X

ഗുജറാത്ത് മയക്കുമരുന്ന് വേട്ട: കറുത്ത കരങ്ങള്‍ ആരുടേത് -എഡിറ്റോറിയല്‍

ഹെറോയിന്റെ അളവുകൊണ്ട് മാത്രമല്ല, കള്ളക്കടത്തിന് ഉപയോഗിച്ച മാര്‍ഗത്തിലൂടെയും രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ് ഗുജറാത്ത് മയക്കുമരുന്ന് വേട്ട. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ തുറമുഖമായ ഖച്ച് ജില്ലയിലെ മുന്ദ്രാതുറമുഖത്തുനിന്ന് 21000 കോടി വില വരുന്ന 3000 കിലോ ഹെറോയിനാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിന്‍സ് (ഡി.ആര്‍.ഐ) പിടിച്ചെടുത്തിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വന്തക്കാരായ അദാനി ഗ്രൂപ്പാണ് തുറമുഖത്തിന്റെ നടത്തിപ്പുകാര്‍. പലതുകൊണ്ടും സവിശേഷതകള്‍ ഏറെയുണ്ട് ഈ മയക്കുമരുന്ന് വേട്ടക്ക്. രണ്ട് കണ്ടെയ്‌നറുകളിലാണ് ഹെറോയിന്‍ എത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ലോകത്തെതന്നെ ഏറ്റവും വലിയ മയക്കുമരുന്ന് കടത്തെന്ന് ഇതേക്കുറിച്ച് പറഞ്ഞാല്‍ തെറ്റില്ല. കണ്ടെയ്‌നറുകളില്‍ ടാല്‍ക്ക് സ്റ്റോണ്‍ പൊടിയാണെന്നാണ് പറഞ്ഞിരുന്നത്. ആദ്യ കണ്ടെയ്‌നറില്‍ 1999 കിലോയും രണ്ടാമത്തേതില്‍ 988 കിലോയുമുണ്ടായിരുന്നു. ഇങ്ങനെ അനായാസം കൊണ്ടുനടക്കാവുന്ന ഒന്നാണോ മയക്കുമരുന്നെന്ന ചോദ്യം സ്വാഭാവികമാണ്. സാധാരണ ഗതിയില്‍ കഞ്ചാവിന്റെ ചില്ലറ കച്ചവടം പോലും അതീവ രഹസ്യമാണെന്നിരിക്കെ തുറമുഖം വഴി കണ്ടെയ്‌നറുകളില്‍ ഹെറോയിന്‍ എത്തിച്ചവര്‍ ഒട്ടും മോശക്കാരല്ല.

കോടികളുടെ മയക്കുമരുന്ന് ഇത്രയും ധൈര്യത്തോടെ തുറമുഖത്ത് എത്തിക്കണമെങ്കില്‍ ചില്ലറ പിടിപാടൊന്നും പോര. അയച്ചത് ആരാണെങ്കിലും അവര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് വന്‍ സ്രാവുകള്‍ ആയിരിക്കാം. മുമ്പും ഇതുപോലെ മയക്കുമരുന്നുകള്‍ കണ്ടെയ്‌നറുകളില്‍ എത്തുകയും പിടിക്കപ്പെടാതെ പോകുകയും ചെയ്തതിന്റെ അനുഭവങ്ങള്‍ കള്ളക്കടത്തുകാര്‍ക്ക് ഉണ്ടെന്നും സംശയിക്കേണ്ടതുണ്ട്. ഡി.ആര്‍.ഐയില്‍ സ്ഥലംമാറ്റം കിട്ടി വന്ന പുതിയ ഒരു ഉദ്യോഗസ്ഥന്റെ സത്യസന്ധമായ ഇടപെടലാണ് മയക്കുമരുന്ന് കടത്തിന് തടസ്സമായതെന്ന് റിപ്പോര്‍ട്ടുണ്ട്. ഇത്രയും കാര്യങ്ങള്‍ കൂട്ടിവായിക്കുമ്പോള്‍ അസ്വാഭാവികതകളും ദുരൂഹതകളും ചോദ്യങ്ങളും വര്‍ധിക്കുകയാണ്. തുറമുഖത്ത് നടക്കാറുള്ള പതിവ് പരിശോധനക്കിടെയാണ് കണ്ടെയ്‌നറുകളില്‍ ഹെറോയിനാണെന്ന് മനസ്സിലായത്. ഇന്റലിജന്‍സ് ഏജന്‍സിക്ക് ഇതേക്കുറിച്ച് മുന്‍കൂട്ടി വിവരം ലഭിച്ചിരുന്നില്ലെന്ന് വ്യക്തം. ഉദ്യോഗസ്ഥന്റെ കണ്ണില്‍ പെടാതെ പോയിരുന്നെങ്കില്‍ മയക്കുമരുന്ന് ലക്ഷ്യത്തിലെത്തുമായിരുന്നു. ഹെറോയിന്‍ കടത്തിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടതും സംശയങ്ങള്‍ ദൂരീകരിക്കുകയും ചെയ്യേണ്ടത് കേന്ദ്രവും ഗുജറാത്തും ഭരിക്കുന്ന ബി.ജെ.പി ഭരണകൂടങ്ങളാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ആര്‍ക്കുവേണ്ടി ആരില്‍നിന്ന് ഇത്രയും വലിയ ഹെറോയിന്‍ ശേഖരം തുറമുഖത്ത് എത്തിയെന്ന് അന്വേഷിച്ച് കണ്ടെത്തേണ്ടതുണ്ട്.

മയക്കുമരുന്ന് കടത്തിന്റെ വിദേശ ബന്ധങ്ങളെക്കുറിച്ചാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ആലോചിച്ചുകൊണ്ടിരിക്കുന്നത്. തീവ്രവാദത്തിന് പണം കണ്ടെത്താനായിരിക്കാം ഹെറോയിന്‍ എത്തിച്ചതെന്ന് അതിവേഗം നിഗമനത്തില്‍ എത്തുകയും ചെയ്തിട്ടുണ്ട്. അഫ്ഗാനില്‍നിന്നുള്ള ഹെറോയിന്‍ ഇറാനിലെ ബന്ദര്‍ അബ്ബാസ് തുറമുഖത്തുനിന്നാണ് എത്തിയത്. ഐ.എസും താലിബാനും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനായിരിക്കാം മയക്കുമരുന്നിന്റെ വന്‍ശേഖരം ഇന്ത്യയില്‍ എത്തിച്ചതെന്ന നിഗമനത്തില്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ അതിവേഗം എത്തിയിരിക്കുന്നു. അന്വേഷണ ഏജന്‍സികള്‍ക്ക് അങ്ങനെ ചിന്തിക്കാനും പറയാനുമൊക്കെ അവകാശമുണ്ട്. പക്ഷേ, ഇന്ത്യയില്‍ ഏത് കൈകളെ ലക്ഷ്യമിട്ടാണ് അത് എത്തിയതെന്നും ആരാണ് ഗുണഭോക്താക്കളെന്നും അന്വേഷിച്ച് കണ്ടെത്താതെ ഹെറോയിന്‍ വേട്ടയുടെ ചിത്രം പൂര്‍ത്തിയാകില്ല. തമിഴ്‌നാട് സ്വദേശികളായ എം. സുധാകര്‍, ഭാര്യ ദുര്‍ഗ വൈശാലി എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ആഷി ട്രേഡിങ് കമ്പനിയുടെ പേരില്‍ എത്തിയിരിക്കുന്ന കണ്ടെയ്‌നറുകളെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യമാണ്. കമ്പനിയുടെ കോണ്‍ടാക്ട് നമ്പര്‍ സുധാകറിന്റേതാണ്. ഡി.ആര്‍.ഐ സംഘം ഇവരെ ചോദ്യംചെയ്തുവരുന്നുണ്ട്. എട്ട് വര്‍ഷമായി ചെന്നൈയിലാണ് ദമ്പതികളുടെ താമസം. വൈശാലിയുടെ പേരിലുള്ള കമ്പനിക്ക് ഇറക്കുമതി, കയറ്റുമതി ലൈസന്‍സുണ്ട്. പക്ഷേ, ഇന്ത്യയില്‍ ഏറെയൊന്നും പ്രസിദ്ധമല്ല ഈ കമ്പനിയെന്നാണ് പുതിയ റിപ്പോര്‍ട്ട്. ചെറിയൊരു കെട്ടിടത്തിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഡോറില്‍ പതിച്ച ഒരു കടലാസില്‍ കമ്പനിയുടെ പേര് എഴുതിയിട്ടുണ്ട്. പെട്ടെന്ന് ശ്രദ്ധയില്‍ പെടാത്ത വിധമാണ് ആഷി ട്രേഡിങ് കമ്പനിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്നത്. കമ്പനി ഉടമ അറിയപ്പെട്ട ആളുമല്ല.

തുറമുഖങ്ങളും വിമാനത്താവളങ്ങളും സ്വകാര്യ കുത്തകകള്‍ക്ക് വിറ്റഴിക്കുന്നതിന്റെ ദുരന്ത ഫലം കൂടിയാണ് മുന്ദ്ര തുറമുഖത്തെ മയക്കുമരുന്ന് വേട്ട. സ്വകാര്യ കമ്പനികള്‍ക്ക് ലാഭത്തില്‍ മാത്രമാണ് കണ്ണ്. അവര്‍ക്ക് രാജ്യരക്ഷയും ക്രമസമാധാനവും പ്രശ്‌നമല്ല. പണത്തിനുവേണ്ടി എന്തും വിറ്റുതുലയ്ക്കാന്‍ അവര്‍ തയാറാണ്. കണ്ടെയ്‌നറുകളില്‍ ഹെറോയിന്‍ എത്തിയതിനെക്കുറിച്ച് ചോദിക്കുമ്പോള്‍ അദാനി ഗ്രൂപ്പ് ഒഴിഞ്ഞുമാറുകയാണ്. സംഭവത്തെക്കുറിച്ച് തങ്ങള്‍ക്ക് അറിയില്ലെന്നാണ് അവരുടെ നിലപാട്. തുറമുഖത്തിന്റെ നടത്തിപ്പുകാര്‍ മാത്രമാണെന്നും ഷിപ്‌മെന്റുകള്‍ പരിശോധിക്കാറില്ലെന്നും അവര്‍ പറയുന്നു. അത്തരമൊരു വിശദീകരണത്തോടെ ബാധ്യത തീര്‍ന്നുവെന്ന മട്ടിലാണ് അദാനി ഗ്രൂപ്പുള്ളത്. രാജ്യത്തിന്റെ വിശാല താല്‍പര്യങ്ങള്‍ അവര്‍ക്ക് വിഷയമാകുന്നില്ല. ഇതൊക്കെയും കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിന് നല്ലപോലെ അറിയാം. പക്ഷേ, അവരുടെ നിലനില്‍പ്പ് അദാനിമാരെയും അംബാനിമാരെയും സുഖിപ്പിക്കുന്നിടത്താണ്. ഗുജറാത്ത് തുറമുഖ മയക്കുമരുന്നു വേട്ടയോടൊപ്പം ലക്ഷദ്വീപും ചര്‍ച്ചയാകുന്നുണ്ട്.

ലക്ഷദ്വീപില്‍നിന്നും 90 നോട്ടിക്കല്‍ മൈല്‍ അകലെ ശ്രീലങ്കന്‍ കപ്പലില്‍നിന്ന് 3000 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയപ്പോഴാണ് ലക്ഷദ്വീപില്‍ പ്രത്യേക പാസും ഗുണ്ടാ ആക്ടുമൊക്കെ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നത്. ഗുജറാത്തുകാരനായ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന് ഇപ്പോള്‍ എന്തു പറയാനുണ്ടെന്ന് ദ്വീപുവാസികള്‍ ചോദിക്കുന്നതില്‍ അത്ഭുതപ്പെടാനില്ല. രാജ്യം കണ്ട ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയുടെ പശ്ചാത്തലത്തില്‍ പുതിയ ഗുണ്ടാ ആക്ടുകളും ഇരട്ട പാസുകളുമൊക്കെ ഗുജറാത്തിലും കൊണ്ടുവരേണ്ടതുണ്ട്. മയക്കുമരുന്ന് വേട്ടയെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ വിദേശത്ത് മാത്രം ഒതുങ്ങാതെ രാജ്യത്ത് തന്നെ കേന്ദ്രീകരിക്കണം. സുതാര്യവും സത്യസന്ധവുമായ നീക്കങ്ങളിലൂടെ മാത്രമേ രാജ്യത്തെ ഞെട്ടിച്ച ഹെറോയിന്‍ കടത്തിന്റെ താഴ്‌വേരുകള്‍ കണ്ടെത്തി അറുത്തുമാറ്റാന്‍ സാധിക്കൂ.

 

web desk 3: