X

ഗുജറാത്തില്‍ രാഷ്ട്രീയ കരുനീക്കം ശക്തമാക്കി രാഹുല്‍ ഗാന്ധി; ബി.ജെ.പിക്കെതിരെ തുടരെ ആക്രമണം

ന്യൂഡല്‍ഹി: ഗുജറാത്തില്‍ രാഷ്ട്രീയ കരുനീക്കങ്ങള്‍ ശക്തമാക്കി രാഹുല്‍ ഗാന്ധി. ബി.ജെ.പിയില്‍ ചേരാനായി ഒരു കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന ഗുജറാത്തിലെ പാട്ടീദര്‍ നേതാവിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കടുത്ത പ്രതികരണവുമായാണ് കോണ്‍ഗ്രസ് ഉപാധ്യാക്ഷന്‍ രംഗത്തെത്തിയിരിക്കുന്നത്.

ഗുജറാത്തിനെ വിലയ്ക്കുവാങ്ങാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ രാഹുല്‍, ബിജെപിക്കെതിരെ ആഞ്ഞടിക്കുകയായിരുന്നു.
ട്വിറ്ററിലൂടെയായിരുന്നു ബിജെപിക്കെതിരായ രാഹുലിന്റെ ശക്തമായ പ്രതികരണം.

ഗുജറാത്ത് ഞങ്ങള്‍ക്ക് വിലമതിക്കാനാകാത്ത നാടാണ്. ഗുജറാത്തിനെ ആര്‍ക്കും വിലയ്ക്ക് വാങ്ങാനായിട്ടില്ല, ഇനി അതിനു കഴിയുകയമില്ല’ രാഹുല്‍ ട്വിറ്റ് ചെയ്തു. വെളിപ്പെടുത്തലിനെ റിപ്പോര്‍ട്ടിനൊപ്പമാണ് രാഹുല്‍ ട്വീറ്റിയത്.

കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയിലാണ് ബിജെപിയെ ഞെട്ടിച്ചുകൊണ്ട് പാട്ടിദര്‍ വിഭാഗം നേതാവും ഹാര്‍ദ്ദിക് പട്ടേലിന്റെ അടുത്ത അനുയായിയുമായ നരേന്ദ്ര പട്ടേല്‍ കോഴവാഗ്ദാനം പുറത്തുവിട്ടത്.

ഞായറാഴ്ച്ച വൈകുന്നേരം നരേന്ദ്ര പട്ടേല്‍ ബി.ജെ.പിയിലേക്ക് മാറിയിരുന്നു. എന്നാല്‍ ഏറെ നാടകീയമായി രാത്രി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തനിക്ക് ലഭിച്ച പത്തുലക്ഷം രൂപയുമായാണ് നരേന്ദ്രപട്ടേല്‍ വാര്‍ത്താ സമ്മേളനത്തിനെത്തിയത്. ഹാര്‍ദ്ദിക് പട്ടേലിന്റെ അനുയായിരുന്ന വരുണ്‍ പട്ടേല്‍ ബി.ജെ.പിയിലേക്ക് മാറിയിരുന്നു. വരുണ്‍ പട്ടേല്‍ വഴി തനിക്കും ബി.ജെ.പിയിലേക്ക് ക്ഷണമുണ്ടായിരുന്നുവെന്നും പത്തുലക്ഷം രൂപ നല്‍കിയെന്നും നരേന്ദ്രപട്ടേല്‍ പറഞ്ഞു. ഒരു കോടി രൂപയായിരുന്നു വാഗ്ദാനം ചെയ്തിരുന്നതെന്നും പട്ടേല്‍ വ്യക്തമാക്കി. പത്തുലക്ഷം നല്‍കിയതിനു ശേഷം ബാക്കി 90ലക്ഷം തിങ്കളാഴ്ച്ച നല്‍കാമെന്ന് അറിയിക്കുകയായിരുന്നു. എന്നാല്‍ റിസര്‍വ്വ് ബാങ്ക് മുഴുവനായി തന്നാലും താന്‍ മാറില്ലെന്നായിരുന്നു നരേന്ദ്രപട്ടേലിന്റെ വാക്കുകള്‍. പട്ടീദാര്‍ അനാമത് ആന്തോളന്‍(പി.എ.എസ്.എസ്)സിമിതിയില്‍ നിന്ന് വരുണ്‍ പട്ടേലിനൊപ്പം രേഷ്മ പട്ടേലും മറ്റൊരു അംഗവും ബി.ജെ.പിയിലേക്ക് കൂടുമാറിയിരുന്നു.

എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ വരുണ്‍ പട്ടേല്‍ നിഷേധിച്ചു. ഇത് അടിസ്ഥാന രഹിതമാണെന്ന് വരുണ്‍ പറഞ്ഞു. പട്ടീദാറുമാരുടെ ബി.ജെ.പിയിലേക്കുള്ള പോക്കില്‍ കോണ്‍ഗ്രസ്സിനുള്ള ആശങ്കയാണിതെന്നും വരുണ്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, സംഭവം നിഷേധിച്ച് ബി.ജെ.പിയും രംഗത്തെത്തി. ഇതൊരു നാടകമാണെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പര്യടനത്തിന്റെ ഭാഗമായി രാഹുല്‍ ഇന്ന് വീണ്ടും ഗുജറാത്തില്‍ എത്തുന്നുണ്ട്. ഇതിന് മുന്നോടിയായിട്ടാണ് ബി.ജെ.പിക്കെതിരെയുള്ള രാഹുല്‍ ഗാന്ധിയുടെ തുടരെ ആക്രമണം.

chandrika: