X

‘വീട്ടിലേക്ക് പോകേണ്ടെന്ന് ഹാദിയ’; പോലീസ് ബലം പ്രയോഗിച്ച് കൊണ്ടുപോയി

കൊച്ചി: തനിക്ക് വീട്ടിലേക്ക് പോകേണ്ടെന്ന് കൊണ്ടുപോകാന്‍ വന്ന പോലീസിനോട് മതംമാറി മുസ്‌ലിം യുവാവിനെ വിവാഹം കഴിച്ച ഹാദിയ. കഴിഞ്ഞ ദിവസം ഹാദിയ-ഷഫീന്‍ ദമ്പതികളുടെ വിവാഹം ഹൈക്കോടതി റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ഹാദിയയെ വീട്ടിലേക്ക് എത്തിക്കാനും കോടതി ഉത്തരവിട്ടിരുന്നു. വിധിയെ തുടര്‍ന്ന് എറണാംകുളം എസ്എന്‍വി ഹോസ്റ്റലില്‍ ഹാദിയയെ കൊണ്ടുപോകാന്‍ പോലീസെത്തിയപ്പോഴാണ് വീട്ടിലേക്ക് പോകാന്‍ തയ്യാറല്ലെന്ന് ഹാദിയ പറഞ്ഞത്.

ഇന്ന് ഉച്ചയോടെയാണ് സംഭവം. ഹോസ്റ്റലിലെത്തിയ പോലീസിനോട് ഹാദിയ വരില്ലെന്ന് പറഞ്ഞു. വീട്ടിലേക്ക് പോകാന്‍ വിസമ്മതിച്ച ഹാദിയ താന്‍ മതം മാറിയെന്നും തനിക്ക് വീട്ടിലേക്ക് പോകേണ്ടെന്നും പറയുകയായിരുന്നു. പോലീസ് ജീപ്പില്‍ കയറുമ്പോഴും തനിക്ക് പോകേണ്ടെന്ന് ഹാദിയ വിളിച്ചു പറയുന്നുണ്ടായിരുന്നു. എന്നാല്‍ ഹാദിയയെ പോലീസ് ബലം പ്രയോഗിച്ച് കൊണ്ടുപോയി. ഹാദിയയെ വൈക്കത്തുള്ള സ്വന്തം വീട്ടിലേക്കാണ് കൊണ്ടുപോയത്. അതേസമയം, ഹാദിയ സിറിയയിലേക്ക് പോകണമെന്ന് പറഞ്ഞുവെന്ന് അച്ഛന്‍ അശോകന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ബുധനാഴ്ച്ചയാണ് ദമ്പതികളായ ഹാദിയയുടേയും ഷഫീന്റേയും വിവാഹം കേരള ഹൈക്കോടതി അസാധുവാക്കുന്നത്. യുവതിയെ കാണാനില്ലെന്ന് ഹേബിയസ് കോര്‍പ്പസ് കേസ് നടന്നുകൊണ്ടിരിക്കെയാണ് വിവാഹം നടന്നതെന്നും, സ്വന്തം രക്ഷിതാക്കളില്ലാതെ, രക്ഷാകര്‍ത്താക്കളായി പോയ യുവതിക്ക് വിവാഹം നടത്തിക്കൊടുക്കാന്‍ അധികാരമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഇടപെടല്‍ നടന്നത്. യുവതിയെ ഐ.എസിലേക്ക് കടത്തിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നുവെന്നാണ് പിതാവിന്റെ പരാതി. എന്നാല്‍ കോടതിവിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഷെഫീന്‍ പറഞ്ഞിട്ടുണ്ട്.

chandrika: