X
    Categories: gulfNews

മതേതരത്വത്തിന്റെ കാവലാൾ ;സമാധാന ദൂതൻ – സഊദി കെഎംസിസി

റിയാദ് : മതേതരത്വത്തിന്റെ കാവലാളായിരുന്നു മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് മഹാനായ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെന്ന് കെഎംസിസി സഊദി നാഷണൽ കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു. ശുഭ്രമായ വീഥിയിലൂടെ സഞ്ചരിച്ച് പൂർവികരായ നേതാക്കളുടെ പാതയിൽ തങ്ങൾ പാർട്ടിയെ  നയിച്ചു. പ്രതിസന്ധികളിൽ സമുദായത്തിന്റെ  അവസാന വാക്കായി. പ്രലോഭനങ്ങളിലോ പ്രകോപനങ്ങളിലോ അകപ്പെടാതെ ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശ  സംരക്ഷണത്തിന് വേണ്ടി അവസാന സമയം വരെയും പടപൊരുതി. അസുഖ ബാധിതനായിട്ടു കൂടി വഖഫ് സ്വത്തുക്കളുടെ സംരക്ഷണ പോരാട്ടത്തിൽ  തങ്ങൾ നേരിട്ട് നേതൃത്വം നൽകി. ആരുടേയും അവകാശങ്ങൾ കവർന്നെടുക്കാതെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കായി പോരാടി. രാജ്യത്ത് സംഘർഷമോ സംഘട്ടനമോ നടന്നപ്പോഴെല്ലാം ധൈഷണികമായ നിലപാടുകളിലൂടെ തങ്ങൾ സമാധാന ദൂതനായി നിലകൊണ്ടു. ഐക്യ ജനാധിപത്യ മുന്നണിയുടെ കരുത്തും കാവലുമായിരുന്നു തങ്ങൾ. നിലപാടുകളിലെ കാർക്കശ്യവും അത് നടപ്പാക്കുന്നതിലെ ആർജ്ജവവും തങ്ങളുടെ മുഖമുദ്രയായിരുന്നു. ലോകത്താകമാനമുള്ള വിപുലമായ സൗഹൃദവും ബന്ധങ്ങളും തങ്ങളുടെ വ്യക്തിത്വത്തിന് അന്താരാഷ്ട്ര മുഖം നൽകിയിരുന്നു. അതുകൊണ്ട് തന്നെ തങ്ങളുടെ വിയോഗം കേരളത്തിലെ പൊതു സമൂഹത്തോടൊപ്പം അന്തർദേശീയ തലത്തിലുള്ള കനത്ത നഷ്ടം കൂടിയായി.


സഊദിയിലെ കെഎംസിസി പ്രവർത്തകർക്ക് അവിസ്മരണീയമായ ഒട്ടേറെ മുഹൂർത്തങ്ങൾ സമ്മാനിച്ചാണ് മഹാനായ തങ്ങളുടെ മടക്കം . കെഎംസിസിയുടെ ഓരോ ചലനങ്ങളിലും തങ്ങളുടെ കയ്യൊപ്പുണ്ടായിരുന്നു. നന്മ നിറഞ്ഞ ഓരോ പ്രവർത്തനങ്ങളിലും ആ ഉപദേശമുണ്ടായിരുന്നു. എല്ലാവരെയും പോലെ ആ കരുത്തിലായിരുന്നു സഊദി  കെഎംസിസിയുടെയും പ്രയാണം. 


സഊദി കെഎംസിസിയുടെ  സുരക്ഷാ പദ്ധതി ആരംഭിക്കാൻ 2014ൽ അനുമതി നൽകിയ അദ്ദേഹം പ്രവാസ ലോകത്ത് നിന്ന് വിടവാങ്ങിയ നൂറുകണക്കിന് പ്രവാസികളുടെ കുടുംബങ്ങൾക്ക് അത്താണിയായി മാറിയ ഈ പദ്ധതി  നടത്തുന്ന  കെഎംസിസി കേരള ട്രസിറ്റിന്റെ ചെയർമാൻ പദവി വിടവാങ്ങുന്നത് വരെ അലങ്കരിച്ചിരുന്നു. ശനിയാഴ്ച്ച കൊല്ലത്ത് നടന്ന ചടങ്ങൊഴിച്ചാൽ എട്ട് വർഷമായി നടന്നു വരുന്ന സുരക്ഷാ  പദ്ധതിയുടെ വിതരണം തങ്ങളുടെ  കരങ്ങൾ കൊണ്ടായിരുന്നു നിർവഹിച്ചത് .ചികിത്സയിലായതിനാൽ കുടുംബങ്ങൾക്ക് കൊടുക്കേണ്ട ചെക്കുകൾ മുഴുവനും രോഗാവസ്ഥയിലും ഒപ്പിട്ടു വിതരണത്തിന് കഴിഞ്ഞ ദിവസം അനുമതി നൽകുകയായിരുന്നു.  


പാർട്ടിയുടെ അമരക്കാരനായി ഒരു വ്യാഴവട്ടക്കാലം പൂർത്തിയാക്കുന്നതിനിടെ 
സ്നേഹവും സദുപദേശങ്ങളും നിർദേശങ്ങളും നൽകി തങ്ങൾ കെഎംസിസി പ്രവർത്തകർക്കൊപ്പം നിന്നു.  സമന്വയവും സമഭാവനയും സഹിഷ്ണുതയും സാഹോദര്യവും വിട്ടുവീഴ്ചയും ഐക്യവും സർവോപരി മതബോധവും ലക്ഷ്യബോധവുമുളളവരാകണം നാമെല്ലാവരുമെന്ന് അദ്ദേഹം എല്ലായിപ്പോഴും  ഉണർത്തി. കോവിഡ് കാല പ്രവർത്തനങ്ങളിൽ കെഎംസിസി പ്രവർത്തകർക്ക് ഊർജ്ജം പകർന്നു കൊണ്ടായിരുന്നു തങ്ങളുടെ ഇടപെടൽ.

തങ്ങളുടെ  വേർപാടിൽ സഊദി കെ എം സിസി അഗാധമായ ദുഖം രേഖപെടുത്തുന്നു. കെഎംസിസിയുടെ  മുഴുവൻ സെൻട്രൽ കമ്മിറ്റികളും മറ്റു കീഴ്ഘടകങ്ങളും മയ്യത്ത് നിസ്കാരവും പ്രത്യേക പ്രാർത്ഥനാ സദസ്സും സംഘടിപ്പിക്കണമെന്ന് അഭ്യാർത്ഥിക്കുന്നു. നമ്മുടെ പാർട്ടി ആഹ്വാനമനുസരിച്ച് അനുശോചന പരിപാടികൾ ഒഴികെ കെഎംസിസിയുടെ  മറ്റെല്ലാ പരിപാടികളും ഒരാഴ്ചത്തേക്ക് മാറ്റിവെച്ചതായി കെഎംസിസി നാഷണൽ കമ്മിറ്റി നേതാക്കളായ  കെ പി മുഹമ്മദ്‌കുട്ടി , അഷ്‌റഫ് വേങ്ങാട്ട് , ഖാദർ ചെങ്കള, കുഞ്ഞിമോൻ കാക്കിയ, എ പി ഇബ്രാഹിം മുഹമ്മദ്, സയ്യിദ് അഷ്‌റഫ് തങ്ങൾ ചെട്ടിപ്പടി, അഹമ്മദ് പാളയാട്ട്  എന്നിവർ അറിയിച്ചു .

web desk 3: