X
    Categories: keralaNews

പെട്ടിയില്‍ ‘ഞെട്ടി’ ഹാജിമാര്‍

മലപ്പുറം: ഏഴുവര്‍ഷം മുമ്പ് പരീക്ഷിച്ച് പരാജയപ്പെട്ട ഹാജിമാര്‍ക്കുള്ള പെട്ടി വിതരണം വീണ്ടും പൊടി തട്ടിയെടുത്ത് കേന്ദ്ര ഹജ്ജ് കമ്മിറ്റി. 2015ല്‍ നടപ്പിലാക്കി പരാജയപ്പെട്ട പദ്ധതിയാണ് ഹജ്ജ് കമ്മിറ്റി ഇത്തവണ പരീക്ഷിക്കുന്നത്.

സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഈ വര്‍ഷം ഹജ്ജിന് പോകുന്നവര്‍ നിര്‍ബന്ധമായും രണ്ട് പെട്ടി വാങ്ങണമെന്നാണ് നിര്‍ദേശം. ഇതനുസരിച്ച് ഹാജിമാരുടെ പക്കല്‍ നിന്നും രണ്ട് പെട്ടിക്കുള്ള പണം ഹജ്ജ് കമ്മിറ്റി വാങ്ങുന്നുണ്ട്. വലിയ പെട്ടിക്ക് 18,500 രൂപയും ചെറിയ പെട്ടിക്ക് 8,250 രൂപയുമാണ് പെട്ടിയില്‍ രേഖപ്പെടുത്തിയിരിക്കുന്നഎം.ആര്‍.പി റേറ്റ്. നേരത്തെ ഹജ്ജിന് പോകുന്ന ഹാജിമാര്‍ സ്വന്തമായിട്ടാണ് ബാഗ് എടുത്തിരുന്നത്.

ബാഗില്‍ ഒട്ടിക്കാന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി തയാറാക്കിയ പ്രത്യേക സ്റ്റിക്കര്‍ നല്‍കുകയായിരുന്നു പതിവ്. ഇത് മലയാളി ഹാജിമാരുടെ ലഗേജുകള്‍ കണ്ടുപിടിക്കാന്‍ ഏറെ സഹായകരമായിരുന്നു. മൂവായിരം രൂപ മുതല്‍ വില വരുന്ന പെട്ടിയാണ് ഹജ്ജ് കമ്മിറ്റി വഴി വാങ്ങുമ്പോള്‍ ഉയര്‍ന്ന തുകയ്ക്ക് വാങ്ങേണ്ടി വരുന്നതെന്നാണ് ആക്ഷേപം. ഇന്ത്യയില്‍ നിന്നുള്ള ഹാജിമാര്‍ക്ക് ഒരേ രൂപത്തിലുള്ള പെട്ടിതന്നെ വേണമെന്നാണ് ഹജ്ജ് കമ്മിറ്റി പറയുന്നത്. നല്ല ആശയമാണെന്ന് അധികൃതര്‍ അടിവരയിടുമ്പോഴും രണ്ടു പെട്ടി വാങ്ങണമെന്ന് നിര്‍ബന്ധിക്കുകയും 26,750 രൂപ നല്‍കേണ്ടി വരികയും ചെയ്യുകയാണെങ്കില്‍ അത് വലിയ ബാധ്യതയാണ് ഹാജിമാര്‍ക്കുണ്ടാക്കുക.

രണ്ടു പെട്ടിയില്‍ സാധനങ്ങള്‍ കൊണ്ടുപോകാന്‍ ഇല്ലാത്തവര്‍ക്ക് രണ്ട് പെട്ടി എന്നത് ബാധ്യതയാണ്. ബാഗാണെങ്കില്‍ യാത്രികര്‍ക്ക് ആവശ്യാനുസരണം ക്രമീകരിക്കാന്‍ സാധിക്കും. ആവശ്യമില്ലെങ്കില്‍ ചുരുട്ടി സൂക്ഷിക്കുവാനും സാധിക്കും. എന്നാല്‍ സാധനം ഉണ്ടെങ്കിലും ഇല്ലെങ്കിലും രണ്ടു പെട്ടി കരുതേണ്ട അവസ്ഥയാണ് നിലവില്‍ യാത്രക്കാര്‍ക്കുള്ളത്. മടക്കയാത്രയില്‍ സാധനങ്ങള്‍ ഉണ്ടാവുമെന്നതാണ് രണ്ടു പെട്ടി കരുതാന്‍ കാരണം. 2015ല്‍ കാലിപ്പെട്ടികള്‍ വിമാനത്തില്‍ കയറ്റുമ്പോള്‍ പൊട്ടിയ സാഹചര്യമുണ്ടായിരുന്നു. പല പെട്ടികളും കേടുവന്നു ഉപയോഗശൂന്യമാവുകയും ചെയ്തു. ഇതേ രീതി ഇത്തവണയും പരീക്ഷിക്കുന്നത് ബാഗ് കമ്പനികളെ സഹായിക്കാനാണെന്ന ആക്ഷേപവും ശക്തമാണ്.

ഹാജിമാര്‍ക്കുള്ള പെട്ടി വിതരണം ഇന്നലെ മലപ്പുറം ജില്ലയില്‍ ആരംഭിച്ചുവെങ്കിലും തുടക്കത്തില്‍ തന്നെ കല്ലുകടിയുണ്ടായി. ഇതര സംസ്ഥാനത്തുനിന്നും പെട്ടിയെത്തിച്ചവര്‍ വിതരണത്തിന്റെ നേതൃത്വം ഏറ്റെടുത്തതോടെ വിതരണം ഏറെനേരം വൈകി.

Chandrika Web: