X

ഹര്‍ത്താല്‍ നേരിടാന്‍ ഒറ്റക്കെട്ടായി സംഘടനകള്‍

 

കൊച്ചി: വ്യാപാര-വ്യവസായ മേഖലകളെ തകര്‍ക്കുന്ന ഹര്‍ത്താലുകള്‍ക്കെതിരെ പൊതുനിലപാട് സ്വീകരിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ വ്യാപാര-വ്യവസായ സംഘടനകളുടെ സംയുക്തയോഗം ഇന്ന് കോഴിക്കോട്ട് ചേരും. സംസ്ഥാനത്ത് അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകള്‍ കാരണം വ്യാപാര-വ്യവസായ മേഖലകളാകെ തകര്‍ച്ച നേരിട്ട് കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ യോഗം ചേരുന്നത്. ഉച്ചക്ക് രണ്ടു മണിക്ക് കോഴിക്കോട് വ്യാപാര ഭവനില്‍ വച്ച് നടക്കുന്ന സംയുക്ത യോഗത്തില്‍ കേരളത്തിലെ വ്യാപാര-വ്യവസായ മേഖലകളിലുള്‍പ്പടെ പ്രവര്‍ത്തിക്കുന്ന വ്യാപാരി വ്യവസായി സമിതി, ചേംബര്‍ ഓഫ് കൊമേഴ്‌സ്, ഓള്‍ കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍, പ്രൈവറ്റ് ബസ് കോര്‍ഡിനേഷന്‍ കമ്മിറ്റി, ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍, വിനോദ സഞ്ചാര മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകള്‍ തുടങ്ങി അറുപതോളം സംഘടനകള്‍ പങ്കെടുക്കുമെന്ന് കേരള വ്യാപാരി-വ്യവസായി ഏകോപന സമിതി സംസ്ഥാന ജന.സെക്രട്ടറി രാജു അപ്‌സര പറഞ്ഞു. ഹര്‍ത്താലിന്റെ ദുരിതം പേറുന്ന മേഖലകളെ ഒന്നിപ്പിച്ച് ഹര്‍ത്താലിനെ നേരിടുകയാണ് സംയുക്ത യോഗം കൊണ്ട് ലക്ഷ്യമിടുന്നത്. ഓരോ ഹര്‍ത്താലിനും വ്യാപാരികള്‍ക്ക് വലിയ നഷ്ടം ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് സംയുക്ത നീക്കം. ഹര്‍ത്താല്‍ ദിനങ്ങളില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാനും ബസുകള്‍ ഉള്‍പ്പെടെ വാഹനങ്ങള്‍ നിരത്തിലിറക്കാനും യോഗം തീരുമാനിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃത്വം വ്യക്തമാക്കി. ഹര്‍ത്താലിനെ തുടര്‍ന്ന് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ നേരിടാന്‍ പ്രത്യേക കൂട്ടായ്മക്കും യോഗം രൂപം നല്‍കും.

chandrika: