X
    Categories: MoreViews

മിനയില്‍ തീര്‍ഥാടക ലക്ഷങ്ങള്‍ അറഫ സംഗമം നാളെ

 

പരിശുദ്ധ ഹജ്ജ് നിര്‍വഹിക്കുന്നതിനായി തീര്‍ഥാടക ലക്ഷങ്ങള്‍ മിന താഴ്‌വരയില്‍ എത്തി തുടങ്ങി. വിശുദ്ധഭൂമി തല്‍ബിയത്തിന്റെ മന്ത്രധ്വനികളാല്‍ മുഖരിതമാണ്.
വിവിധ രാജ്യക്കാരും വ്യത്യസ്ഥ ഭാഷക്കാ രും കറുത്തവരും വെളുത്തവരും പുരുഷന്‍മാരും സ്ത്രീകളും കുട്ടികളും ഇങ്ങിനെ വേര്‍തിരിക്കാന്‍ പലതുണ്ടെങ്കിലും അള്ളാഹുവിന്റെ വിളിക്കുത്തരം നല്‍കാന്‍ വിശുദ്ധ ഭൂമിയില്‍ എത്തിയവരെല്ലാം ഒരേ വേഷത്തില്‍ ഒരേ മന്ത്രം ഉരുവിടുന്നു. ലബ്ബൈക്കള്ളാഹുമ്മ ലബ്ബൈക്ക്… ലബ്ബൈക്ക ലാ ശരീക്ക ലക ലബ്ബൈക്ക്… ഇന്നല്‍ഹംദ, വന്നിഅ്മത്ത ലക വല്‍മുല്‍ക്ക്…ലാശരീക്ക ലക്…
മക്കയിലെ വിശുദ്ധ ഹറമില്‍നിന്ന് ഏഴു കിലോമീറ്റര്‍ അകലെയുള്ള മിന താഴ്‌വര ഇന്നലെ വൈകുന്നേരം മുതല്‍ അള്ളാഹുവിന്റെ അതിഥികളായ ശുഭ്രവസ്ത്രധാരികളെ വരവേറ്റു തുടങ്ങി.
ഇന്ത്യന്‍ ഹാജിമാര്‍ താമസ കേന്ദ്രങ്ങളില്‍ നിന്നു ഇന്നലെ മഗ്‌രിബിനു ശേഷമാണ് വിവിധ ബസുകളില്‍ മിനയിലേക്ക് യാത്ര തിരിച്ചത്. ഇന്ന് ഉച്ചയോടെ മാത്രമേ ഇന്ത്യന്‍ തീര്‍ഥാടകര്‍ പൂര്‍ണമായും മിനയിലെത്തിച്ചേരുകയുള്ളൂ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 21 ലക്ഷം ഹാജിമാര്‍ ഇന്ന് രാത്രി മിനയില്‍ രാപാര്‍ക്കും. ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫ സംഗമത്തിനായി നാളെ സുബഹി നിസ്‌കാരത്തിനു ശേഷം ഹാജിമാര്‍ അറഫ മൈതാനി ലക്ഷ്യമാക്കി നീങ്ങിതുടങ്ങും.
കനത്ത ചൂടും ഹാജിമാരുടെ എണ്ണത്തിലുള്ള വര്‍ധനവും കണക്കിലെടുത്ത് സഊദി ഭരണ കൂടം വിശുദ്ധ ഭൂമിയില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്തിയിട്ടുണ്ട്.
സുരക്ഷ മുന്‍കരുതലുകളും ശക്തമാക്കിയിട്ടുണ്ട്. തിരക്ക് മൂലം ഉണ്ടായേക്കാവുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിനും ഹാജിമാരുടെ സൗകര്യവും കണക്കിലെടുത്ത് ജംറകളില്‍ കല്ലേറ് നിര്‍വഹിക്കുന്നതിന് ഓരോ രാജ്യത്തിനും സമയക്രമവും നല്‍കി. ഇതനുസരിച്ച് ഇന്ത്യന്‍ ഹാജിമാര്‍ ദുല്‍ഹജ്ജ് പത്തിന് രാവിലെ 6 മുതല്‍ 10 വരെയും ദുല്‍ഹജ്ജ് പതിനൊന്നിന് ഉച്ചക്ക് 2 മുതല്‍ വൈകുന്നേരം 6 വരെയും ദുല്‍ഹജ്ജ് 12ന് 10.30 മുതല്‍ ഉച്ചക്ക് രണ്ട് വരെയും കല്ലേറ് കര്‍മം നിര്‍വഹിക്കരുതെന്ന് ഇന്ത്യന്‍ ഹജ്ജ് മിഷന്‍ നിര്‍ദേശിച്ചു.
1,24,900 പേര്‍ ഹജ്ജ്കമ്മിറ്റി വഴിയും 45,000 പേര്‍ സ്വകാര്യ ഗ്രൂപ് വഴിയും ഇന്ത്യയില്‍ നിന്നും ഇത്തവണ ഹജ്ജിനെത്തിയിട്ടുണ്ട്.
ഇതുവരെയായി 65 ഇന്ത്യന്‍ ഹാജിമാര്‍ മരണപ്പെട്ടതായും ഹജ്ജ് മിഷന്‍ വെളിപ്പെടുത്തി. ഇന്നലെ വൈകുന്നേരം വരെയുള്ള കണക്ക് പ്രകാരം വിവിധ രാജ്യക്കാരായ 17,47,440 തീര്‍ഥാടകര്‍ എത്തിയതായി സഊദി പാസ്‌പോര്‍ട് വിഭാഗം അറിയിച്ചു. 16,43,896 പേര്‍ വിമാന മാര്‍ഗവും 88,717 റോഡ് മാര്‍ഗവും 14,827 കടല്‍ മാര്‍ഗവുമാണ് സഊദിക്ക് പുറത്തു നിന്നും ഹജ്ജിനെത്തിയത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 4,23,914 വിദേശ തീര്‍ഥാടകര്‍ അധികം എത്തിയിട്ടുണ്ട്. മൂന്ന് ലക്ഷം അഭ്യന്തര തീര്‍ഥാടകരെയുമാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്.
ഇന്ത്യന്‍ വിദേശകര്യ സഹമന്ത്രി എം.ജെ അക്ബറിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാറിന്റെ ഹജ്ജ് സൗഹൃദ സംഘം മക്കയിലെത്തി. സൗഹൃദ സംഘാംഗമായ ബി.ജെ.പി നേതാവ് സയ്യിദ് സഫര്‍ ഇസ്‌ലാമും മന്ത്രിക്കൊപ്പമുണ്ട്.

chandrika: