X

സംസ്ഥാനത്തിന് ലഭിക്കുക 14 ശതമാനം അധിക നികുതി, ജിഎസ്ടി; ജൂലൈ ഒന്നു മുതല്‍ ചെക്ക്‌പോസ്റ്റുകളില്‍ പരിശോധന ഇല്ല

 

ജൂലൈ ഒന്നു മുതല്‍ നടപ്പിലാക്കുന്ന ചരക്കുസേവന നികുതിയിലൂടെ ആദ്യവര്‍ഷം സംസ്ഥാനത്തിന് നിലവിലുള്ളതിനേക്കാള്‍ 14 ശതമാനം അധികനികുതി വരുമാനം ലഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. . ഇപ്പോള്‍ നികുതി വരുമാനം ഓരോ വര്‍ഷവും 10 ശതമാനമാണ് വര്‍ധിക്കുന്നത്. അടുത്ത വര്‍ഷങ്ങളില്‍ ഇത് 20 ശതമാനമായി ഉയര്‍ന്നേക്കും. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലേക്ക് എത്തുന്ന എല്ലാ ഉല്‍പന്നങ്ങളുടെയും നികുതി നമുക്കു തന്നെ കിട്ടുന്നതാണ് നികുതി വര്‍ധിക്കുന്നതിന്റെ മുഖ്യ കാരണം. ജൂലൈ ഒന്നു മുതല്‍ സംസ്ഥാനത്തെ വാണിജ്യ നികുതി ചെക്‌പോസ്റ്റുകളില്‍ ചരക്കു വാഹനങ്ങള്‍ പരിശോധിക്കില്ല. ചരക്ക് പുറപ്പെടുമ്പോള്‍ തന്നെ ജി.എസ.്ടി ശൃംഖലയിലേക്ക് ഇവേ ബില്‍ അപ്‌ലോഡു ചെയ്യുകയും ചെക്‌പോസ്റ്റുകളില്‍ വാഹന നമ്പര്‍ പരിശോധിച്ച് ഉദ്യോഗസ്ഥര്‍ ചരക്ക് എന്താണെന്ന് ഉറപ്പു വരുത്തുകയും ചെയ്യുന്ന പരിഷ്‌കാരമാണ് ജി.എസ്.ടി കൗണ്‍സില്‍ തീരുമാനിച്ചത്. എന്നാല്‍ ഈവേ-ബില്‍ അപ്‌ലോഡു ചെയ്യേണ്ട സോഫ്റ്റ്‌വെയര്‍ ഇതുവരെ തയ്യാറാകാത്തതിനാല്‍ ചെക്‌പോസ്റ്റുകളിലെ പരിശോധന നിര്‍ത്തലാക്കുന്നത് കേന്ദ്രം നാലു മാസത്തേക്കു കൂടി നീട്ടിയിട്ടുണ്ട്. പക്ഷേ, കേരളം നേരത്തേ തന്നെ ഇഡിക്ലറേഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ പരിശോധന ജൂലായി ഒന്നു മുതല്‍ തന്നെ നിര്‍ത്തലാക്കുകയാണ്. ചെക്‌പോസ്റ്റുകളില്‍ ഇഡിക്ലറേഷന്‍ ഫോം കാണിച്ചാല്‍ ഉടന്‍ വണ്ടി കടത്തിവിടാന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാഹനത്തിലെ ചരക്കു സംബന്ധിച്ച് സംശയം തോന്നുകയോ രേഖ കാട്ടാതെ വാഹനങ്ങള്‍ കടന്നു പോകുകയോ ചെയ്താല്‍ പിന്തുടര്‍ന്നു പിടികൂടുമെന്നും തോമസ് ഐസക് പറഞ്ഞു.
100 രൂപ വരെയുള്ള സിനിമാ ടിക്കറ്റുകള്‍ക്ക് 18 ശതമാനവും നൂറിനു മുകളില്‍ 28% ശതമാനവും വിനോദ നികുതി ചുമത്തിയിട്ടുണ്ടെങ്കിലും ഫലത്തില്‍ ടിക്കറ്റ് നിരക്കു കുറയുകയാണു ചെയ്യുക. തദ്ദേശ സ്ഥാപനങ്ങള്‍ക്കു ലഭിച്ചിരുന്ന വിനോദ നികുതി ഇനി സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ വീതിച്ചെടുക്കും. തദ്ദേശസ്ഥാപനങ്ങള്‍ ഈടാക്കിയിരുന്ന വിനോദനികുതി ഒഴിവാക്കി ഉടന്‍ ഉത്തരവിറങ്ങും. ഇപ്പോള്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്ന വിനോദ നികുതി എത്രയാണോ അതു സംസ്ഥാന സര്‍ക്കാര്‍ അവര്‍ക്കു തന്നെ നല്‍കും. ഹോട്ടല്‍ ഭക്ഷണങ്ങള്‍ക്കും മറ്റും സേവനനികുതി ഉയര്‍ത്തിയത് വില വര്‍ധനവിന് ഇടയാക്കും. 60 ലക്ഷത്തില്‍ താഴെ വാര്‍ഷിക വിറ്റുവരവുള്ള ഹോട്ടലുകളില്‍ നിന്ന് .5 ശതമാനമാണ് ഇതുവരെ നികുതി ഈടാക്കിയിരുന്നത്. ഇതാണ് അഞ്ചു ശതമാനമായി വര്‍ധിപ്പിച്ചത്. ലോട്ടറി വില്‍പനയിലൂടെ സര്‍ക്കാരിനുണ്ടാകുന്ന അധിക നേട്ടം ഏതുവിധം പങ്കുവെക്കണമെന്നു തിങ്കളാഴ്ച ഏജന്റുമാരുടെ സംഘടനകളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.
ഓരോ ഉല്‍പന്നങ്ങള്‍ക്കും എത്രത്തോളം വില കൂടുമെന്നും കുറയുമെന്നും വ്യക്തമാക്കുന്ന പട്ടിക പുറത്തിറക്കാന്‍ സംസ്ഥാന സര്‍ക്കാരും തീരുമാനിച്ചിട്ടുണ്ട്.
ജിഎസ്ടി വഴി നികുതി വെട്ടിപ്പ് പൂര്‍ണമായി തടയാന്‍ കഴിയുമെന്നു കരുതുന്നില്ല. വാങ്ങുന്ന സാധനങ്ങള്‍ക്കെല്ലാം ബില്‍ വേണമെന്നു ജനം വാശിപിടിച്ചാലേ ഇതു തടയാന്‍ കഴിയൂ. ജൂലൈ ഒന്നിന് കൊച്ചിയിലെ ലേ മെറിഡിയന്‍ ഹോട്ടലില്‍ നടത്തുന്ന ഉദ്ഘാടന സമ്മേളനത്തില്‍ എല്ലാ ജില്ലകളില്‍ നിന്നുമുള്ള വ്യാപാരി പ്രതിനിധികളെ പങ്കെടുപ്പിക്കും. രണ്ടു മണിക്കൂര്‍ സംശയനിവാരണങ്ങള്‍ക്കായി മാറ്റിവെക്കും. ജി.എസ.്ടി സംബന്ധിച്ച സംശയങ്ങള്‍ ുീേെൂൗലേെശീി@െ സലൃമഹമ.ഴീ്.ശി എന്ന ഇമെയില്‍ വിലാസത്തില്‍ അയയ്ക്കാം. സമ്മേളനത്തില്‍ വിദഗ്ധര്‍ എല്ലാ സംശയങ്ങള്‍ക്കും മറുപടി നല്‍കും.

chandrika: