X
    Categories: MoreViews

ഗുജറാത്ത്: കോണ്‍ഗ്രസ് ബഹുദൂരം മുന്നേറുമെന്ന് സര്‍വേ

 

ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി. ജെ. പി അധികാരം നിലനിര്‍ത്തുമെന്ന് എ.ബി.പി ന്യൂസ്-ലോക്‌നിതി-സി.എസ്.ഡി.എസ് സര്‍വേ.
അതേസമയം കഴിഞ്ഞ ആഗസ്റ്റില്‍ നടത്തിയ സര്‍വേയെക്കാളും കോണ്‍ഗ്രസ് ബഹുദൂരം മുന്നിലെത്തി നിലമെച്ചപ്പെടുത്തിയതായും സര്‍വേ പറയുന്നു. ഒക്ടോബര്‍ അവസാന വാരം നടത്തിയ സര്‍വേ അനുസരിച്ച് ബി.ജെ.പി 113-121 സീറ്റുകളുമായി അധികാരം നിലനിര്‍ത്തും. എന്നാല്‍ കോണ്‍ഗ്രസ് 58-64 സീറ്റുകള്‍ നേടുമെന്നും സര്‍വേ ഫലം വ്യക്തമാക്കുന്നു. ബി.ജെ.പിക്ക് 47 ശതമാനം വോട്ടു ലഭിക്കുമ്പോള്‍ കോണ്‍ഗ്രസ് 41 ശതമാനം വോട്ടുകള്‍ നേടും. ഇത് ആഗസ്റ്റിലെ സര്‍വേയേക്കാളും 12 ശതമാനത്തിന്റെ നേട്ടമാണ്.
ആഗസ്റ്റില്‍ നടത്തിയ സര്‍വേയില്‍ കോണ്‍ഗ്രസിന് പരമാവധി 30 ശതമാനം വോട്ടായിരുന്നു പ്രവചിച്ചിരുന്നത്. ബി.ജെ.പിക്ക് അനുകൂലമാണ് സംസ്ഥാനമെന്ന് പറയുന്ന പ്രവചനം കോണ്‍ഗ്രസിന് അനുകൂലമായ തരംഗം തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് രൂപപ്പെട്ടു വരുന്നതായും വ്യക്തമാക്കുന്നു.
സൗരാഷ്ട്ര-കച്ച്, വടക്കന്‍ ഗുജറാത്ത് മേഖലയില്‍ കോണ്‍ഗ്രസ് ശക്തമായ തിരിച്ചുവരവ് നടത്തുമെന്നാണ് സര്‍വേ പറയുന്നത്. സൗരാഷ്ട്രയില്‍ കോണ്‍ഗ്രസും ബി.ജെ.പിയും 42 ശതമാനം വോട്ടുമായി ഒപ്പത്തിനൊപ്പം നില്‍ക്കുമ്പോള്‍ വടക്കന്‍ ഗുജറാത്തില്‍ ബി.ജെ.പിയേക്കാളും ഏഴു ശതമാനം വോട്ട് കോണ്‍ഗ്രസ് അധികം നേടുമെന്നാണ് സര്‍വേയുടെ കണ്ടെത്തല്‍.
182 അംഗ നിയമസഭയില്‍ 107 സീറ്റുകളാണ് ഈ രണ്ട് മേഖലയില്‍ നിന്നായുള്ളത്. മധ്യ ഗുജറാത്തിലാണ് ബി.ജെ.പിക്ക് കാര്യമായ നേട്ടമുണ്ടാക്കാനാവുകയെന്നാണ് സര്‍വേ പറയുന്നത്. ഇവിടെ ബി.ജെ.പി കോണ്‍ഗ്രസിനേക്കാളും 16 ശതമാനം വോട്ടു കൂടുതല്‍ നേടും. ദക്ഷിണ ഗുജറാത്തില്‍ ബി.ജെ.പിക്ക് 51 ശതമാനവും കോണ്‍ഗ്രസിന് 33 ശതമാനം വോട്ടുമായിരിക്കും ലഭിക്കുകയെന്നുമാണ് പ്രവചനം.

chandrika: