X
    Categories: indiaNews

പെട്രോള്‍ വിലക്കയറ്റം ഇരുചക്ര വാഹന വിപണിയെ പിടിച്ചുലച്ചോ?

കണ്ണൂര്‍: പെട്രോള്‍ വിലക്കയറ്റം ഇരുചക്രവാഹനവിപണിയെ ദോഷകരമായി ബാധിച്ചതായി കണക്കുകള്‍. കഴിഞ്ഞ വര്‍ഷത്തെ വില്‍പ്പനെയെക്കാള്‍ അഞ്ച് ലക്ഷം യൂനിറ്റിന്റെ കുറവുണ്ടായതായി മോട്ടോര്‍ വാഹന വില്‍പ്പന കണക്കില്‍ വ്യക്തമാകുന്നു.

രാജ്യത്തെ ആറ് പ്രധാന ഇരുചക്രവാഹന നിര്‍മ്മാതാക്കള്‍ക്കും വില്‍പ്പനയില്‍ വലിയ ഇടിവുണ്ടായിട്ടുണ്ട്. ഡാറ്റ പ്രകാരം, 2021 ഒക്ടോബറില്‍, മൊത്തം 14,77,313 യൂണിറ്റുകളാണ് വിറ്റതെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ 2020 ഒക്ടോബറില്‍ 19,85,690 യൂണിറ്റുകളുടെ വില്‍പ്പന നടന്നിരുന്നു. വില്‍പ്പനയില്‍ 26 ശതമാനത്തിന്റെ വാര്‍ഷിക ഇടിവാണ് രേഖപ്പെടുത്തിയത്.

തുടര്‍ച്ചയായി കുതിച്ചുയരുന്ന പെട്രോള്‍ വില രാജ്യത്തുടനീളം ലിറ്ററിന് 100 രൂപ കടന്നതാണ് ഈ വില്‍പ്പന തകര്‍ച്ചയുടെ മുഖ്യ കാരണമായി വിലയിരുത്തപ്പെടുന്നത്. ഇന്ധന വിലവര്‍ദ്ധനവ് ആദ്യം ബാധിക്കുന്നത് എന്‍ട്രി ലെവല്‍ കമ്മ്യൂട്ടര്‍ മാര്‍ക്കറ്റിനെയാണ്. സാധാരണഗതിയില്‍ നിര്‍മ്മാതാക്കള്‍ക്ക് മികച്ച വരുമാനം നല്‍കുന്ന വിഭാഗമാണ് കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിള്‍ മാര്‍ക്കറ്റ്. ഈ വാഹനങ്ങള്‍ വാങ്ങുന്നവരില്‍ നല്ലൊരു പങ്കും ഗ്രാമീണരാണ്. അതുകൊണ്ടുതന്നെ കുതിച്ചുയരുന്ന ഇന്ധനവില കാരണം ഇവര്‍ തല്‍ക്കാലം വിപണിയെ കയ്യൊഴിഞ്ഞു.

നിലവില്‍ രാജ്യത്തെ ഇരുചക്രവാഹന വിപണിയുടെ 35 ശതമാനം വിഹിതമുള്ള ഹീറോ മോട്ടോകോര്‍പ്പ് 33 ശതമാനം വില്‍പ്പന ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ മാസം ആഭ്യന്തര വിപണിയില്‍ 5,27,779 യൂണിറ്റുകള്‍ വിറ്റു. 2020 ഒക്ടോബറില്‍ 7,91,137 ആയിരുന്നു വിറ്റത്.
ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ കഴിഞ്ഞ മാസം 20 ശതമാനം ഇടിവ് രേഖപ്പെടുത്തി. 2020 ഒക്ടോബറില്‍ 4,94,459 എണ്ണമായിരുന്നു വിറ്റത്. ഈ വര്‍ഷം മൊത്തം 3,94,623 യൂണിറ്റാണ് വിറ്റത്.

14.24 ശതമാനം വിപണി വിഹിതമുള്ള മൂന്നാം സ്ഥാനക്കാരായ ടിവിഎസ് മോട്ടോര്‍ കമ്പനി കഴിഞ്ഞ മാസം മൊത്തം 2,58,777 യൂണിറ്റുകള്‍ രാജ്യത്ത് വിറ്റു. 2020 ഒക്ടോബറില്‍ 3,01,380 എണ്ണം ആയിരുന്നു വിറ്റത്. വാര്‍ഷികാടിസ്ഥാനത്തില്‍ 14 ശതമാനം ഇടിവ്. ബജാജ് ഓട്ടോ ആഭ്യന്തര ഇരുചക്രവാഹന വിപണിയില്‍ 2021 ഒക്ടോബറില്‍ മൊത്തം 198,738 ബൈക്കുകള്‍ വിറ്റു. 2020 ഒക്ടോബറില്‍ 2,68,631 എണ്ണം വിറ്റ സ്ഥാനത്താണിത്. 26 ശതമാനം ആണ് വില്‍പ്പന ഇടിവ്.
ബുള്ളറ്റ് നിര്‍മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് കഴിഞ്ഞ മാസം 40,611 മോട്ടോര്‍സൈക്കിളുകള്‍ വിറ്റു. 2020 ഒക്ടോബറില്‍ ഇത് 62,858 യൂണിറ്റായിരുന്നു ഇത്. 35 ശതമാനമാണ് ഇടിവ്.

കഴിഞ്ഞ മാസം 56,785 യൂണിറ്റുകള്‍ വിറ്റ സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ വാര്‍ഷിക വില്‍പ്പനയില്‍ 16 ശതമാനം ഇടിവ് രേഖപ്പെടുത്തി. 2020 ഒക്ടോബറില്‍ 67,225 ആയിരുന്നു വിറ്റത്. ഇന്ധനവില കുറയുന്നില്ലെങ്കില്‍, ഇരുചക്രവാഹന വിഭാഗത്തിലെ മൊത്തത്തിലുള്ള വില്‍പ്പന എണ്ണം ഇനിയും കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹന ഉടമസ്ഥതയുടെ വര്‍ദ്ധിച്ചുവരുന്ന ചിലവും വ്യാപകമായ ഇന്ധന വില വര്‍ദ്ധനവും ഉപഭോക്താക്കളുടെ താല്‍പര്യങ്ങളെ ബാധിച്ചിട്ടുണ്ട്. അതേസമയം കോവിഡ് മഹാമാരിയെ അതിജീവിക്കാനുള്ള സംവിധാനങ്ങള്‍ വേഗത്തിലായാല്‍ ടൂവീലര്‍ വ്യവസായം തിരികെയെത്തുമെന്നാണ് പ്രതീക്ഷ.

 

 

web desk 3: