X

ഗുജറാത്ത് തെരഞ്ഞെടുപ്പ്: ബിജെപിയെ പരിഹസിച്ച് ശിവസേന

മുംബൈ: ഗുജറാത്ത് തെരഞ്ഞെടുപ്പ് വിജയത്തില്‍ ബിജെപിയെ പരിഹസിച്ച് എന്‍ഡിഎ സഖ്യകക്ഷിയായ ശിവസേന രംഗത്ത്. ഗുജറാത്തിലെ വിജയത്തിന് ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന് ഹാരാര്‍പ്പണം നടത്തണമെന്ന് ശിവസേന പാര്‍ട്ടി പത്രമായ സാംനയിലൂടെ പരിഹസിച്ചു.

മുഖ്യപ്രസംഗത്തിലാണ് ബിജെപിക്കെതിരെ ശിവസേന ആഞ്ഞടിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 115 സീറ്റുകളില്‍ വിജയിച്ച ബിജെപിക്ക് ഇത്തവണ 99 സീറ്റുകള്‍ മാത്രമാണ് നേടാനായത്. കോണ്‍ഗ്രസിനാവട്ടെ മികച്ച നേട്ടം കാഴ്ചവെക്കാനുമായി. ബിജെപിയുടെ മികച്ച വിജയമായി കണക്കാക്കാനാവില്ല. വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നിട്ടുണ്ടാവാമെന്നും ശിവസേന മുഖപ്രസംഗത്തില്‍ പറയുന്നു.

പാട്ടിദാര്‍ നേതാവ് ഹര്‍ദിക് പട്ടേലും വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നതായി ആരോപിച്ചിരുന്നു. നഗരപ്രദേശങ്ങളില്‍ മാത്രമാണ് ബിജെപി വിജയം നേടിയത്. ഗ്രാമീണ മേഖല ഇനിയും ബിജെപിക്ക് അന്യമാണ്.

ബിജെപിയുടെ ഗുജറാത്ത് മോഡലിനു കിട്ടിയ തിരിച്ചടിയാണ് ഈ വിജയമെന്നും ഇതൊരു മുന്നറിയിപ്പാണെന്നും മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഗുജറാത്തിലും ഹിമാചലിലും വിജയിക്കാനായെങ്കിലും കോണ്‍ഗ്രസ് നഷ്ടമുണ്ടായിട്ടില്ല.

കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ബിജെപിയുടെ സ്വപ്‌നവും സാക്ഷാത്കരിക്കപ്പെട്ടിട്ടില്ല. ബിജെപിയുടെ ഗുജറാത്ത് മോഡല്‍ വികസനത്തിന് ഇളക്കം തട്ടിയിരിക്കുകയാണ്. 2019ല്‍ അത് തകരാതിരുന്നാല്‍ മതിയെന്നും ശിവസേന പരിഹസിക്കുന്നു.

chandrika: