X

ഹദിയ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം; 31ന് ഹദിയ വിജയ ദിനം

മലപ്പറം: ഹദിയ കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജസ്വലമായി നടത്താനും ഈ മാസം 31 ന് ഹദിയ വിജയ ദിനമായി ആചരിക്കാനും മലപ്പുറത്ത് ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു. ഇതിന് മുന്നോടിയായി സമ്പൂര്‍ണമായ ഗൃഹസന്ദര്‍ശനം ഉള്‍പ്പടെയുള്ള പ്രചാരണ പരിപാടികള്‍ നടത്തും. മുസ്്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. 31 ലെ ഹദിയ വിജയദിനാചരണത്തിന് വാര്‍ഡുതലത്തില്‍ ചടങ്ങുകള്‍ സംഘടിപ്പിക്കും. ഓരോ വാര്‍ഡിലെയും പരമാവധി ആളുകളെ ഈ പരിപാടിയില്‍ പങ്കെടുപ്പിക്കും.

ഓരോ വാര്‍ഡിലെയും മുഴുവന്‍ ആളുകളെയും ഹദിയയുടെ ഭാഗമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഇനിയുള്ള ദിവസങ്ങളില്‍ നടക്കുക. ജനപ്രതിനിധികള്‍, പാര്‍ട്ടിയുടെയും പോഷക സംഘടനകളുടെയും ഭാരവാഹികള്‍, സഹകരണ സംഘങ്ങളിലെ ഡയറക്ടര്‍മാര്‍ തുടങ്ങിയവര്‍ അവരവരുടെ ഓഹരികള്‍ 25നകം ഹദിയയിലേക്ക് കൈമാറും.

ഏപ്രില്‍ മൂന്നിനാണ് ‘എന്റെ പാര്‍ട്ടിക്ക് എന്റെ ഹദിയ’ കാമ്പയിന്‍ തുടങ്ങിയത്. ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിവിധ ജില്ലകളിലെ നിരീക്ഷകര്‍ വിലയിരുത്തി. ഇനിയുള്ള ദിവസങ്ങളില്‍ പരമാവധി ആളുകളെ കാണാനും ക്വാട്ട പൂര്‍ത്തീകരിക്കാനും യോഗം നിര്‍ദേശം നല്‍കി. ഇതിന്റെ ഭാഗമായി മണ്ഡലം , പഞ്ചായത്ത് കമ്മിറ്റികള്‍ ചേരും. സമ്പൂര്‍ണമായി ഓണ്‍ലൈന്‍ വഴിയുള്ള ധനസമാഹരണത്തില്‍ ഇതുവരെ ഏഴു കോടിയോളം രൂപ ബാങ്ക് അക്കൗണ്ടുകളില്‍ എത്തി. പ്രത്യേക ആപ്പുവഴി അപ്പപ്പോള്‍ തന്നെ റസിപ്റ്റ് ലഭ്യമാക്കാന്‍ സൗകര്യമുള്ള പദ്ധതി ജനങ്ങള്‍ ഏറ്റെടുത്തതായി മുസ്്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ പറഞ്ഞു.

ഹദിയ കണ്‍വീനര്‍ മഞ്ഞളാംകുഴി അലി എംഎല്‍എ, സംസ്ഥാന ഭാരവാഹികളും വിവിധ ജില്ലകളിലെ നിരീക്ഷകരുമായ എം.സി മായിന്‍ഹാജി, ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, സി.പി ചെറിയ മുഹമ്മദ്, അബ്ദുറഹ്മാന്‍ രണ്ടത്താണി, ബീമാപള്ളി റഷീദ്, കെ.എസ് ഹംസ, പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ, ഹദിയ കോ-ഓര്‍ഡിനേറ്റര്‍ പി.എം.എ സമീര്‍ പങ്കെടുത്തു.

Chandrika Web: