X
    Categories: indiaNews

ഹാത്രാസ്: മാധ്യമങ്ങളേയും പ്രതിപക്ഷത്തെയും തടഞ്ഞ് യോഗി മറച്ചുപിടിക്കാന്‍ ശ്രമിക്കുന്ന പ്രധാനരഹസ്യം ഇതാണ്

ലക്‌നൗ: ഹാത്രാസില്‍ ദളിത് പെണ്‍കുട്ടി ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ടതിന് പിന്നാലെ യുപിയില്‍ നിന്ന് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വാര്‍ത്തകളാണ്. പെറ്റമ്മയെപ്പോലും പെണ്‍കുട്ടിയുടെ മൃതദേഹം ഒരുനോക്ക് കാണിക്കാതെ പൊലീസ് തന്നെ നേരിട്ട് മൃതദേഹം കത്തിച്ചു കളയുന്നു, രാഹുല്‍ ഗാന്ധിയെപ്പോലുള്ള ദേശീയ നേതാക്കളെപ്പോലും പൊലീസ് കയ്യേറ്റം ചെയ്ത് തിരിച്ചയക്കുന്നു, പെണ്‍കുട്ടിയുടെ വീട്ടുകാരെ ബന്ദികളാക്കുന്നു, ഗ്രാമം മുഴുവന്‍ പൊലീസ് വളയുന്നു, മാധ്യമങ്ങളെ മുഴുവന്‍ യുപി അതിര്‍ത്തിയില്‍ തടയുന്നു. എന്താണ് ഇത്രമേല്‍ പണിപ്പെട്ട് യോഗി സര്‍ക്കാര്‍ മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നത്? യുപി സര്‍ക്കാറിന്റെ ഭ്രാന്തന്‍ ചെയ്തികള്‍ ആരിലും സ്വാഭാവികമായി ഉണ്ടാക്കുന്ന ഒരുചോദ്യമാണിത്.

ഇതിന്റെ വേരുകള്‍ അന്വേഷിക്കുമ്പോഴാണ് ബിജെപിയും സംഘപരിവാറും കൊട്ടിഘോഷിക്കുന്ന വിശാല ഹിന്ദു ഐക്യത്തിനപ്പുറം ആര്‍എസ്എസ്-ബിജെപി അച്ചുതണ്ട് ഉയര്‍ത്തിപ്പിടിക്കുന്ന ജാതിരാഷ്ട്രീയം പുറത്തുവരുന്നത്. ഹാത്രാസിലെ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ആ പ്രദേശത്തെ മേല്‍ജാതിക്കാരാണ്. ഏറെക്കാലമായി ഇവര്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ ദ്രോഹിക്കാറുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതിക്രൂരമായ ജാതിക്കൊലയാണ് ഹാത്രാസില്‍ നടന്നത്. ഇതിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ ലോകമറിയുന്നതില്‍ നിന്ന് മറച്ചുപിടിക്കുക എന്നതാണ് യോഗി സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

ഒരു പെണ്‍കുട്ടിയെ ക്രൂരമായ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയവര്‍ സവര്‍ണ വിഭാഗത്തില്‍ പെട്ടവരായപ്പോള്‍ അവരെ രക്ഷിച്ചെടുക്കാന്‍ ബിജെപി നേതൃത്വം കാണിക്കുന്ന ഉത്സാഹമാണ് ഹാത്രാസില്‍ കാണുന്നത്. പെണ്‍കുട്ടിയുടെ മൃതദേഹം കൊണ്ടുവരുന്നതിന് മുമ്പ് തന്നെ പൊലീസ് കമ്മീഷണറും ജില്ലാ മജിസ്‌ട്രേറ്റും പ്രദേശത്ത് ക്യാമ്പ് ചെയ്ത് എന്താണ് ചെയ്യേണ്ടതെന്ന് വ്യക്തമായ പദ്ധതി തയ്യാറാക്കിയിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തെ തടങ്കലിലാക്കി, ഹൈന്ദവാചാരങ്ങള്‍ പോലും പാലിക്കാതെയാണ് യോഗിയുടെ നേരിട്ടുള്ള നിര്‍ദേശപ്രകാരം പൊലീസ് മൃതദേഹം കത്തിച്ചുകളഞ്ഞത്. മോദിയുടെയും യോഗിയുടെയും ഇന്ത്യയില്‍ ദളിതന്റെ അവസ്ഥയെന്ത് എന്നാണ് ഹാത്രാസില്‍ രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്. ഇത് മറച്ചുപിടിക്കാനുള്ള ശ്രമങ്ങളാണ് ബിജെപി സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: