X

ഹര്‍ത്താല്‍: അക്രമം നടത്തിയവര്‍ പോക്‌സോ നിയമപ്രകാരവും കുടുങ്ങും

തിരുവനന്തപുരം: സമൂഹമാധ്യമങ്ങള്‍ വഴി ആഹ്വാനം നല്‍കിയ ഹര്‍ത്താലിന്റെ മറവില്‍ അക്രമം നടത്തിയവര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരവും കേസെടുക്കാന്‍ നിര്‍ദേശം. കൊല്ലപ്പെട്ട കുട്ടിയുടെ പേര് പരസ്യമാക്കിയതിനാണു പ്രതികള്‍ക്കെതിരെ പോക്‌സോ നിയമം കൂടി ചുമത്താന്‍ ആഭ്യന്തരവകുപ്പ് നിര്‍ദേശം നല്‍കിയത്.

മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ചിത്രവും പേരുമുളള പ്ലക്കാര്‍ഡുകളേന്തിയാണു ഹര്‍ത്താല്‍ അനുകൂലികള്‍ പ്രകടനം നടത്തിയത്. വാഹനങ്ങളെയും വഴിയാത്രക്കാരെയും ആക്രമിച്ച സംഭവത്തിലും സ്ഥാപനങ്ങള്‍ കൊളളയടിച്ച കേസിലുമായി അറസ്റ്റിലായ പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ട്.

കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പേരുവിവരങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രതികള്‍ പ്രചരിപ്പിച്ചിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. കുട്ടിയുടെ പേരു പരസ്യമാക്കുന്നതില്‍ ഭാഗമായിട്ടുണ്ടെന്നു തെളിഞ്ഞാല്‍ പ്രതികള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കൂടി കേസെടുക്കാനാണു നിര്‍ദേശം.

ഹര്‍ത്താല്‍ ദിനത്തില്‍ ജില്ലയില്‍ അക്രമം നടത്തിയതിന്റെ പേരില്‍ 405 പേരാണ് അറസ്റ്റിലായത്. ഇതില്‍ 115 പേര്‍ റിമാന്‍ഡിലാണ്. ഹര്‍ത്താലിന്റെ മറവില്‍ കടകള്‍ കുത്തിത്തുറന്നു കവര്‍ച്ച നടത്തിയവരും അറസ്റ്റിലായവരുടെ പട്ടികയിലുണ്ട്. വരും ദിവസങ്ങളിലും കൂടുതല്‍ പേരുടെ അറസ്റ്റുണ്ടാകുമെന്നാണ് വിവരം.

chandrika: