ ധനമന്ത്രി അമിത് മിശ്രയുടെ ആവശ്യം. സമുദ്രതീരത്ത് നിന്ന് 12 നോട്ടിക്കല്‍ മൈലിനകത്ത് നിലയുറപ്പിക്കുന്ന കപ്പലുകളിലെ ചരക്കുകള്‍ക്കും ഇന്ധനത്തിനും ഉള്ള നികുതിയും വിട്ടു നല്‍കാനാകില്ലെന്ന് സംസ്ഥാനങ്ങള്‍ ഒറ്റക്കെട്ടായി നിലപാടെടുത്തു. നാലു സ്ലാബുകളായാണ് സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ നികുതി പരിഷ്‌കാരമെന്ന് അറിയപ്പെടുന്ന ജി.എസ്.ടി നടപ്പാക്കുന്നത്.

chandrika: