X
    Categories: indiaNews

ബില്‍ക്കിസ് ബാനു കേസിലെ പ്രതികൾക്ക് പരോൾ നിഷേധിച്ച് ​ഗുജറാത്ത് ഹൈക്കോടതി

പരോള്‍ അനുവദിക്കണമെന്ന ബില്‍ക്കിസ് ബാനു കേസിലെ പ്രതികളുടെ ആവശ്യം തള്ളി ഗുജറാത്ത് ഹൈക്കോടതി. പൂജക്കായി പരോള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ രണ്ട് പ്രതികള്‍ നല്‍കിയ ഹരജിയാണ് കോടതി തള്ളിയത്. മിതേഷ് ഭട്ട് ശൈലേഷ് ഭട്ട് എന്നീ രണ്ട് പ്രതികളാണ് പരോള്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. എന്നാല്‍ പരോള്‍ അനുവദിക്കാനാകില്ലെന്ന് കോടതി വാക്കാല്‍ അറിയിക്കുകയായിരുന്നു.

സുപ്രീം കോടതിയുടെ വിധി അനുസരിച്ച് കേസിലെ 11 പ്രതികളും ജനുവരി 21ന് ഗോധ്ര സബ് ജയിലില്‍ കീഴടങ്ങിയതിന് പിന്നാലെയാണ് പരോള്‍ ആവശ്യപ്പെട്ട് പ്രതികള്‍ കോടതിയെ സമീപിച്ചത്.
ഇതാദ്യമായാണ് ബില്‍ക്കിസ് ബാനു കോസിലെ പ്രതികള്‍ക്ക് പരോള്‍ നിഷേധിക്കുന്നത്. കേസിലെ മറ്റ് രണ്ട് പ്രതികള്‍ക്ക് അടുത്തിടെ പരോള്‍ ലഭിച്ചിരുന്നു. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനാണ് കേസിലെ പ്രതിയായ രമേശ് ചന്ദാനക്ക് കോടതി പരോള്‍ അനുവദിച്ചത്. ജാമ്യാപേക്ഷ കോടതി തള്ളിക്കളയാത്തതില്‍ അന്ന് വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
2022 ആഗസ്റ്റില്‍ നല്ല പെരുമാറ്റത്തിന് 11 പ്രതികളെയും ഗുജറാത്ത് സര്‍ക്കാര്‍ വെറുതെ വിട്ടിരുന്നു. എന്നാല്‍ ജനുവരി എട്ടിന് സുപ്രീം കോടതി പ്രതികളെ വെറുതെവിട്ട തീരുമാനം അസാധുവാക്കി.  സംസ്ഥാന സര്‍ക്കാര്‍ വിവേചനാധികാരം ദുരുപയോഗം ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി മുഴുവന്‍ പ്രതികളും രണ്ടാഴ്ച്ചക്കകം ജയിലില്‍ കീഴടങ്ങണമെന്ന് കോടതി ഉത്തരവിട്ടു. 2002ലെ ഗുജറാത്ത് കലാപത്തിനിടയില്‍ ഗര്‍ഭിണിയായ ബില്‍ക്കിസ് ബാനുവിനെ ബലാംത്സംഗം ചെയ്ത് കുടുംബാംഗങ്ങളെ പ്രതികള്‍ കൊലപ്പെടുത്തിയിരുന്നു.

webdesk13: