X

ഗുജറാത്ത് നിയമസഭയില്‍ കൈയാങ്കളി മൂന്ന്എം.എല്‍.എമാര്‍ക്ക് പരിക്ക്

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭയില്‍ ഭരണ- പ്രതിപക്ഷ എം.എല്‍.എമാര്‍ തമ്മില്‍ കൈയാങ്കളി. രണ്ട് എം.എല്‍.എമാര്‍ക്കും ഒരു ജൂനിയര്‍ മന്ത്രിക്കും നിസാര പരിക്കേറ്റു. കര്‍ഷക ആത്മഹത്യയുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് എം.എല്‍.എയുടെ ചോദ്യമാണ് ഭരണകക്ഷിയെ ചൊടിപ്പിച്ചത്. ഇതോടെ ഇരു വിഭാഗവും തമ്മില്‍ രൂക്ഷമായ വാക്‌പോരിലേക്കും സംഘര്‍ഷത്തിലേക്കും നീങ്ങുകയായിരുന്നു. അംറേലി ജില്ലയില്‍ കര്‍ഷക ആത്മഹത്യ വര്‍ധിച്ചു വരുന്നതിന്റെ കാരണം എന്തെന്ന, നിയമസഭാ ചോദ്യോത്തര വേളയിലെ കോണ്‍ഗ്രസ് എം. എല്‍.എ പരേഷ് ധനാനിയുടെ ചോദ്യമാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. കര്‍ഷക ആത്മഹത്യ പെരുപ്പിച്ചുകാട്ടാന്‍ പ്രതിപക്ഷം ശ്രമിക്കുകയാണെന്ന ആരോപണവുമായി ഭരണപക്ഷ എം. എല്‍.എമാര്‍ ഇതിനെ എതിര്‍ത്തു.

ഇതോടെ ഇരു വിഭാഗവും തമ്മില്‍ രൂക്ഷമായ വാക്‌പോരുണ്ടായി. ഇതിനിടെ ഭരണ – പ്രതിപക്ഷ എം.എല്‍.എമാര്‍ നടുത്തളത്തിലേക്ക് നീങ്ങുകയും പരസ്പരം ഏറ്റുമുട്ടുകയുമായിരുന്നു. വാച്ച് ആന്റ് വാര്‍ഡ് ഇടപെട്ട് ഇരുവിഭാഗത്തിനുമിടയില്‍ കവചം തീര്‍ത്തു. ഇതിനിടെ രണ്ടു സഭ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കുന്നതായി സ്പീക്കര്‍ വ്യക്തമാക്കി.
രണ്ടു മണിക്കൂറിനു ശേഷം സഭ വീണ്ടും സമ്മേളിച്ചപ്പോള്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാരെ സ്പീക്കര്‍ സഭയില്‍നിന്ന് തല്‍ക്കാലത്തേക്ക് സസ്‌പെന്റു ചെയ്തു. ഇതോടെ ഇരുവിഭാഗവും തമ്മില്‍ വീണ്ടും സംഘര്‍ഷം തുടങ്ങി. ഇതിനിടെ സസ്‌പെന്റു ചെയ്യപ്പെട്ട അംഗങ്ങളെ വാച്ച് ആന്റ് വാര്‍ഡ് ബലമായി സഭയില്‍നിന്ന് പുറത്താക്കി. ഇതില്‍ പ്രതിഷേധിച്ച്് കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയില്‍നിന്ന് ഇറങ്ങിപ്പോക്ക് നടത്തിയതോടെയാണ് സംഘര്‍ഷത്തിന് അയവു വന്നത്. കോണ്‍ഗ്രസ് എം. എല്‍. എ ബല്‍ദേവ് ജി താക്കൂര്‍, ബി. ജെ.പി എം.എല്‍.എയും മന്ത്രിയുമായ നിര്‍മല വദ്വാനി എന്നിവര്‍ പരിക്കേറ്റവരില്‍ ഉള്‍പ്പെടും. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഇവരെ വിട്ടയച്ചു.
ജനാധിപത്യത്തിന്റെ ചരിത്രത്തിലെ കരിദിനമെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് അംഗം ശക്തികാന്ത് കോലി സംഭവത്തെ വിശേഷിപ്പിച്ചത്. സര്‍ക്കാര്‍ നിലപാടിനെതിരെ സഭക്കകത്തും പുറത്തും പ്രതിഷേധം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

chandrika: