X

പട്ടേല്‍ സംവരണം; കോണ്‍ഗ്രസിന് എളുപ്പമാകില്ലെന്ന്

അഹമ്മദാബാദ്: ഹര്‍ദിക് പട്ടേലിന്റെ ആവശ്യങ്ങളോട കോണ്‍ഗ്രസ് വഴങ്ങിയെങ്കിലും, പട്ടേല്‍മാര്‍ക്ക് തൊഴില്‍-ഉദ്യോഗ സംവരണം നല്‍കുന്നത് അത്രയെളുപ്പത്തില്‍ നടക്കില്ലെന്ന് വിദഗ്ധര്‍. സാമുദായികമായി താരതമ്യേന മികച്ച നിലയിലുള്ള സമുദായമാണ് ഗുജറാത്തിലെ പട്ടേലുമാര്‍. പട്ടേലുമാര്‍ക്ക് കൂടി സംവരണം നല്‍കിയില്‍ സര്‍ക്കാര്‍ ജോലികളും ഉന്നത വിദ്യാഭ്യാസ മേഖലയിലെ അവസരങ്ങളും സംവരണ വിഭാഗങ്ങളിലേക്ക് ചുരുങ്ങും എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. മൊത്തം സംവരണം അമ്പത് ശതമാനത്തില്‍ കൂടുതലാകരുത് എന്നാണ് സുപ്രീം കോടതി വ്യവസ്ഥ.
ജനസംഖ്യയുടെ 40 ശതമാനം വരുന്ന ഒ.ബി.സി വിഭാഗക്കാര്‍ക്ക് നിലവില്‍ 27 ശതമാനം സംവരണമുണ്ട്. ഇതിന് പുറമേ, പട്ടിക ജാതിക്കാര്‍ക്ക് ഏഴും പട്ടിക വര്‍ഗക്കാര്‍ക്ക് 15 ശതമാനവും സംവരണവുമുണ്ട്. അഥവാ, മൊത്തം 49 ശതമാനമാണ് ഗുജറാത്തിലെ സംവരണം. സുപ്രീംകോടതി അനുവദിച്ചതിലും ഒരു ശതമാനം മാത്രം താഴെ.
ബാക്കി വരുന്ന ഒരു ശതമാനം സംവരണം ഹര്‍ദിക് ആഗ്രഹിക്കുന്നില്ല. പട്ടേലുമാരെ ഒ.ബി.സി പട്ടികയില്‍ ഉള്‍പ്പെടുത്തണം എന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. രാജ്യത്തിനകത്തും പുറത്തും താരതമ്യേന മികച്ച സാമ്പത്തിക നിലയില്‍ കഴിയുന്ന പട്ടേലുമാരെ ഒ.ബി.സി വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിലെ സാംഗത്യം ചോദ്യം ചെയ്യപ്പെടും.
ഹര്‍ദികിന്റെ പ്രക്ഷോഭം കര്‍ഷകര്‍, വജ്രവ്യാപാരികള്‍, വ്യവസായികള്‍ എന്നിവരുള്‍പ്പെട്ട പട്ടേല്‍ സമുദായത്തിനിടയില്‍ വന്‍ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്.

chandrika: