X

വി.എസ് വീണ്ടും പാര്‍ട്ടി കോര്‍ട്ടില്‍

തിരുവനന്തപുരം: ഇന്നുമുതല്‍ ഞായറാഴ്ചവരെ നീണ്ടുനില്‍ക്കുന്ന സി.പി.എം പോളിറ്റ്ബ്യൂറോ, കേന്ദ്രകമ്മിറ്റി യോഗങ്ങളില്‍ വി.എസ് അച്യുതാനന്ദനെതിരെയുള്ള പി.ബി കമ്മീഷന്‍ നടപടി അടക്കമുള്ള നിര്‍ണായക വിഷയങ്ങളില്‍ തീരുമാനമുണ്ടായേക്കും. ജന. സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും അടക്കമുള്ള നേതാക്കള്‍ ഇന്നലെ രാത്രിയോടെ തിരുവനന്തപുരത്തെത്തി. വി.എസിനെതിരായ കമ്മീഷന്റെ നടപടി എന്താകും, ബന്ധുനിയമന വിവാദത്തില്‍ മന്ത്രിസ്ഥാനം നഷ്ടപ്പെട്ട ഇ.പി ജയരാജനും ഭാര്യാസഹോദരി പി.കെ ശ്രീമതിക്കുമെതിരെ അച്ചടക്ക നടപടിയുണ്ടാകുമോ, അഞ്ചേരിബേബി വധക്കേസില്‍ രണ്ടാം പ്രതിയായിട്ടും മന്ത്രിസ്ഥാനത്ത് തുടരുന്ന എം. എം മണിയുടെ കാര്യത്തില്‍ കേന്ദ്രനേതൃത്വം മാറി ചിന്തിക്കുമോ തുടങ്ങി വിഷയങ്ങളാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

തിരുവനന്തപുരത്ത് ആദ്യമായി പാര്‍ട്ടിയുടെ കേന്ദ്രക്കമ്മിറ്റിയും പി.ബിയും ചേരുന്നെന്ന പ്രത്യേകത ഉള്ളതു കൊണ്ടുതന്നെ സംസ്ഥാനനേതൃത്വം ആര്‍ഭാടപൂര്‍വമാണ് യോഗങ്ങള്‍ക്ക് വേദിയൊരുക്കുന്നത്. സി.പി.എമ്മിന്റെ ചരിത്രത്തില്‍ ഇടംനേടുന്ന ഈ യോഗങ്ങളില്‍ കടുത്ത തീരുമാനങ്ങള്‍ ഉണ്ടാകുമോ എന്ന് കണ്ടറിയണം. ഇന്ന് രാവിലെ എ.കെ.ജി സെന്ററില്‍ ചേരുന്ന പോളിറ്റ്ബ്യൂറോ യോഗത്തിലാണ് കേന്ദ്രക്കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യേണ്ട അജണ്ട തീരുമാനിക്കുന്നത്. ഇതില്‍ പ്രധാനം വി.എസിനെതിരായ പി.ബി നടപടിയുടെ തുടര്‍ച്ചയാണ്. നടപടി അവസാനിപ്പിക്കാന്‍ പി.ബി തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ കേന്ദ്രനേതാക്കള്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

 
പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനം നടത്തിയെന്നു കാട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് പാസാക്കിയ പ്രമേയത്തിന്റെ തുടര്‍ച്ചായായാണ് വി.എസിനെതിരെ പി.ബി കമ്മീഷന്‍ അന്വേഷണം നടത്തിയത്. ആലപ്പുഴ സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയത് ഉള്‍പെടെ വി.എസിനെതിരായ കുറ്റപത്രം ശക്തമാണ്. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണഘട്ടങ്ങളിലും തുടര്‍ന്ന് മുഖ്യമന്ത്രി പദവിക്ക് വാശിപിടിക്കാതെയും വി.എസ് പാര്‍ട്ടിക്ക് വിധേയനായിരുന്നു. ഇതോടെ കേന്ദ്രനേതൃത്വം വി.എസിനെ നിരുപാധികം കുറ്റവിമുക്തനാക്കാന്‍ തീരുമാനിച്ചതായാണ് സൂചന. ഇതോടൊപ്പം വി.എസ് പാ ര്‍ട്ടിയുടെ ഏത് ഘടകത്തിലേക്കാണ് തിരിച്ചെത്തുകയെന്നതും ചര്‍ച്ച ചെയ്‌തേക്കും. സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട വി.എസിനെ സമിതിയിലേക്ക് തന്നെ തിരിച്ചെടുക്കാനാണ് സാധ്യത.

അതേസമയം സംസ്ഥാന സെക്രട്ടറിയേറ്റില്‍ അംഗമാകണമെന്നാണ് വി.എസിന്റെ ആഗ്രഹം. സെക്രട്ടറിയേറ്റ് അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള അധികാരം സംസ്ഥാന സമിതി അംഗങ്ങള്‍ക്കാണ്. അതിനാല്‍ കേന്ദ്രനേതാക്കള്‍ക്ക് ഇക്കാര്യത്തില്‍ ഇടപെടാനാവില്ല. ബന്ധുവും പി.കെ ശ്രീമതിയുടെ മകനുമായ പി.കെ സുധീറിന് നിയമനം നല്‍കിയതുമായി ബന്ധപ്പെട്ട് ‘ധാര്‍മികത’യുടെ പേരില്‍ ഇ.പി ജയരാജന്‍ രാജിവെച്ചെങ്കിലും പാര്‍ട്ടിതല നടപടി ഉണ്ടാകുമെന്ന് നേതാക്കള്‍ സൂചിപ്പിച്ചിരുന്നു. ജയരാജനും ശ്രീമതിയും കേന്ദ്രക്കമ്മറ്റി അംഗങ്ങളാണ്.

ഇവര്‍ക്കെതിരായ നടപടി ശാസനയില്‍ ഒതുങ്ങുമോ അതോ തരംതാഴ്ത്താലാകുമോ എന്ന കാര്യത്തില്‍ നാളെയോ ശനിയാഴ്ചയോ തീരുമാനമുണ്ടാകും. മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മക്കെതിരെ തോട്ടണ്ടി ഇടപാടിലെ അഴിമതി സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതിന്റെ അടുത്തദിവസമാണ് കേന്ദ്രനേതാക്കള്‍ സംസ്ഥാനത്ത് യോഗം ചേരുന്നത്. ഇത് സംസ്ഥാന നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

പൊലീസ് നയത്തെ കുറിച്ച് വ്യാപകമായ പരാതികള്‍ ഉയര്‍ന്ന സാഹചര്യവും പി.ബി പരിശോധിക്കും. മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും ഘടകകക്ഷികളുമായുള്ള ബന്ധത്തിലുണ്ടായിരിക്കുന്ന പൊട്ടിത്തെറികളെ കുറിച്ചും ചര്‍ച്ച നടക്കും. പോളിറ്റ്ബ്യൂറോ എ.കെ. ജി സെന്ററിലാണ് ചേരുക. എന്നാല്‍ ഞായറാഴ്ചവരെ നീണ്ടുനില്‍ക്കുന്ന കേന്ദ്രകമ്മറ്റി നക്ഷത്ര ഹോട്ടലായ ഹൈസിന്തിലാണ്.

chandrika: