X

15 വര്‍ഷമായി നാട്ടിലേക്ക് പോകാതെ പ്രവാസി യാത്രയായി…

ജീവിതത്തിന്റെ പകുതിയോളം പ്രവാസജീവിതം നയിച്ചയാള്‍ പ്രവാസലോകത്തുനിന്ന് നേരെ പോയത് പരലോകത്തേക്ക്. പത്തനംതിട്ട സ്വദേശി വേണുഗോപാലപിള്ള (68 ) യാണ് 15 വര്‍ഷമായി നാട്ടിലേക്ക് പോകാതെ ഗള്‍ഫില്‍ അന്ത്യശ്വാസം വലിച്ചത്. ദീര്‍ഘകാലം അധ്വാനിച്ചിട്ടും കാര്യമായൊന്നും നേടാനാകാതെയാണ് റാന്നി നാരങ്ങാനം സ്വദേശി രോഗിയായി അന്ത്യശ്വാസം വലിച്ചത്. റിയാദിലെ കിങ് ഫഹദ് ആശുപത്രിയിലാണ് അന്ത്യം. 1979 ലാണ് ഗള്‍ഫ് ജീവിതം ആരംഭിച്ചത്. 2007ല്‍ നാട്ടിലേക്ക് പോയിവന്നെങ്കിലും പിന്നീട് പോയില്ല. കുടുംബവുമായി അകന്നുകഴിയുകയായിരുന്നുവന്നാണ ്പറയുന്നത്. റിയാദിലെ സാമൂഹികപ്രവര്‍ത്തകയാണ് പിന്നീട് ഇദ്ദേഹത്തെ കണ്ടെത്തിയത്. റിയാദിലെ ഖാദിസിയ നസ്രയില്‍ ജോലിചെയ്യുന്നതായി വിവരം ലഭിച്ചെങ്കിലും പിടികൊടുത്തില്ല. ശാരീരിക ബുദ്ധിമുട്ടുകളും ഉദരരോഗവും കലശലായി.മൂന്ന് ശസ്ത്രക്രിയകള്‍ കഴിഞ്ഞു. നാട്ടിലേക്ക് കയറ്റിവിടാന്‍ ശ്രമിച്ചെങ്കിലും പാസ്‌പോര്‍ട്ടും മറ്റും കാലാവധി കഴിഞ്ഞതിനാല്‍ കഴിഞ്ഞില്ല. രേഖകള്‍ ഏംബസി വഴി ശരിയാക്കിയെങ്കിലും രോഗം മുറുകി. റിയാദിലെ കിങ് ഫഹദ് ആശുപത്രിയില്‍ പത്തുലക്ഷത്തോളം രൂപയുടെ ചികില്‍സ സൗജന്യമായി നല്‍കി. ജീവകാരുണ്യപ്രവര്‍ത്തകരായ ശിഹാബ് കൊട്ടുകാട്ടും നിഅമത്തുല്ലയും ബന്ധുവും സാമൂഹികപ്രവര്‍ത്തകയുമായ ചന്ദനവല്ലി ജോസും ഭര്‍ത്താവ് ജോസ് ആന്റണിയും സഹായിക്കാനെത്തി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഒരുക്കത്തിലാണ്.
അജിത പിള്ളയാണ് ഭാര്യ. മക്കള്‍: ബിനു പിള്ള, വിഷ്ണുപിള്ള.

Chandrika Web: