X

ഗോദ്രയിലെ മുസ്‌ലിം സമുദായവുമായി ഹര്‍ദിക് പട്ടേല്‍ കൂടിക്കാഴ്ച നടത്തി

അഹമ്മദാബാദ്: ഗോധ്രയിലെ മുസ്്‌ലിം സമൂഹവുമായും വഡോദരയിലെ കര്‍ഷക സംഘങ്ങളുമായും കൂടിക്കാഴ്ച നടത്തി പാട്ടിദാര്‍ സമരനയാകന്‍ ഹര്‍ദിക് പട്ടേല്‍. ഹര്‍ദികിനൊപ്പം സംവരണ സമരത്തിന് ചുക്കാന്‍ പിടിച്ച രണ്ട് പ്രമുഖ നേതാക്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിനു പിന്നാലെയാണ് നീക്കം. വഡോദര താലൂക്കിലെ മധേലി വില്ലേജിലായിരുന്നു കര്‍ഷകരുമായുള്ള കൂടിക്കാഴ്ച. സമുദായ ഉന്നമനത്തിനായി ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഹര്‍ദിക് പറഞ്ഞു.

സമുദായത്തിന്റെ അവകാശങ്ങള്‍ക്കു വേണ്ടിയാണ് താന്‍ പ്രവര്‍ത്തിക്കുന്നത്. തുടക്കത്തിലെ ഉന്നയിച്ച മൂന്ന് ആവശ്യങ്ങളില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ്. പട്ടേല്‍ വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ സര്‍വീസിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം, യുവാക്കള്‍ക്ക് തൊഴില്‍, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണം എന്നിവയാണ് ഈ ആവശ്യങ്ങള്‍. ഏത് പാര്‍ട്ടിയാണോ ഈ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത്, അവരെ പിന്തുണക്കുമെന്നും ഹര്‍ദിക് പട്ടേല്‍ പറഞ്ഞു. ഡിസംബറില്‍ നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹര്‍ദിക് പട്ടേലിന്റെ നേതൃത്വത്തിലുള്ള പാട്ടിദാര്‍ മൂവ്‌മെന്റുമായി കോണ്‍ഗ്രസ് സഖ്യത്തിന് മുതിര്‍ന്നേക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഹര്‍ദികിന്റെ പ്രതികരണം.

“എന്റെ ബാങ്ക് അക്കൗണ്ടില്‍ 15 ലക്ഷം വരുന്നുണ്ടോ” എന്ന് അറിയാന്‍ അച്ഛനെ ഏല്‍പ്പിച്ചിരിക്കുകയാണെന്നും, മോദിയെ കളിയാക്കി ഹര്‍ദിക്ക് പറഞ്ഞു. അല്ല, ആ പണം നമ്മുടെ അക്കൗണ്ടിലെല്ല മറിച്ച് ജെയ് ഷായുടെ കീശയിലേക്കാണ് പോയതെന്നും ഹര്‍ദിക്ക്. അമിത് ഷായുടെ മകന്റെ അഴിമതി സൂചിപ്പിച്ചു കുറ്റപ്പെടുത്തി.

വിഭജിച്ച് ഭരിക്കുക എന്ന മുദ്രാവാക്യമാണ് ബിജെപിയുടേതെന്നും ഹര്‍ദിക്ക് വിമര്‍ശിച്ചു
വരുണ്‍ പട്ടേല്‍, രേശ്മ പട്ടേല്‍ എന്നിവര്‍ ബി.ജെ.പിയില്‍ ചേര്‍ന്നത് സംബന്ധിച്ച ചോദ്യത്തിന്, വ്യക്തികള്‍ക്കു വേണ്ടിയല്ല, സമുദായത്തിനു വേണ്ടിയാണ് പോരാടുന്നതെന്നായിരുന്നു ഹര്‍ദികിന്റെ മറുപടി. വ്യക്തികള്‍ വരും, പോകും. പക്ഷേ പോരാട്ടം തുടരും- അദ്ദേഹം പറഞ്ഞു.

chandrika: