X
    Categories: MoreViews

മരണം 11ആയി; നൂറ്റമ്പതോളം പേര്‍ക്ക് പരിക്ക്; കനത്ത സംഘര്‍ഷം; നോക്കുകുത്തിയായി സര്‍ക്കാര്‍

ബലാത്സംഗക്കേസില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീതിന്റെ അനുയായികള്‍ അഴിച്ചുവിട്ട അക്രമത്തില്‍ മരണം 11ആയി. സംഘര്‍ഷത്തില്‍ നൂറോളം പേര്‍ക്ക് പരിക്കേറ്റു. മാധ്യമങ്ങള്‍ക്കു നേരെ കയ്യേറ്റമുണ്ടാവുകയും ചെയ്തു. അക്രമികള്‍ മൂന്ന് റെയില്‍വേ സ്റ്റേഷനുകള്‍ തകര്‍ത്തു. സര്‍ക്കാര്‍ വാഹനങ്ങളും തകര്‍ത്ത ഇവര്‍ കോടതിക്കു പുറത്തുനിന്നിരുന്ന മാധ്യമ പ്രവര്‍ത്തകരുടെ ഒ.ബി വാഹനങ്ങള്‍ കത്തിച്ചു. കോടതിക്കു പുറത്തും വിവിധയിടങ്ങളിലും അക്രമങ്ങള്‍ നടക്കുകയാണിപ്പോള്‍. എന്നാല്‍ സര്‍ക്കാര്‍ നോക്കുകുത്തിയാകുന്ന അവസ്ഥയാണ് കാണുന്നത്. ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും സര്‍ക്കാര്‍ വേണ്ടത്ര പോലീസ് സന്നാഹങ്ങള്‍ തീര്‍ച്ചപ്പെടുത്തിയിട്ടില്ല. മുഖ്യമന്ത്രി മനോഹര്‍ലാല്‍ഖട്ടയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം നടക്കുന്നുണ്ടെങ്കിലും താഴെത്തട്ടിലേക്ക് യാതൊരു തരത്തിലുള്ള പരിഹാര നടപടികളും എത്തിയിട്ടില്ല. അതേസമയം, കേന്ദ്രസര്‍ക്കാര്‍ സംഭവത്തില്‍ ഇടപെട്ടിട്ടുണ്ട്. കൂടുതല്‍ സൈന്യത്തെ എത്തിക്കാന്‍ ശ്രമിക്കുമെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചിട്ടുണ്ട്. ആയിരക്കണക്കിന് ഗുര്‍മിത് അനുയായികള്‍ നഗരത്തില്‍ തന്നെ തമ്പടിച്ചു നില്‍ക്കുകയാണ്. കോടതി പരിസരവും ഗൂര്‍മീദ് റാം റഹീമിന്റെ ഒരു ലക്ഷത്തോളം വരുന്ന അനുയായികള്‍ വളഞ്ഞിട്ടുണ്ട്. ബി.എസ്.എഫ് വലയത്തിലുള്ള കോടതി പരിസരം. സംസ്ഥാനത്ത് അഞ്ചിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

chandrika: