X

ഹൈക്കോടതി വിധി ആവര്‍ത്തിക്കുമോ?: സുപ്രീംകോടതിയിലേക്ക് ഉറ്റുനോക്കി രാജ്യം; ഹാദിയ കേസിന്റെ നാള്‍ വഴികള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: കൊല്ലം സ്വദേശി ഷെഫിന്‍ ജഹാനുമായുള്ള വിവാഹം റദ്ദാക്കിയ ഹാദിയ കേസില്‍ സുപ്രീംകോടതിയിലേക്ക് ഉറ്റുനോക്കി രാജ്യം. കേരള ഹൈക്കോടതി വിവാഹം റദ്ദാക്കിയതിനെ തുടര്‍ന്ന് ഷെഫിന്‍ ജഹാന്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കേസില്‍ നിര്‍ബന്ധിത മതംമാറ്റമുണ്ടെന്നും ലൗ ജിഹാദാണെന്നുമുള്ള അച്ഛന്‍ അശോകന്റെ വാദം നിലനില്‍ക്കെ സുപ്രീംകോടതി ഇന്ന് മൂന്നിന് ഹാദിയയെ കേള്‍ക്കും. ഹാദിയ തന്റെ നിലപാട് അറിയിക്കുന്നതോടെ സുപ്രീംകോടതി എന്ത് തീരുമാനിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഉച്ചതിരിഞ്ഞ് മൂന്നിനാണ് ഹാദിയയെ കോടതിയില്‍ ഹാജരാക്കുക. ഹാദിയയെ കേള്‍ക്കുന്നതിന് മുമ്പ് പിതാവ് അശോകന്റെ അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കണമെന്ന വാദം കോടതി പരിശോധിക്കും. അതിനിടെ, ഹാദിയക്ക് മാനസിക വിഭ്രാന്തിയുണ്ടെന്ന നിലപാടിലാണ് കുടുംബം. ഈ മാനസികാവസ്ഥയില്‍ ഹാദിയക്ക് വിവാഹത്തിനുള്ള തീരുമാനമെടുക്കുന്നതിന് കഴിയില്ലെന്നുമാണ് അഭിഭാഷകന്റെ വാദം. ഇതില്‍ ഹൈക്കോടതി വിധി സുപ്രീംകോടതി ആവര്‍ത്തിക്കുമോ എന്ന ആശങ്കയും നിലവിലുണ്ട്.

സേലത്ത് ശിവരാജ് ഹോമിയോപതി മെഡിക്കല്‍ കോളേജില്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കുകയായിരുന്നു അശോകന്റെ ഏകമകള്‍ അഖില. ഹോസ്റ്റലിലെ കൂട്ടുകാരികളുടെ മതത്തില്‍ ആകൃഷ്ടയായാണ് അഖില ഇസ്ലാം മതം സ്വീകരിക്കുന്നത്. പിന്നീട് ഹാദിയ എന്ന് പേര് സ്വീകരിച്ചു. ഏകമകളുടെ മതംമാറ്റം അംഗീകരിക്കാന്‍ അശോകന് കഴിഞ്ഞില്ല. പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും മകള്‍ വഴങ്ങാത്തതിനെ തുടര്‍ന്ന് അശോകന്‍ നിയമപരമായി നേരിടുകയായിരുന്നു. 2016 ജനുവരി 6ന് അഖില എന്ന ഹാദിയയെ തട്ടിക്കൊണ്ടുപോയി എന്ന് ആരോപിച്ച് അശോകന്‍ പെരിന്തല്‍മണ്ണ പൊലീസില്‍ നല്‍കിയ പരാതിയോടെ ഹാദിയ കേസില്‍ വിവാദങ്ങളുടെ തുടക്കമായി. കേസില്‍ ഹാദിയയുടെ സഹപാഠിയായിരുന്ന ജസീനയുടെ പിതാവ് അബൂബക്കറിനെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ ഹാദിയയെ കണ്ടെത്താന്‍ പൊലീസിനായില്ല. 2016 ജനുവരി 19ന് അശോകന്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തു.കോടതി നിര്‍ദ്ദേശപ്രകാരം ജനുവരി 25ന് കോടതിയില്‍ ഹാദിയ നേരിട്ട് ഹാജരായി തന്നെ ആരും തടവില്‍ വെച്ചിട്ടില്ലെന്ന് വ്യക്തമാക്കി. ഹാദിയയെ സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ കോടതി അനുവദിച്ച് കേസ് തീര്‍പ്പാക്കി. പിന്നീട് 2016 മാര്‍ച്ചില്‍ സത്യസരണിയില്‍ നിന്ന് അഖില എന്ന ഹാദിയ മതപഠനം പൂര്‍ത്തിയാക്കുകയായിരുന്നു.

ഇതിനിടെ, അശോകന്‍ രണ്ടാമത്തെ ഹേബിയസ് കോര്‍പസ് ഹര്‍ജി ഹൈക്കോടതിയില്‍ നല്‍കി. കേസില്‍ ആഗസ്റ്റ് 22നും സെപ്റ്റംബര്‍ ഒന്നിനും അഞ്ചിനും 27നും ഹാദിയ കോടതിയില്‍ ഹാജരായി. സെപ്റ്റംബര്‍ 27ന് സത്യസരണി ഭാരവാഹിയായ സൈനബക്കൊപ്പം പോകാന്‍ കോടതി ഹാദിയയെ അനുവദിച്ചു. ഡിസംബര്‍ 19ന് കോട്ടക്കലിലെ പുത്തൂര്‍ മഹലില്‍ വെച്ച് ഷെഫിന്‍ ജഹാനും ഹാദിയയയും വിവാഹതിരായി. തുടര്‍ന്ന് ഡിസംബര്‍ 21ന് വിവാഹത്തെ കുറിച്ച് അന്വേഷിക്കാന്‍ കോടതി പൊലീസിനോട് നിര്‍ദ്ദേശിക്കുകയായിരുന്നു. 2017 മെയ് 24 ഷെഫിന്‍ ജഹാനുമായുള്ള ഹാദിയയുടെ വിവാഹം റദ്ദാക്കിയ കോടതി ഹാദിയയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടുകൊണ്ട് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഇത് വിവാദങ്ങള്‍ക്ക് കാരണമായി. ഈ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ഷെഫിന്‍ ജഹാന്‍ സുപ്രീംകോടതിയെ സമീപിച്ചു. ഹാദിയയുടെ മതംമാറ്റം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ റിട്ട. സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ എന്‍.ഐ.എ അന്വേഷിക്കാന്‍ ആഗസ്റ്റ് 17ന് സുപ്രീംകോടതി ഉത്തരവിട്ടു.
അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ കോടതി നിയോഗിച്ച റിട്ട. ജസ്റ്റിസ് ആര്‍.വി.രവീന്ദ്രന്‍ ഓഗസ്റ്റ് 18ന് പിന്മാറി. കേസില്‍ എന്‍.ഐ.എ അന്വേഷണവും വിവാഹവും രണ്ടായി തന്നെ പരിഗണിക്കുമെന്ന് വ്യക്തമാക്കിയ കോടതി ഹാദിയയുടെ ഭാഗം നേരിട്ട് കേള്‍ക്കാനായി ഒക്ടോബര്‍ 27ന് വൈകീട്ട് 3 മണിക്ക് ഹാജരാകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെ, അടച്ചിട്ട മുറിയില്‍ ഹാദിയയുടെ വാദം കേള്‍ക്കണമെന്ന അശോകന്റെ വാദം കോടതി തള്ളിയിരുന്നു. ഇന്ന് മൂന്നിന് ഹാജരാക്കുമ്പോള്‍ അശോകന്റെ വാദം കോടതി വീണ്ടും കേള്‍ക്കും. അതിനുശേഷമായിരിക്കും ഹാദിയയെ കേള്‍ക്കുക.

chandrika: