X

അഞ്ചര ലക്ഷം അനുയായികള്‍; രാത്രിയാകുന്നതോടെ ഭീതി ഇരട്ടിച്ച് പോലീസ്; ഗുര്‍മീതിനെ വിമാനത്തില്‍ റോഹ്തക് ജയിലിലേക്ക് മാറ്റി

ബലാത്സംഗക്കേസില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീതിന്റെ അനുയായികള്‍ അഴിച്ചുവിട്ട അക്രമത്തില്‍ മരണസംഖ്യ ഉയരുന്നു. നഗരത്തിന്റെ വിവിധയിടങ്ങളിലായി അഞ്ചരലക്ഷത്തോളം അനുയായികളാണ് തമ്പടിച്ചിരിക്കുന്നത്. സര്‍ക്കാര്‍ വാഹനങ്ങളും മാധ്യമപ്രവര്‍ത്തകരുടെ വാഹനങ്ങളും തകര്‍ത്ത അനുയായികള്‍ ആക്രമണത്തില്‍ നിന്നും പിന്തിരിയാന്‍ സാധ്യതയില്ലെന്ന കണക്കുകൂട്ടലിലാണ് സര്‍ക്കാര്‍. രാത്രിയാവുന്നതോടെ അക്രമത്തിന്റെ വ്യാപ്തി വര്‍ദ്ധിക്കുമെന്ന പോലീസിന്റെ ആശങ്ക ഇരട്ടിയായിരിക്കുകയാണിപ്പോള്‍. അതേസമയം, കുറ്റക്കാരനെന്ന് കോടതി വിധിച്ച ഗുര്‍മീത് റാം റഹീമിനെ വിമാനത്തില്‍ റോഹ്തക് ജയിലിലേക്ക് മാറ്റി. അക്രമം ഡല്‍ഹിയിലേക്കും വ്യാപിച്ചു.

എന്നാല്‍ അക്രമികള്‍ അഴിഞ്ഞാടുമ്പോള്‍ സര്‍ക്കാര്‍ നോക്കുകുത്തിയാകുന്ന അവസ്ഥയാണ് കാണുന്നത്. ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും സര്‍ക്കാര്‍ വേണ്ടത്ര പോലീസ് സന്നാഹങ്ങള്‍ തീര്‍ച്ചപ്പെടുത്തിയിട്ടില്ലെന്ന് വിമര്‍ശനം ഉയരുകയാണ്. മുഖ്യമന്ത്രി മനോഹര്‍ലാല്‍ഖട്ടയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം നടക്കുന്നുണ്ടെങ്കിലും താഴെത്തട്ടിലേക്ക് യാതൊരു തരത്തിലുള്ള പരിഹാര നടപടികളും എത്തിയിട്ടില്ല. അതേസമയം, കേന്ദ്രസര്‍ക്കാര്‍ സംഭവത്തില്‍ ഇടപെട്ടിട്ടുണ്ട്. കൂടുതല്‍ സൈന്യത്തെ എത്തിക്കാന്‍ ശ്രമിക്കുമെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചിട്ടുണ്ട്. ആയിരക്കണക്കിന് ഗുര്‍മിത് അനുയായികള്‍ നഗരത്തില്‍ തന്നെ തമ്പടിച്ചു നില്‍ക്കുകയാണ്. കോടതി പരിസരവും ഗൂര്‍മീദ് റാം റഹീമിന്റെ ഒരു ലക്ഷത്തോളം വരുന്ന അനുയായികള്‍ വളഞ്ഞിട്ടുണ്ട്. ബി.എസ്.എഫ് വലയത്തിലുള്ള കോടതി പരിസരം. സംസ്ഥാനത്ത് അഞ്ചിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

chandrika: