X

ഹെഡ്‌ഫോണ്‍ പൊട്ടിത്തെറിച്ച് യുവതിക്ക് പൊള്ളലേറ്റു

സിഡ്‌നി: ഹെഡ്‌ഫോണ്‍ പൊട്ടിത്തെറിച്ച് വിമാനയാത്രക്കാരിയായ യുവതിക്ക് പൊള്ളലറ്റു. ചൈനീസ് തലസ്ഥാനമായ ബീജിങില്‍നിന്ന് ഓസ്‌ട്രേലിയയിലെ മെല്‍ബണിലേക്ക് വിമാനത്തില്‍ യാത്ര ചെയ്യുമ്പോഴാണ് സംഭവം.

ബാറ്ററിയിയില്‍ പ്രവര്‍ത്തിക്കുന്ന ഹെഡ്‌ഫോണില്‍ പാട്ടുകേട്ട് മയങ്ങുമ്പോള്‍ ഉച്ചത്തിലുള്ള സ്‌ഫോടനം കേട്ടതായി യുവതി പറഞ്ഞു. പെട്ടെന്ന് തിരിഞ്ഞപ്പോള്‍ മുഖത്ത് പൊള്ളുന്നതുപോലെ തോന്നി. മുഖത്ത് കൈവെച്ചപ്പോള്‍ കഴുത്തില്‍ ഹെഡ്‌ഫോണുകളുണ്ടായിരുന്നു. അസഹ്യമായ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹെഡ്‌ഫോണ്‍ ഊരി നിലത്തേക്കെറിഞ്ഞു. ആ സമയത്ത് അതില്‍നിന്ന് തീപ്പൊരി ചിതറുന്നുണ്ടായിരുന്നു. കത്തിക്കൊണ്ടിരുന്ന ഹെഡ്‌ഫോണുകളില്‍ വിമാന ജീവനക്കാര്‍ വെള്ളമൊഴിച്ചു. തുടര്‍ന്ന് ബാറ്ററിയും കവറും ഉരുകി നിലത്തൊട്ടിപ്പിടിച്ചു. ഹെഡ്‌ഫോണിന് തീപിടിച്ചതുകാരണം വിമാനത്തില്‍ പുക നിറഞ്ഞു.
വിമാനത്തില്‍നിന്ന് പുറത്തിറങ്ങുമ്പോഴും യാത്രക്കാരില്‍ ചിലര്‍ക്ക് ശ്വാസം മുട്ടലും ചുമയും അനുഭവപ്പെട്ടതായി യുവതി പറഞ്ഞു. യാത്രക്കാരിയുടെ പേരുവിവരങ്ങള്‍ അധികൃതര്‍ വെളിപ്പെടുത്തിട്ടില്ല. സംഭവത്തെക്കുറിച്ച് ഓസ്‌ട്രേലിയന്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റ് ബ്യൂറോ അന്വേഷണം തുടങ്ങിയിണ്ട്. ഏതു കമ്പനിയുടെ ഹെഡ്‌ഫോണാണ് പൊട്ടിത്തെറിച്ചതെന്ന് വ്യക്തമല്ല. നേരത്തെ സാംസംങ് നോട്ട് 7 ഫോണുകള്‍ക്ക് വിമാന യാത്രക്കിടെ തീപിടിച്ചത് വന്‍ വാര്‍ത്തയായിരുന്നു. ഇതുകാരണം സാംസങിന്റെ നോട്ട് 7 ഫോണുകള്‍ കൈവശം വെക്കുന്നതിന് പല വിമാനക്കമ്പനികളും വിലക്കേര്‍പ്പെടുത്തി. ഒടുവില്‍ ഈ മോഡലിലുള്ള ഫോണുകള്‍ കമ്പനി വിപണിയില്‍നിന്ന് പിന്‍വലിക്കുകയും ചെയ്തു. ബാറ്ററി തകരാറാണ് ഫോണുകള്‍ക്ക് തീപിടിക്കാന്‍ കാരണമായതെന്ന് കണ്ടെത്തിയിട്ടുണ്ട്.

chandrika: